മുൻ ഇന്ത്യൻ സൂപ്പർ താരത്തിന്റെ തിരിച്ചുവരവിന് ബിസിസിഐ നോ പറയുമോ ?

ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് വിരമിക്കല്‍ പിന്‍വലിച്ച് മല്‍സരരംഗത്തേക്കു മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. വിരമിക്കല്‍ പിന്‍വലിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനായി കളിക്കാനും അവരുടെ ഉപദേശകനാവാനും ആഗ്രഹമുണ്ടെന്ന് യുവി അറിയിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെ വിരമിക്കലില്‍ നിന്നും തിരിച്ചുവരാന്‍ തനിക്കു അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കു യുവി കത്തയക്കുകയും ചെയ്തിരുന്നു. പക്ഷെ യുവിയുടെ മടങ്ങിവരവ് പ്രതീക്ഷിച്ചതു പോലെ എളുപ്പമാവാനിടയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ബിസിസിഐ ഇതിനു അനുമതി നല്‍കാന്‍ സാധ്യത കുറവാണെന്നുമാണ് വിവരം.ബിസിസിഐയുടെ റെക്കോര്‍ഡുകളില്‍ വിരമിച്ച താരങ്ങളുടെ ലിസ്റ്റിലാണ് യുവിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ നിയമപ്രകാരം ഇതില്‍ ഉള്‍പ്പെട്ട ഒരു താരത്തിന് സാധാരണയായി മല്‍സരരംഗത്തേക്കു മടങ്ങിവരാന്‍ അവകാശമില്ല. വിരമിച്ച താരമെന്ന നിലയില്‍ പ്രതിമാസം 22,500 രൂപ ബിസിസിഐ യുവിക്കു നല്‍കുന്നുണ്ട്.ബിസിസിഐ പ്രസിഡന്റ് ഗാംഗുലിക്കു കീഴില്‍ നേരത്തേ ഇന്ത്യക്കു വേണ്ടി നിരവധി മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് യുവി. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദവുമാണ് ഇപ്പോഴുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗാംഗുലി സമ്മതം മൂളിയാലും ബിസിസിഐയിലെ നിമയങ്ങള്‍ യുവിക്കു മല്‍സരരംഗത്തേക്കു മടങ്ങിവരുന്നതിനു തടസ്സമാണ്.

വിരമിച്ച ശേഷം രണ്ടു വിദേശ ലീഗുകളില്‍ യുവി കളിച്ചിരുന്നു. കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20, യുഎഇയിലെ ടി10 ലീഗ് എന്നിവയിലായിരുന്നു ഇത്. അന്താരാഷ്ട്ര ക്രിക്കറ്റ്, ആഭ്യന്തര ക്രിക്കറ്റ് എന്നിവയില്‍ വിരമിക്കുന്ന താരങ്ങള്‍ക്കു മാത്രമേ വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ എന്‍ഒസി നല്‍കാറുള്ളൂ.
(കടപ്പാട് )