നെയ്മർക്ക് വിലക്കിന് സാധ്യത

ഫ്രഞ്ച് ലീഗ് 1 ൽ മാഴ്സെക്കെതിരായുള്ള മത്സരത്തിലെ കയ്യാകളിക്ക് സൂപ്പർ താരം നെയ്മറിനു 7 കളികളിൽ വിലക്ക് വരൻ സാധ്യത. ചാമ്പ്യൻസ് ലീഗ് ഫൈനലിലെ തോൽവി മുതൽ എല്ലാം പാളിയിരിക്കുകയാണ് പാരീസ് താരത്തിന്.ഇന്നലെ മാഴ്സെക്ക് എതിരായി നടന്ന മത്സരത്തിൽ നെയ്മർ മാഴ്സെ താരമായ‌ ആൽവാരോയെ കയ്യേറ്റം ചെയ്തതിന് ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. ഈ ചുവപ്പ് കാർഡിന് കിട്ടുന്ന മൂന്ന് മത്സരങ്ങളിലെ വിലക്ക് മാത്രമാകില്ല നെയ്മറിനെ തേടി എത്തുക.

നെയ്മറിനെതിരെ കടുത്ത നടപടി എടുക്കാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് ഫുട്ബോൾ അധികൃതർ.നെയ്മർ റെഡ് കാർഡിന് ശേഷം തിരികെ ഡ്രസിങ് റൂമിലേക്ക് പോകുമ്പോ റഫറിക്ക് എതിരെയും തിരിഞ്ഞിരുന്നു. ഇത് കൂടാതെ സാമൂഹിക മാധ്യമത്തിൽ മോശം ഭാഷ ഉപയോഗിച്ച് ആൽവാരോയെയും ഒപ്പം റഫറിയിങ്ങിനെയും നെയ്മർ കുറ്റം പറഞ്ഞിരുന്നു. ഇത് കൂടാതെ ആൽവാരോ തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നും നെയ്മർ ആരോപണം ഉന്നയിച്ചു.

നെയ്മറിന്റെ വംശീയാധിക്ഷേപ ആരോപണം വ്യാജം ആണെങ്കിൽ താരത്തിനെതിരെ കടുത്ത നടപടി തന്നെ ഉണ്ടാകും. ഏഴ് മത്സരം മുതൽ പത്ത് മത്സരം വരെ നെയ്മർ വിലക്ക് നേരിട്ടേക്കാമെന്നാണ് വാർത്തകൾ. ഈ സീസണിൽ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് നിൽക്കുന്ന പി എസ് ജിക്ക് നെയ്മറിന്റെ വിലക്ക് കൂടുതൽ പ്രശ്നങ്ങൾ നൽകും.