❝പ്രീ-സീസൺ ഫ്രണ്ട്ലിയിൽ പെനാൽറ്റി നേടാൻ നാണംകെട്ട ഡൈവ് ചെയ്ത പിഎസ്ജി സൂപ്പർതാരം നെയ്മർ❞|Neymar

ഇന്ന് ഗാംബ ഒസാക്കയ്‌ക്കെതിരായ പിഎസ്‌ജിയുടെ 6-2 പ്രീസീസൺ വിജയത്തിൽ പെനാൽറ്റി നേടാനായി ഡൈവിംഗ് നടത്തിയിരിക്കുകയാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. സൂപ്പർ താരം മത്സരത്തിൽ രണ്ടു ഗോളുകൾ നേടുകയുണ്ടായി.

പാബ്ലോ സരാബിയയുടെ ഗോളിൽ പിഎസ്ജി 1 -0 ത്തിന് മുന്നിട്ട് നിൽക്കുമ്പോൾ പെനാൽറ്റി ബോക്സിൽ നെയ്മർ വീണു. എന്നാൽ ബോക്‌സിനുള്ളിൽ ബ്രസീലിയനും ഒസാക്ക പ്രതിരോധക്കാരനും തമ്മിൽ യാതൊരുവിധ കോണ്ടാക്റ്റുമില്ലെന്നു റീപ്ലേകൾ കാണിച്ചു തന്നു. എന്നാൽ റഫറിയുടെ തീരുമാനം മറിച്ചായിരുന്നു , പിഎസ്ജിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു.

തുടർന്നുള്ള പെനാൽറ്റി കിക്ക് സ്‌കോർ ചെയ്‌ത് തന്റെ ടീമിന് നെയ്മർ 2-0 ലീഡ് നൽകി.ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ, നുനോ മെൻഡസ് എന്നിവരെല്ലാം സ്‌കോർഷീറ്റിൽ ഇടം നേടിയപ്പോൾ ഓപ്പൺ പ്ലേയിൽ നിന്ന് 60-ാം മിനിറ്റിൽ അദ്ദേഹം വീണ്ടും സ്‌കോർ ചെയ്തു. ഏറ്റുമുട്ടലിന് ശേഷം പിഎസ്ജി യുടെ വിജയത്തേക്കാൾ ഓൺലൈനിൽ പ്രധാന ചർച്ചാ വിഷയം ആദ്യ പകുതിയിലെ പെനാൽറ്റി സംഭവമായിരുന്നു.

ആത്യന്തികമായി ഒന്നും അർത്ഥമാക്കാത്ത ഒരു ഗെയിമിൽ വളരെ ദുർബലമായ എതിരാളികൾക്കെതിരെ ഒരു ഗോൾ നേടുന്നതിന് ഇത്രയും കഴിവുള്ള ഒരു കളിക്കാരൻ വിലകുറഞ്ഞ തന്ത്രങ്ങൾ അവലംബിക്കേണ്ടത് എന്തുകൊണ്ടാണെന്ന് പലരും ചോദ്യം ചെയ്തു.