2017 ൽ ഒരു അഭിമുഖത്തിൽ, അന്നത്തെ റയൽ മാഡ്രിഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 41 വയസ്സ് വരെ ഫുട്ബോൾ കളിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന അവകാശവാദത്തെ അതിശയത്തോടെയാണ് ആരാധാകർ കേട്ടത്.32 വയസ്സുള്ളപ്പോൾ റൊണാൾഡോ നടത്തിയ അവകാശവാദം ശെരിയാണെന്ന് തെളിയിക്കുന്നതായിയുന്നു കഴിഞ്ഞ ദിവസം 36 ആം ജന്മദിനം ആഘോഷിച്ച റൊണാൾഡോയുടെ നിലവിലുള്ള പ്രകടനങ്ങൾ.

ഇറ്റാലിയൻ ലീഗിൽ 39 ആം വയസ്സിലും എസി മിലാന് മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ കാണുമ്പോൾ റൊണാൾഡോക്ക് 41 ൽ കൂടുതൽ വയസ്സ് വരെ കളിക്കാനാവുമെന്നാണ് ആരാധകർ കണക്കു കൂട്ടുന്നത്.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ പോർച്ചുഗൽ സൂപ്പർ താരം തന്റെ കരിയർ മന്ദഗതിയിലായതിന്റെ ലക്ഷണങ്ങളൊന്നും കളിക്കളത്തിൽ പ്രദർശിപ്പിച്ചിട്ടില്ല.രണ്ട് പതിറ്റാണ്ടായി മൈതാനത്ത് തന്റെ പ്രതിബദ്ധത 100 % ഉറപ്പു വരുത്തുന്ന റൊണാൾഡോ ഇനിയും ഫുട്ബാൾ ലോകം ഭരിക്കും.

36 വയസ്സ് തികഞ്ഞിട്ടും റൊണാൾഡോയുടെ ഫോമിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല.മൈതാനത്ത് കളിക്കുന്നത് തുടരുന്നിടത്തോളം കാലം ആരാധകരുടെ സ്നേഹത്തിന് ഏറ്റവും മികച്ചത് നൽകാനുള്ള പ്രതിജ്ഞാബദ്ധത തനിക്കുണ്ടെന്നാണ് ജന്മദിനത്തിൽ യുവന്റസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത്.കഴിഞ്ഞ മാസം ചെക്ക് ഇതിഹാസം ജോസഫ് ബിക്കാന്റെ 759 ഗോളുകൾ നേടിയ റെക്കോഡിനെ മറികടന്ന് എക്കാലത്തെയും ഉയർന്ന ഗോൾ സ്കോററായി. കുറ്റമറ്റ ഫിറ്റ്നസും, ഡയറ്റിംങ്ങും, അർപ്പണ ബോധവും ,ആത്മവിശ്വാസവും ,ഉയരങ്ങൾ കീഴടക്കാനുള്ള മനസ്സുമാണ് ഇപ്പോഴും റോണോയെ ഫുട്ബോൾ ലോകത്തിന്റെ താക്കോൽ സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.

ഫുട്ബോളിൽ വളരെ വിരളമായിട്ടു മാത്രമാണ് 35 വയസ്സ് കഴിഞ്ഞ താരങ്ങൾ മികവ് പുലർത്തുന്നത്. ഒരു ഇരുപതുകാരന്റെ ശരീര ചലനങ്ങളുമായി മൈതാനത്ത് പറന്നു നടക്കുന്ന റൊണാൾഡോ 41 വയസ്സിനു മുകളിൽ സജീവ ഫുട്ബോളിൽ നിന്നാൽ അത്ഭുതപ്പെടാനില്ല. ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നായ ഇറ്റാലിയൻ സിരി എയിൽ 16 ഗോളുമായി ഒരു 36 കാരനാണ് ടോപ് സ്കോറർ എന്ന് കേൾക്കുമ്പോൾ റൊണാൾഡോയുടെ മികവ് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.17 കളികളിൽ രണ്ട് അസിസ്റ്റുകളും 16 ഗോളുമാണ് താരത്തിന്റെ സമ്പാദ്യം.തന്റെ 36-ാം ജന്മദിനത്തിന് തൊട്ടുപിന്നാലെ യുവന്റസിനായി എ.എസ് റോമയ്ക്കെതിരെ ആദ്യ ഗോൾ നേടിയാണ് ആഘോഷിച്ചത്.

30 വയസ്സ് തികഞ്ഞതിന് ശേഷം 300 ലധികം ഗോളുകൾ നേടാൻ പോർച്ചുഗീസ് താരത്തിനായിട്ടുണ്ട്. ഒരു 36 കാരൻ ക്ലബ്ബിന്റെയും രാജ്യത്തിന്റെയും പ്രധാന താരമായി ഒരേ മികവിൽ കളിക്കുക എന്നത് ലോക ഫുട്ബോളിൽ അതികം കേട്ട് കേൾവിയില്ലാത്ത ഒന്നായിരിക്കും.30 വയസ്സിനു ശേഷം 326 മത്സരങ്ങൾ കളിച്ച റൊണാൾഡോ 300 ഗോളുകളാണ് നേടിയത്. എന്നാൽ 30 വയസ്സിനു മുൻപ് 718 മത്സരങ്ങളിൽ നിന്നും 463 ഗോളുകൾ മാത്രമാണ് നേടിയത്. സാധാരണയായി താരങ്ങൾക്ക് മുപ്പതിന് ശേഷം പലപ്പോഴും ഗോൾ സ്കോറിന് കുറയുമ്പോൾ പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ വീര്യം കൂടി കൂടി വരികയാണ് പോർച്ചുഗീസ് സൂപ്പർ താരത്തിന്.

റയൽ മാഡ്രിഡിൽ 30-ാം വയസ്സിൽ റൊണാൾഡോ 58 ഗോളുകൾ നേടിയപ്പോൾ . 31 ൽ 53 ഉം 32 ആം വയസ്സിൽ 54 ഗോളുകളും നേടി.33 ആം വയസ്സിൽ 49 ഗോളുകൾ നേടിയപ്പോൾ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്ക് മാറി. യുവന്റസിൽ 34 ആം വയസ്സിൽ 45 ഗോളും 35 വയസ്സിൽ 40 ഗോളുകളും നേടി. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ തന്റെ ടീം അംഗങ്ങൾക്കായി 70 അസിസ്റ്റുകളും അദ്ദേഹം നൽകിയിട്ടുണ്ട്.

30 വയസ്സിനു ശേഷം 13 പ്രധാന ട്രോഫികൾ നേടാൻ റൊണാൾഡോക്ക് സാധിച്ചു . ഒരു ലാ ലിഗാ കിരീടം, മൂന്ന് ചാമ്പ്യൻസ് ലീഗുകൾ, രണ്ട് സെറി എ കിരീടങ്ങൾ, രണ്ട് സൂപ്പർ കോപ്പകൾ, യൂറോ, നേഷൻസ് ലീഗ്, രണ്ട് ക്ലബ് ലോകകപ്പുകൾ, ഒരു യുവേഫ സൂപ്പർ കപ്പ് എന്നിവ നേടി.30 വയസ്സ് തികയുന്നതിനുമുമ്പ് റൊണാൾഡോയുടെ ഗോൾ ശരാശരി 0.64 ആണെങ്കിൽ 30 നു ശേഷം അത് 0.92 ആയി ഉയർന്നു. 30 വയസ്സ് തികഞ്ഞതിനുശേഷം പോർച്ചുഗലിനായി 52 മത്സരങ്ങളിൽ നിന്ന് 49 ഗോളുകൾ നേടി.30 വയസ്സ് തികഞ്ഞതിന് ശേഷം ചാമ്പ്യൻസ് ലീഗിൽ മാത്രം 57 ഗോളുകൾ നേടി.

35 വയസ്സുള്ളപ്പോൾ 60 വർഷത്തിനിടെ ഒരു സെരി എ സീസണിൽ 25 ഗോളുകൾ നേടുന്ന ആദ്യ യുവന്റസ് കളിക്കാരനായി.30 നു ശേഷം റയൽ മാഡ്രിഡിനൊപ്പം 3 ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റൊണാൾഡോ ഈ മൂന്ന് വിജയങ്ങളിൽ 38 മത്സരങ്ങളിൽ നിന്ന് 43 ഗോളുകളും നേടി. 2018 ൽ റഷ്യയിൽ നടന്ന വേൾഡ് കപ്പിൽ മണിക്കൂറിൽ 34 കിലോമീറ്റർ വേഗതയിൽ ഓടി ടൂർണമെന്റിലെ സംയുക്ത വേഗതയേറിയ താരമായി മാറി.

2017 ൽ റൊണാൾഡോ പറഞ്ഞത് അക്ഷരം പ്രതി ശെരിയാവുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അന്ന് നെറ്റിചുളിച്ച പല താരങ്ങളും 36 ആം വയസ്സിലെ റൊണാൾഡോയുടെ നേട്ടങ്ങൾ കണ്ടു കയ്യടിക്കുകയാണ്. ഇനി വരും കാലങ്ങളിൽ ലോക ഫുട്ബോളിൽ ഇങ്ങനെയൊരു താരം ഉണ്ടാവുമോ എന്ന ചോദ്യം ആരാധകർക്കിടയിൽ ഉയർന്നു വരുന്നുണ്ട്.
റൊണാൾഡോയെ സംബന്ധിച്ച് വയസ്സ് എന്നത് വെറും രണ്ടു അക്കങ്ങൾ ആണെന്നും മനസ്സും ശരീരവും തളരാതെ ഇനിയും ഒരു അംഗത്തിന് ബാല്യമുണ്ട് എന്ന് ഉറപ്പിച്ചാണ് ഒരു വർഷവും മുന്നോട്ട് പോകുന്നുണ്ട്. ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾക്ക് കാൽപ്പന്തു കളിയുടെ അവർണനീയമായ മുഹൂർത്തങ്ങൾ ഇനിയും സമ്മാനിക്കാൻ ഈ ഏഴാം നമ്പറുകാരൻ കളിക്കളത്തിൽ മായാജാലവുമായി ഇനിയുമുണ്ടാവും.