റൊണാൾഡോയും പെലെയും ഉൾപ്പെടുന്ന ലോകകപ്പിലെ ബ്രസീലിയൻ എലൈറ്റ് ലിസ്റ്റിൽ നെയ്മറും |Qatar 2022

974 സ്‌റ്റേഡിയത്തിൽ നടന്ന റൗണ്ട് ഓഫ് 16 മത്സരത്തിൽ ദക്ഷിണ കൊറിയയ്‌ക്കെതിരെ ബ്രസീലിന് ഉജ്ജ്വല വിജയം. ആദ്യ പകുതിയിൽ ദക്ഷിണ കൊറിയയ്‌ക്കെതിരെ നാല് ഗോളുകൾ നേടിയ ബ്രസീൽ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. നെയ്മർ, വിനീഷ്യസ് ജൂനിയർ, റിച്ചാർലിസൺ, ലൂക്കാസ് പാക്വെറ്റ എന്നിവർ സ്കോർ ചെയ്ത മത്സരത്തിൽ ബ്രസീൽ 4-1ന് ജയിച്ചു. പൈക് സിയുങ് ഹോയാണ് കൊറിയക്കായി ഗോൾ നേടിയത്.

പരിക്കേറ്റ് ടീമിൽ തിരിച്ചെത്തിയ സൂപ്പർ താരം നെയ്മർ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിൽ ഗോൾ നേടിയത് ബ്രസീൽ ആരാധകരെ കൂടുതൽ ആവേശത്തിലാഴ്ത്തി. ദക്ഷിണ കൊറിയക്കെതിരെ നേടിയ ഗോളോടെ, മൂന്നോ അതിലധികമോ ലോകകപ്പുകളിൽ ഗോൾ നേടുന്ന മൂന്നാമത്തെ ബ്രസീലിയൻ താരമായി നെയ്മർ മാറി. പെലെയും റൊണാൾഡോ നസാരിയോയുമാണ് നേരത്തെ ഈ നേട്ടം കൈവരിച്ച ബ്രസീലുകാർ. പെലെ നാല് വ്യത്യസ്ത എഡിഷനുകളിൽ ഗോൾ നേടിയപ്പോൾ റൊണാൾഡോ മൂന്ന് എഡിഷനുകളിൽ ഗോളടിച്ചു.

2014, 2018, 2022 പതിപ്പുകളിലാണ് നെയ്മർ ഗോൾ നേടിയത്. 2014 ലോകകപ്പിൽ 5 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളാണ് നെയ്മർ നേടിയത്. അതിനു ശേഷം 2018 ലോകകപ്പിൽ നെയ്മർ 5 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ നേടി. ഇപ്പോഴിതാ, 2022 ലോകകപ്പിലെ തന്റെ രണ്ടാം മത്സരത്തിലാണ് നെയ്മർ ഗോൾ നേടിയത്. ദക്ഷിണ കൊറിയക്കെതിരെ നെയ്മർ പെനാൽറ്റി ഗോളാക്കി. ഇതോടെ ബ്രസീൽ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പെലെയുടെ റെക്കോർഡിന് അടുത്തായി നെയ്മർ.

ബ്രസീലിയൻ ദേശീയ ടീമിനായി പെലെ 77 ഗോളുകൾ നേടിയിട്ടുണ്ട്. 123 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച നെയ്മർ 76 ഗോളുകളും ബ്രസീലിന്റെ ജഴ്‌സിയിൽ നേടിയിട്ടുണ്ട്. തന്റെ ലോകകപ്പ് കരിയറിൽ ഇതുവരെ 12 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളാണ് നെയ്മർ നേടിയത്. 1958 നും 1970 നും ഇടയിൽ 14 ലോകകപ്പ് മത്സരങ്ങളിൽ പെലെ 12 തവണ വലകുലുക്കി, റൊണാൾഡോ നസാരിയോ 1998 നും 2006 നും ഇടയിൽ 19 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടി.

Rate this post