മികച്ച കളിക്കാരനുള്ള സാംബ ഗോൾഡ് അവാർഡ് സ്വന്തമാക്കി നെയ്മർ |Neymar

യൂറോപ്പിൽ കളിക്കുന്ന മികച്ച ബ്രസീലിയൻ ഫുട്ബോൾ താരത്തിന് വർഷം തോറും സാംബഫൂട്ട് നൽകുന്ന സാംബ ഗോൾഡ് തുടർച്ചയായ മൂന്നാം തവണയും പിഎസ്ജിയുടെ നെയ്മർ സ്വന്തമാക്കി. ഇത് ആറാം തവണയാണ് നെയ്മർ സാംബ ഗോൾഡ് പുരസ്‌കാരം നേടുന്നത്. 2008 മുതൽ സാംബ ഗോൾഡ് നൽകിവരുന്നു. നേരത്തെ 2014, 2015, 2017, 2020, 2021 വർഷങ്ങളിലാണ് നെയ്മർ സാംബ ഗോൾഡ് പുരസ്‌കാരം നേടിയത്.

2022ൽ പിഎസ്ജിക്ക് വേണ്ടിയുള്ള പ്രകടനത്തിന് നെയ്മറിന് സാംബ ഗോൾഡ് 2022 അവാർഡ് ലഭിച്ചു. മൂന്ന് പാനലുകളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുത്ത മാധ്യമ പ്രവർത്തകരുടെയും സഹ ഫുട്ബോൾ കളിക്കാരുടെയും തീരുമാനത്തിന്റെയും സാംബഫൂട്ടിന്റെ ഓൺലൈൻ വായനക്കാരുടെ വോട്ടുകളുടെയും അടിസ്ഥാനത്തിലാണ് സാംബ ഗോൾഡ് അവാർഡ് ജേതാവിനെ നിർണ്ണയിക്കുന്നത്. ഇത്തവണയും നെയ്മർ പുരസ്കാരം നേടിയതോടെ ഏറ്റവും കൂടുതൽ തവണ സാംബ ഗോൾഡ് പുരസ്കാരം നേടിയ താരമായി നെയ്മർ മാറി.

ഇത്തവണ ഫെബ്രുവരി ഒന്നിന് വോട്ടെടുപ്പ് അവസാനിച്ചെങ്കിലും ഫെബ്രുവരി 15ന് സാംബ ഗോൾഡ് ജേതാവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സംഘാടകരുടെ തീരുമാനം. എന്നാൽ, സാംബ ഗോൾഡ് അവാർഡ് ലഭിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നെയ്മർ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലെത്തി. റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറിനെയും ബെൻഫിക്കയുടെ ലൂക്കാസ് വെരിസിമോയെയും പിന്തള്ളിയാണ് നെയ്മർ സാംബ ഗോൾഡ് 2021 പുരസ്‌കാരം നേടിയത്.

2008-ൽ ബ്രസീലിയൻ ഇതിഹാസം കാക്ക ആദ്യത്തെ സാംബ ഗോൾഡ് അവാർഡ് നേടി. മൂന്ന് തവണ സാംബ ഗോൾഡ് പുരസ്കാരം നേടിയ തിയാഗോ സിൽവയാണ് ഏറ്റവും കൂടുതൽ തവണ പുരസ്കാരം നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമത്. ഈ സീസണിലും പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനമാണ് നെയ്മർ നടത്തുന്നത്. 2021-22 സീസണിൽ പിഎസ്ജിക്ക് വേണ്ടി 28 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ നെയ്മർ 2022-23 സീസണിൽ ഇതുവരെ 25 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post