❝ ഒന്നും രണ്ടും അല്ല 💰3OO മില്യൺ 😲 യൂറോ.
ഫുട്‍ബോൾ ⚽⚡ ചരിത്രം തകിടം മറിക്കുന്ന
റെക്കോർഡ് ❞

ആധുനിക ഫുട്ബോളിൽ റൊണാൾഡോക്കും മെസ്സിക്കും ഒപ്പം പിടിച്ചു നില്ക്കാൻ കെൽപ്പുള്ള താരമാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ . യൂറോപ്പിലെ ഏതൊരു വമ്പൻ ക്ലബും ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്ന താരവും കൂടിയാണ് പിഎസ്ജി സ്‌ട്രൈക്കർ. നെയ്മറുമായി ബന്ധപ്പെടുത്തി നിരവധി ട്രാൻസ്ഫർ വാർത്തയാണ് ഓരോ ദിവസം പുറത്തു വരുന്നത്. 2019 ൽ ലോകറെക്കോർഡ് തുകയായ 300 മില്ല്യൺ യൂറോ നൽകി ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ സ്വന്തമാക്കാൻ സ്പാനിഷ്‌ വമ്പന്മാരായ റയൽ മാഡ്രിഡ് രംഗത്തെത്തിയിരുന്നതായും എന്നാൽ പിഎസ്ജി അത് നിരസിച്ചു എന്നുമാണ് വാർത്തകൾ.നെയ്മറുടെ മുൻ ഏജന്റായിരുന്ന വാഗ്നർ റിബൈറോയാണ് ഇത് വെളിപ്പെടുത്തിയത്.

“അക്കാലത്ത് (2019 ൽ) നെയ്മർ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതിനോട് അടുത്തിരുന്നു. അദ്ദേഹത്തിനായി 300 മില്ല്യൺ യൂറോ വരെ നൽകാൻ റയൽ തയ്യാറായിരുന്നു. ഫ്ലോറന്റിനോ പെരസ് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. എന്നാൽ പി എസ് ജി പ്രസിഡന്റ് അതിനെ എതിർത്തു. ഒരു ബില്ല്യൺ തന്നാലും നെയ്മറെ ക്ലബ്ബിൽ നിന്ന് വിടില്ലെന്ന് അദ്ദേഹം പറഞ്ഞു.” നെയ്മറുടെ മുൻ ഏജന്റായ വാഗ്നർ റിബൈറോ എൽ എക്വിപ്പിനോട് പറഞ്ഞു .


യുവേഫ ചാമ്പ്യൻസ് ലീഗിലെ പിഎസ്ജി യുടെ കിരീട വരൾച്ച അവസാനിപ്പിക്കാൻ നെയ്മറിന് സാധിക്കുമെന്ന് മുൻ ഏജന്റും പറഞ്ഞു . ഈ സീസണിൽ നെയ്മർ തന്റെ കന്നി ബാലൺ ഡി ഓർ ബഹുമതി നേടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “അവൻ അവിടെ സന്തുഷ്ടനാണ്. ലോകത്തിലെ ഒരു ക്ലബിനും നെയ്മറിന് പി‌എസ്‌ജിക്ക് ഓഫർ വാഗ്ദാനം ചെയ്യാൻ കഴിയില്ല. അവർക്ക് മാത്രമേ നെയ്മറെ താങ്ങാനാകൂ. മാഡ്രിഡിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. ബാഴ്‌സ? ഇതിലും മോശമാണ്. അദ്ദേഹം മികച്ച ജീവിതം നയിക്കുകയും വളരെ നല്ല ടീമിനായി കളിക്കുകയും ചെയ്യുന്നു. ഈ സീസണിൽ അവർ ചാമ്പ്യൻസ് ലീഗ് ജയിക്കും, നെയ്മർ ബാലൺ ഡി ഓർ നേടും , ”റിബെയ്‌റോ പറഞ്ഞു.

അതേ സമയം 2017 ൽ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് പി എസ് ജി‌യിലെത്തിയ നെയ്മറിന്റെ ക്ലബ്ബുമായുള്ള അഞ്ച് വർഷ കരാർ അടുത്ത വർഷം ജൂണിൽ അവസാനിക്കാനിരിക്കുകയാണ്. നെയ്മറുമായുള്ള കരാർ നീട്ടാൻ‌ പി എസ് ജി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും താരം ഇക്കാര്യത്തിൽ തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ല. പി എസ് ജി ജേഴ്സിയിൽ ഇതു വരെ 106 മത്സരങ്ങൾ കളിച്ചിട്ടുള്ള ബ്രസീലിയൻ താരം 83 ഗോളുകൾ നേടിയതിനൊപ്പം 49 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്‌. ഈ സീസണിൽ കളിച്ച 21 മത്സരങ്ങളിൽ 13 ഗോളുകളും, 8 അസിസ്റ്റുകളുമാണ് അദ്ദേഹം ക്ലബ്ബിനായി നേടിയിട്ടുള്ളത്.