❝ സൂപ്പർ ⚽🔥 സബ് ഡി ബ്രൂയിന്റെ 👑🇧🇪
മികവിൽ രാജകീയമായി ബെൽജിയം,
ഗ്രൂപ് ⚽🧡 ചാമ്പ്യന്മാരായി 🏆✌️ ഡച്ച് പട ❞

എറിക്സന്റെ എരിയുന്ന കനലുമായി ആദ്യനിമിഷം തന്നെ ഡെന്മാർക്ക് ഗ്രൂപ്പിലെ വമ്പന്മാരെ കൊട്ടി തുടങ്ങി.ബെൽജിയം മുന്നേറ്റ നിരയിലേക്ക് പന്തെത്തിക്കാതെ ഡെന്മാർക്ക് തടഞ്ഞു നിർത്തി. ആദ്യ പകുതി പറ്റിയ മുറിവിനു രണ്ടാം പകുതി വ്യക്തമായ മറു മരുന്നുകളെ ഇറക്കി വിട്ട ബെൽജിയത്തിന്റെ യഥാർത്ഥ മുഖം പിന്നീടങ്ങു ലോകം കണ്ടു. ഒരു മത്സരം ബാക്കി നിൽക്കെ രണ്ടിൽ രണ്ടും നേടി രാജകീയമായി തന്നെ ബെൽജിയംപ്രീ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു .ഗ്രൂപ്പ് ബിയിൽ നടന്ന പോരാട്ടത്തിൽ ഡെൻമാർക്കിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം സ്വന്തമാക്കിയത്. പിന്നിൽ നിന്നും തിരിച്ചു വന്നാണ് ബെൽജിയം വിജയം നേടിയത്.

ആദ്യ പകുതിയിൽ പിന്നിലായ ടീമിനെ തൻ്റെ മികവിലൂടെ തിരിച്ചുകൊണ്ടുവന്ന സൂപ്പർ താരം കെവിൻ ഡിബ്രുയ്‌നെയാണ് കളിയിലെ താരം. മത്സരത്തിൽ ബെൽജിയത്തിൻ്റെ വിജയഗോൾ നേടിയ ഡിബ്രുയ്‌നെ തന്നെയാണ് ടീമിൻ്റെ ആദ്യ ഗോളിന് വഴിയൊരുക്കിയതും.പരുക്ക് മൂലം ആദ്യ മത്സരം നഷ്ടപെട്ട താരം ഇന്നത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ ഇറങ്ങിയ താരം ശെരിക്കും ഒരു സൂപ്പർ സബ്ബ് ആവുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കളിയിൽ ഗോൾ നേടിയപ്പോൾ അത് അഘോഷിക്കാതെയിരുന്നതും താരത്തിൻ്റെ ഇന്നത്തെ പ്രകടനത്തിൻ്റെ മൂല്യം ഏറ്റുന്ന ഒന്നായിരുന്നു.

ബെൽജിയത്തെ ഞെട്ടിച്ചു കൊണ്ടാണ് ഡെന്മാർക്ക് തുടങ്ങിയത്. രണ്ടാം മിനുട്ടിൽ തന്നെ അവർ ലീഡ് എടുത്തു. ബെൽജിയം ഡിഫൻസിന്റെ ഒരു മിസ് പാസ് കൈക്കലാക്കി മുന്നേറിയ ഡെന്മാർക്കിനായി പൗൾസനാണ് ഗോൾനേടിയത്. ഈ ഗോളിൽ ഞെട്ടിയ ബെൽജിയം താളം കണ്ടെത്താൻ വിഷമിച്ചു. ഒന്നിനു പിറകെ ഒന്നായി ഡെന്മാർക്ക് ആക്രമണങ്ങളും തുടക്കത്തിൽ കണ്ടു. എന്നാൽ പതിയെ ബെൽജിയം കളത്തിലേക്ക് തിരികെ വന്നു.രണ്ടാം പകുതിയുടെ തുടക്കത്തിലാണ് മാർട്ടിനെസ് ഡി ബ്രുയിനെ സബ്ബായി എത്തിച്ചത്. ഇത് ബെൽജിയത്തിന്റെ കളി തന്നെ മാറ്റി. 54ആം മിനുട്ടിൽ അവർ സമനില ഗോളും കണ്ടെത്തി. ലുകാകു തുടങ്ങി വെച്ച അറ്റാക്കിൽ പന്ത് ഡിബ്രുയിന്റെ കാലിലേക്ക് എത്തി. ഡെന്മാർക്ക് ഡിഫൻസിനെ വേറെ ദിശയിലേക്ക് അയച്ച് ഡിബ്രുയിം പന്ത് പാസ് ചെയ്തു. അത് തൊട്ടു കൊടുക്കേണ്ട പണിയെ തോർഗൻ ഹസാർഡിനുണ്ടായിരുന്നുള്ളൂ.

എഴുപതാം മിനുട്ടിൽ സുന്ദരമായ ഒരു ടീം ഗോൾ ബെൽജിയത്തെ മുന്നിലും എത്തിച്ചു. ഇത്തവണയും അറ്റാക്ക് തുടങ്ങുയത് ലുകാകു ആയിരുന്നു. വലതു വിങ്ങിൽ ചെന്ന് ഡെന്മാർക്ക് ഡിഫൻസിനെ വട്ടം കറക്കി മുന്നേറിയ ലുകാകു പന്ത് തോർഗൻ ഹസാർഡിന് കൈമാറി. അനിയൻ ഹസാർഡ് ഒറ്റ ടച്ചിൽ പന്ത് ഏട്ടൻ ഹസാർഡിന് നൽകി. ഈഡൻ ഹസാർഡ് വൺ ടച്ചിൽ ഡിബ്രുയിനെ കണ്ടെത്തി. ഡിബ്രുയിന്റെ ഫസ്റ്റ് ടച്ച് ഫിനിഷ് വലയ്ക്കകത്തും. ഈ ടൂർണമെന്റ് കണ്ട ഏറ്റവും മനോഹരമായ ടീം ഗോളായിരുന്നു ഇത്.ഈ ഗോളിന് ശേഷം സമനിലക്കായി ഡെന്മാർക്ക് ശ്രമിച്ചു എങ്കിലും കോർതൊയും ബെൽജിയം ഡിഫൻസും എല്ലാ ആക്രമണങ്ങളും തടഞ്ഞു. 87ആം മിനുട്ടിലെ ബ്രെത്വൈറ്റിന്റെ ഹെഡർ ഗോൾ ബാറിന് ഉരസി പുറത്ത് പോകുന്നതും കാണാൻ ആയി. ബെൽജിയത്തിന് ഇത് ഗ്രൂപ്പിലെ രണ്ടാം വിജയമാണ്.

ഗ്രൂപ്പ് സി പോരാട്ടത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ​ഗോളിന് വീഴ്ത്തി നെതർലൻഡ്സ്. തുടർച്ചയായ രണ്ടാം ജയത്തോടെ ഓറഞ്ച് പട നോക്കൗട്ട് ഉറപ്പിച്ചപ്പോൾ തോൽവി ഓസ്ട്രിയയുടെ നോക്കൗട്ട് പ്രതീക്ഷകൾക്ക് തിരിച്ചടിയായി.പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ലക്ഷ്യമിട്ടുകൊണ്ടാണ് ഇരു ടീമുകളും ആംസ്റ്റര്‍ഡാം അറീനയില്‍ ഇന്നിറങ്ങിയത്. ആദ്യ മത്സരത്തില്‍ ദുര്‍ബലരായ നോര്‍ത്ത് മാസിഡോണിയയെ തോല്‍പ്പിച്ചെത്തിയ ഓസ്ട്രിയക്ക് ഹോളണ്ടിനെതിരായ മത്സരം തീര്‍ത്തും ശ്രമകരമായിരുന്നു.

ആദ്യ പകുതിയിൽ പെനൽറ്റിയിലൂടെ മെംഫിസ് ഡീപേയും രണ്ടാം പകുതിയിൽ ഡെൻസെൽ ഡംഫ്രിസുമാണ് നെതർലൻഡ്സിന്റെ ​ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ ആക്ര മിച്ചു കളിച്ചതും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും നെതർലൻഡ്സായിരുന്നു.എന്നാൽ മുന്നേറ്റ നിരയിൽ മെംഫിസ് ഡീപേ അവസരങ്ങൾ കളഞ്ഞു കുളിച്ചപ്പോൾ നെതർലൻഡ്സ് ജയം രണ്ട് ​ഗോളിലൊതുങ്ങി. രണ്ട് ​ഗോളിന് തോറ്റെങ്കിലും അപ്രതീക്ഷിത പ്രത്യാക്രമ ണങ്ങിളൂടെ ഓസ്ട്രിയ ഓറഞ്ച് പടയെ കളിയിലുടനീളം വലച്ചു.പന്ത് കൈവശം വെക്കുന്നതിൽ ഓസ്ട്രിയ ഏതാണ്ട് നെതർ‌ലൻഡ്സിനൊപ്പം പിടിച്ചു. എന്നാൽ ലക്ഷ്യത്തിലേക്ക് ഒവർക്ക് ഒരു തവണ മാത്രമാണ് ഷോട്ടുതിർക്കാനായത്.

പത്താം മിനിറ്റിൽ ഡംഫ്രിസിനെ ബോക്സിൽ ഫൗൾ ചെയ്തതിന് വാർ പരിശോധനയിലൂടെയാണ് നെതർലൻഡ്സിന് അനുകൂലമായി പെനൽറ്റി വിധിച്ചത്. പിഴവുകളേതുമില്ലാതെ ഡീപേ പന്ത് വലയിലാക്കി. 67ആം മിനുട്ടിൽ ഡംഫ്രീസിലൂടെ ഹോളണ്ട് രണ്ടാം ഗോള്‍ നേടി. ഡീപേ മൈതാന മധ്യത്തു നിന്നു നല്‍കിയ പാസ് സ്വീകരിച്ച് കുതിച്ച മലെന്‍ ഗോള്‍ പോസ്റ്റിന് മുന്നില്‍ വെച്ച് പന്ത് ഡംഫ്രൈസിന് കൈമാരുകയായിരുന്നു. ഡംഫ്രീസ് അത് അനായാസം വലയില്‍ എത്തിച്ചു.ഈ വിജയത്തോടെ ഹോളണ്ട് 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് എത്തി. ഈ വിജയം പ്രീക്വാർട്ടർ ഉറപ്പിക്കുന്നതോടൊപ്പം ഹോളണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരാകും എന്നും ഉറപ്പാക്കി. ഡച്ച് നിരയിൽ ബാഴ്സ മിഡ്ഫീൽഡർ ഡി ജോംഗ് മികിച്ച പ്രകടനം പുറത്തെടുത്തു.