❝ലോക ഫുട്ബോളിലെ സമ്പൂര്‍ണ താരമാര്? ;വേറിട്ട മറുപടിയുമായി നെയ്‌മര്‍ ❞

ലോക ഫുട്ബോളിൽ സമ്പൂർണനായൊരു താരത്തെ ചൂണ്ടിക്കാണിക്കുക എളുപ്പമല്ല. ഓരോ താരങ്ങളും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തർ എന്നതുതന്നെ പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് കംപ്ലീറ്റ് ഫുട്ബോളർക്ക് വേണ്ട സവിശേഷതകൾ എന്തൊക്കെ എന്ന ചോദ്യം നെയ്‌മർ നേരിട്ടത്.അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീലിനായും, ക്ലബ്ബ് ഫുട്ബോളിൽ പി എസ് ജി ക്കായും ഉജ്ജ്വല പ്രകടനങ്ങൾ പുറത്തെടുത്തു കൊണ്ടിരിക്കുന്ന താരത്തിന്റെ മറുപടി കൗതുകകരമായിരുന്നു.

ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കുന്നതിനിടെ ഏതൊക്കെ താരങ്ങളുടെ, എങ്ങനെയുള്ള സവിശേഷതകൾ ഒത്തു ചേർന്നാലാണ് എല്ലാം തികഞ്ഞ, ഒരു സമ്പൂർണ ഫുട്ബോളറാവാൻ കഴിയുക എന്ന ചോദ്യം നെയ്മറിന് നേരിടേണ്ടി വന്നത്.’ഫുട്ബോളിലെ സമ്പൂർണ താരമാകാൻ തന്റെ വലത് കാലും മെസിയുടെ ഇടത് കാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശാരീരികക്ഷമതയും ഇബ്രാഹിമോവിച്ചിന്റെ മെയ്‌വഴക്കവും അനിവാര്യം. ഇതിനൊപ്പം റാമോസിന്റെ ഹെഡിംഗ് മികവും എംബാപ്പെയുടെ വേഗവും ലെവൻഡോവ്‌സ്‌കിയുടെ പൊസിഷനിംഗും എൻഗോളോ കാന്റെയുടെ ടാക്ലിംഗും മാർക്കോ വെറാറ്റിയുടെ ക്രിയേറ്റിവിറ്റിയും കൂടി ചേർന്നാൽ എല്ലാം തികഞ്ഞ കളികാരനാവും’ എന്നാണ് നെയ്‌മറുടെ വാക്കുകള്‍.

നെയ്മർ കഴിഞ്ഞയിടക്ക് തന്റെ ക്ലബ്ബായ പി എസ് ജിയുമായുള്ള കരാർ 2025 വരെ നീട്ടിയിരുന്നു‌. 2020-20 സീസണിൽ പി എസ് ജിക്കായി കളിച്ച 30 മത്സരങ്ങളിൽ 17 ഗോളുകളും, 11 അസിസ്റ്റുകളും നേടിയ നെയ്‌മർ കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ പ്രധാന പ്രതീക്ഷയാണ്. കോപ്പ അമേരിക്കയിൽ നിലവിലെ ചാമ്പ്യൻമാരാണ് ബ്രസീൽ. ഗ്രൂപ്പ് എയില്‍ കൊളംബിയ, ഇക്വഡോര്‍, പെറു, വെനസ്വേല എന്നിവരാണ് ബ്രസീലിന്‍റെ എതിരാളികള്‍. ജൂണ്‍ 15ന് വെനസ്വേലയ്‌ക്കെതിരെയാണ് ബ്രസീലിന്‍റെ ആദ്യ മത്സരം.

ഇതിന് മുമ്പ് ഇക്വഡോറിനും പരഗ്വെയ്‌ക്കുമെതിരെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കും ബ്രസീല്‍. ജൂണ്‍ അഞ്ചിനും ഒന്‍പതിനുമാണ് യഥാക്രമം മത്സരം. കളിച്ച നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്‍റുമായി ഒന്നാം സ്ഥാനക്കാരാണ് നിലവില്‍ ബ്രസീല്‍. മൂന്ന് ജയവുമായി അര്‍ജന്‍റീനയാണ് രണ്ടാമത്. യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിനെ പരിശീലകന്‍ ടിറ്റെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.