മത്സരത്തിനിടയിൽ വംശീയാധിക്ഷേപമെന്ന് നെയ്മര്‍, ഡി മരിയ ചെയ്തത് ഫുട്‌ബോളിന് നിരക്കാത്തത്, പിഎസ്ജിക്ക് തിരിച്ചടിയാവുമോ ?

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയും മാര്‍സെയും തമ്മിലുള്ള മത്സരം കൈയ്യാങ്കളിയിലാണ് അവസാനിച്ചത്. പിഎസ്ജിയുടെ സൂപ്പര്‍ താരം നെയ്മര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. മാര്‍സെലെയുടെ അല്‍വാരോ ഗോണ്‍സാലസിന്റെ തൊഴിച്ചതിനാണ് നെയ്മര്‍ പുറത്തു പോകേണ്ടി വന്നത്. തന്നെ വംശീയമായി അധിക്ഷേപിച്ചതാണ് പ്രകോപനമെന്ന് നെയ്മര്‍ ആരോപിച്ചു. അവന്റെ മുഖത്തടിക്കാതെ ഗ്രൗണ്ട് വിട്ടതില്‍ മാത്രമാണ് ഖേദം – ട്വിറ്ററിലൂടെ ബ്രസീലിയന്‍ താരം തന്റെ അരിശം പ്രകടിപ്പിച്ചു.

എന്നാല്‍, നെയ്മറിന്റെ ആരോപണത്തെ ഗോണ്‍സാലസ് ട്വിറ്ററിലൂടെ പ്രതിരോധിച്ചു. തന്റെ കരിയറില്‍ വംശീയതക്ക് സ്ഥാനമില്ല. ഇക്കാലയളവില്‍ നിരവധി സഹതാരങ്ങളുമായി ഇടപഴകി, അവരോടെല്ലാം സൗഹൃദം മാത്രമാണുള്ളത്. മത്സരം തോല്‍ക്കാന്‍ എന്താണ് കാരണം എന്ന് പരിശോധിക്കുകയാണ് നെയ്മര്‍ ചെയ്യേണ്ടത്, തോല്‍വി അംഗീകരിക്കുകയാണ് വേണ്ടത്, ഞങ്ങള്‍ക്ക് വിലപ്പെട്ട മൂന്ന് പോയിന്റ് ലഭിച്ചു – ഗോണ്‍സാലസ് പറഞ്ഞു.

നെയ്മറിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മാര്‍സെയുടെ കോച്ച് ആന്ദ്രെ വിലാസ് ബോസ് പറഞ്ഞു. ഫുട്‌ബോളില്‍ വംശീയതക്ക് സ്ഥാനമുണ്ടാകരുത്, അങ്ങനെയൊന്നും മത്സരത്തിനിടെ സംഭവിച്ചിട്ടില്ലെന്നാണ് വിശ്വാസം. വലിയ വീഴ്ച സംഭവിച്ചത് ഡി മരിയക്കാണ്. എതിര്‍ താരത്തിന്റെ മുഖത്ത് തുപ്പിയതാണ് പ്രശ്‌നം വഷളാക്കിയത്. ഇതൊന്നും അംഗീകരിക്കാനാകില്ല – വിലാസ് ബോസ് പറഞ്ഞു.

1984-85 സീസണിന് ശേഷം പിഎസ്ജി ലീഗ് സീസണിലെ ആദ്യ രണ്ട് മത്സരവും തോറ്റിരിക്കുകയാണ്.ചാമ്പ്യന്‍മാരായ പി എസ് ജിക്കെതിരെ ഏറ്റവും മികച്ച വിജയമാണ് ടീം നേടിയത്. 2-0 മാര്‍ജിനില്‍ ജയിക്കേണ്ടതായിരുന്നു. റഫറി എന്തിനാണ് രണ്ടാം ഗോള്‍ നിഷേധിച്ചതെന്ന് അറിയില്ല – വിലാസ് ബോസ് പറഞ്ഞു.