❝ഐഎസ്എല്ലിൽ തിളങ്ങിയ മലയാളി താരത്തെ കേരളത്തിന്റെ മണ്ണിലേക്ക് എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്❞ | Kerala Blasters

ഏതൊരു ആരാധകനെയും തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞു സീസണിൽ പുറത്തെടുത്തത്. കലാശ പോരാട്ടത്തിൽ ഹൈദരാബാദിന് മുന്നിൽ കീഴടങ്ങിയെങ്കിലും വലിയ പ്രതീക്ഷകൾ നൽകുന്നതായിരുന്നു കേരള ടീമിന്റെ ഈ സീസണിലെ പ്രകടനം. മുൻ കാല സീസണുകളിൽ പ്രകടനം വെച്ചു നോക്കുമ്പോൾ ഏറ്റവും മികച്ചത് എന്ന് മാത്രമേ ഈ സീസണിനെ പറയാനാവൂ.

അടുത്ത സീസണിലും ആ മികവ് തുടരാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പരിശീലകൻ ഇവാൻ വുകമനോവിച് മിഡ്ഫീൽഡർ അഡ്രിയാണ് ലൂണ എന്നിവരെ നിലനിർത്തിയ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴിതാ നോർത് ഈസ്റ്റിന്റെ മലയാളി മുന്നേറ്റ നിര താരം വിപി സുഹൈറിനെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി തകർപ്പൻ പ്രകടനം നടത്തിയ സുഹൈറിനെ, സ്വന്തമാക്കുക അത്ര എളുപ്പമല്ല എന്നും മാർക്കസ് കൂട്ടിച്ചേർത്തു.

ഇന്ത്യൻ ദേശീയ ടീമിനായി കളിക്കുന്ന ഒരു പ്രതിരോധനിരക്കാരനുമായി ബ്ലാസ്റ്റേഴ്സ് ചർച്ച തുടങ്ങിയെന്നും മാർക്കസ് ട്വീറ്റ് ചെയ്തു. ഈ താരം ആരാണെന്ന് മാർ‍ക്കസ് വെളിപ്പെടുത്തിയില്ല. എങ്കിലും നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എടികെ മോഹൻ ബ​ഗാന്റെ പ്രീതം കോട്ടാലാണ് ഈ താരമെന്ന് ചർച്ചകളും ഉയർന്നുകഴിഞ്ഞു.

ഈ കഴിഞ്ഞ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനായുള്ള ഗംഭീര പ്രകടനങ്ങളാണ് സുഹൈറിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ എത്താൻ കാരണം. 29 കാരൻ ഈ സീസണിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റും ടീമിന് സംഭാവന നൽകിയിരുന്നു. ഇതിന് പിന്നാലെ താരം ഇൻഡ്യക്കായും അരങ്ങേറ്റം നടത്തിയിരുന്നു.

11 ടീമുകളുള്ള ലീഗിൽ നോർത്ത് ഈസ്റ്റിന്റെ നിരാശാജനകമായ സീസൺ ഉണ്ടായിരുന്നിട്ടും, ഈ സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (19), ഏറ്റവും കൂടുതൽ മിനിറ്റുകൾ (1604) കളിക്കുകയും ഖാലിദ് ജാമിലിന്റെ ടീമിനായി നാല് ഗോളുകൾ നേടുകയും ചെയ്ത സുഹൈർ ഹൈലാൻഡേഴ്സിന്റെ ഏറ്റവും മികച്ച താരമായാണ് സീസൺ അവസാനിപ്പിച്ചത്. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, യുണൈറ്റഡ് എസ്‌സി, ഗോകുലം കേരള എന്നിവക്ക് വേണ്ടിയും ഈ പാലക്കാട്ടുകാരൻ ജേഴ്സിയണിഞ്ഞിട്ടുണ്ട്.