❝ പി.എസ്.ജിയുമായി ✍️🚫 കരാർ പുതുക്കാൻ
തയ്യാറാവാതെ നെയ്മർ, 🔵🔴 ബാഴ്സയിലേക്ക്
സ്വാഗതം ചെയ്ത് പ്രസിഡന്റും ❞

പിഎസ്ജി യുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ബാഴ്സലോണയിലേക്ക് തിരിച്ചു വരുന്നു എന്ന് റിപോർട്ടുകൾ. പുതിയ പ്രസിഡന്റ് ലപോർട്ടായാണ് നെയ്മറെ തിരികെയെത്തിക്കാൻ താല്പര്യം എടുക്കുന്നത്. 2017 ൽ ലോക റെക്കോർഡ് തുകയ്ക്കാണ് നെയ്മർ പാരിസിൽ ചേരുന്നത്. പിഎസ്ജി യിൽ നെയ്‍മർക്ക് 2022 വരെയാണ് കരാറുള്ളത്.കരാർ വിപുലീകരണത്തിൽ ഒപ്പിടാൻ നെയ്മർ വിസമ്മതിക്കുന്നു എന്ന് പുതിയ റിപോർട്ടുകൾ വന്നിരുന്നു. യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച വാർത്തകളിൽ നിറഞ്ഞു നിന്ന പിഎസ്ജി നെയ്മറെയും ,കൈലിയൻ എംബപ്പെയെയും നിലനിർത്താനുള്ള ശ്രമത്തിലാണ്.

എന്നാൽ ബാഴ്സലോണയിൽ നിന്ന് ഓഫർ വരുകയാണെങ്കിൽ ആ കരാർ നടക്കുന്നതിന് വേതനം വെട്ടിക്കുറക്കാനും നെയ്മർ തയ്യാറാണെന്നാണ് സ്പാനിഷ് മാധ്യമായ മാർക്ക പറയുന്നത്. ഇത് താരം ബാഴ്സലോണയിലെത്താനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുണ്ടെന്നാണ് അഭിപ്രായം .എന്നാൽ ബാഴ്സയുടെ ഇപ്പോളത്തെ സാമ്പത്തിക സ്ഥിതി ഈ ട്രാൻസ്ഫറിന് ഒരു വെല്ലുവിളിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്.


നെയ്മറെ തിരികെ കൊണ്ടുവരുന്നതിലൂടെ രണ്ടു കാര്യങ്ങളാണ് ബാഴ്സലോണ ലക്ഷ്യ വെക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനും ഈ സമ്മറിൽ തങ്ങളുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയെ ക്ലബ്ബിൽ നിലനിർത്തുന്നതിനും.തന്റെ അടുത്ത സുഹൃത്തായ നെയ്മറെത്തിയാൽ മെസിയും ബാഴ്സയിൽ തുടരാൻ തീരുമാനിച്ചേക്കുമെങ്കിലും, നെയ്മറുടെ ട്രാൻസ്ഫർ ഫീയും, ശമ്പളവും ഇപ്പോളത്തെ സാഹചര്യത്തിൽ ബാഴ്സക്ക് താങ്ങാനാകുമോ എന്നതാണ് ചോദ്യ ചിഹ്നമായി നിൽക്കുന്നത്.

മുന്നേറ്റ നിരയിൽ അടുത്ത സീസണിൽ എന്തായാലും ഒരു മികച്ച സ്‌ട്രൈക്കർ ടീമിലെത്തിക്കാൻ ലപോർട്ട പദ്ധതി ഇട്ടിട്ടുണ്ട്. ഡോർട്മുണ്ട് താരം ഹാലാൻഡിനെയാണ് പരിഗണിച്ചതെങ്കിലും വൻ തുകയാണ് ആവശ്യപെടുന്നത് ഇക്കാരണത്താലാണ് ബാഴ്സ നെയ്മറെയും പരിഗണിക്കുന്നത്. ഇവരെ കൂടാതെ ഫ്രീ ഏജന്റുമാരായ ഡിപെ , അഗ്യൂറോ എന്നി സ്‌ട്രൈക്കർമാരെയും ബാഴ്സ പരിഗണിക്കുന്നുണ്ട്.