❝നെയ്മര്‍ ബാഴ്സലോണയിലേക്കില്ല ; പിഎസ്ജിയുമായി കരാര്‍ പുതുക്കി ബ്രസീലിയൻ ❞

ബ്രസീലിയന്‍ താരം നെയ്മര്‍ പിഎസ്ജി വിട്ട് ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കേള്‍ക്കുന്നുണ്ട്. ഈ ആഴ്ച്ചകളിലും അത്തരം വാര്‍ത്തകളുണ്ടായിരുന്നു. ജുവാല്‍ ലാപോര്‍ട്ട ബാഴ്‌സലോണയുടെ അധ്യക്ഷ സ്ഥാനത്തെത്തിയതോടെ താരത്തെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ ബാഴ്‌സലോണ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പി എസ് ജി താരം നെയ്മർ ക്ലബ് വിട്ടു പോകില്ല എന്ന് ഉറപ്പായി. നെയ്മറും പി എസ് ജിയുമായി പുതിയ കരാർ ധാരണയിൽ എത്തിയതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025 വരെയുള്ള കരാർ ആണ് നെയ്മർ ഒപ്പുവെച്ചത്. 29കാരനായ താരം 2017 മുതൽ പി എസ് ജിക്ക് ഒപ്പം ഉണ്ട്. പി എസ് ജിക്ക് വേണ്ടി ഇതുവരെ 112 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 85 ഗോളുകൾ താരം ഈ സമയം കൊണ്ട് നേടി. ഒപ്പം 51 അസിസ്റ്റും താരം സംഭാവന ചെയ്തു. ക്ലബിനൊപ്പം ഒമ്പത് കിരീടങ്ങളും നെയ്മർ നേടി.


അടുത്ത മൂന്ന് വർഷത്തിൽ ചാമ്പ്യൻസ് ലീഗ് കിരീടം പി എസ് ജി നേടുക ആണെങ്കിൽ വലിയ ബോണസ് ലഭിക്കുന്ന രീതിയിലാണ് നെയ്മറിന്റെ പുതിയ കരാർ. വർഷം 30 മില്യൺ യൂറോയോളമാകും പുതിയ കരാറിലൂടെ നെയ്മർ സമ്പാദിക്കുക‌. ക്ലബിന്റെ ഭാവി പദ്ധതികളിൽ താരം സന്തോഷവാൻ ആണ് എന്ന് താരം കരാർ ഒപ്പുവെച്ചു കൊണ്ട് പറഞ്ഞു. മുമ്പ് പി എസ് ജി വിടാൻ ഏറെ ശ്രമിച്ച താരമാണ് നെയ്മർ. ഈ കരാർ വാർത്ത വന്നതോടെ ബാഴ്സലോണയുടെ നെയ്മറിനെ സ്വന്തമാക്കാം എന്ന പ്രതീക്ഷ അവസാനിച്ചു

ഇത്തവണ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി സെമിയില്‍ പുറത്തായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റതോടെയാണ് പിഎസ്ജിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ കടന്ന ടീമാണ് പിഎസ്ജി. അടുത്ത വർഷം ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്ന ലക്‌ഷ്യം മുൻനിർത്തി തെന്നെയാണ് പാരീസ് നെയ്മാർ നിലനിർത്തുന്നത്. മറ്റൊരു സൂപ്പർ താരമായ എംബാപ്പയെയും പാരിസിൽ തന്നെ നിലനിർത്താനുള്ള ഒരുക്കത്തിലാണ് ക്ലബ്.