❛❛സഞ്ജു സാംസൺ 2.0❜❜ ; സഞ്ജുവിന്റെ പുതിയ കളികൾ ആരാധകർ കാണാനിരിക്കുന്നെയൊള്ളു |Sanju Samson

ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന അയർലൻഡിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് സെലക്ടർമാർ പ്രഖ്യാപിച്ചത്. മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്ന ടീം തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. കാരണം, മലയാളികളുടെ എല്ലാമെല്ലാമായ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെയും അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

ഐപിഎൽ 2022-ൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് പരിഗണിക്കാതിരുന്നത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ഇതിനെതിരെ, ആരാധകരും പല മുൻ ഇന്ത്യൻ താരങ്ങളും ഇന്ത്യൻ സെലക്ടർമാർക്ക് നേരെ വിമർശനങ്ങളുമായി രംഗത്തുവന്നിരുന്നു. ഐപിഎൽ 2022-ൽ 17 കളിയിൽ നിന്ന് 2 അർധസെഞ്ച്വറികൾ സഹിതം 458 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. മാത്രമല്ല, രാജസ്ഥാൻ റോയൽസ് നായകൻ കൂടിയായിരുന്ന സഞ്ജു, തന്റെ ടീമിനെ ഫൈനലിൽ എത്തിച്ച് ക്യാപ്റ്റൻസിയിലും തന്റെ കഴിവ് തെളിയിച്ചിരുന്നു.

എന്തുതന്നെയായാലും, ഇപ്പോൾ സഞ്ജുവിന് തീർച്ചയായും അർഹതക്കുള്ള അംഗീകാരം തന്നെയാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ, ഇന്ത്യൻ ടീമിൽ സ്ഥിരത പുലർത്തുന്നില്ല എന്നതാണ് സഞ്ജു സ്ഥിരം കേൾക്കാറുള്ള പഴി. ഇനി അവസരം ലഭിക്കുമ്പോൾ അത് മുതലെടുത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആയാൽ, ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സഞ്ജുവിന്റെ സാന്നിധ്യം നമുക്ക് പ്രതീക്ഷിക്കാം.

2015-ൽ സിംബാവക്കെതിരെയാണ് സഞ്ജു സാംസൺ ആദ്യമായി ഇന്ത്യൻ ജേഴ്‌സി അണിയുന്നത്. ഇന്ത്യക്ക് വേണ്ടി 13 ടി20 മത്സരങ്ങളിൽനിന്ന് 14.50 ശരാശരിയിൽ 174 റൺസാണ് സഞ്ജു നേടിയിരിക്കുന്നത്. ഇന്ത്യൻ കുപ്പായത്തിൽ ഒരു ഏകദിന മത്സരം കളിച്ച സഞ്ജുവിന്റെ സമ്പാദ്യം 46 റൺസാണ്. മികച്ച പ്രകടനം പുറത്തെടുത്ത് സഞ്ജുവിന് ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമാകാൻ ആകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Rate this post