മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഒലെയെ പുറത്താക്കാൻ തീരുമാനം

വാട്ട്ഫോഡിനോടും കനത്ത പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്ന് ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കാൻ തീരുമാനമായെന്ന് റിപ്പോർട്ട്. ബോർഡ് തീരുമാനം മാഞ്ചസ്റ്റർ യുണൈറ്റഡ് കോ-ചെയർമാൻ ജോയൽ ഗ്ലേസർ അംഗീകരിച്ച ഉടൻ ഒലെയെ പുറത്താക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കും. ടീമിന്റെ താൽക്കാലിക ചുമതല ടെക്നിക്കൽ ഡയറക്ടർ ഡാരൻ ഫ്ലെച്ചറിന് നൽകിയേക്കുമെന്നും റിപോർട്ടുകൾ ഉണ്ട്. ഇന്നലെ അഞ്ചു മണിക്കൂറോളം നടന്ന യുണൈറ്റഡ് മാനേജ്മെന്റിന്റെ ചർച്ചയ്ക്ക് ഒടുവിലാണ് ഒലെയെ പുറത്താക്കാനുള്ള തീരുമാനത്തിൽ എത്തിയത്. പുറത്താക്കൽ ആയല്ല സംയുക്തമായ തീരുമാനം ആയാകും ക്ലബ് ഈ പുറത്താക്കൽ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ഓൾഡ് ട്രാഫൊഡിൽ ലിവർപൂളിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും ഏറ്റ കനത്ത തോൽവിയിലും കോ-ചെയർമാൻ ജോയൽ ഗ്ലേസറും എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ എഡ് വുഡ്‌വാർഡും ഉൾപ്പെടെയുള്ള യുണൈറ്റഡ് മേധാവികൾ നോർവീജിയനിൽ വിശ്വാസം അർപ്പിക്കുകയായിരുന്നു. എന്നാൽ ഇന്നലെ ദുർബലരായ വാറ്റ്‌ഫോഡിനെതിരെയുള്ള തോൽവിയും ഏഴ് മത്സരങ്ങളിൽ യുണൈറ്റഡിന്റെ അഞ്ചാം തോൽവിയും കൂടിയായപ്പോൾ ഓലെയുടെ കാര്യത്തിൽ തീരുമാനം എടുക്കുകയായിരുന്നു.

രണ്ടര സീസണു മുകളിൽ ഒലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ഉണ്ടായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ കീഴിലെ യുണൈറ്റഡിന്റെ പ്രകടനങ്ങൾ പ്രതീക്ഷ നൽകി എങ്കിലും ഈ സീസണിൽ കാര്യങ്ങൾ തീർത്തും അദ്ദേഹത്തിന്റെ കൈവിട്ടു പോയി. സൂപ്പർ താരങ്ങൾ വന്നിട്ടും വിജയങ്ങൾ നേടാൻ ഒലെയ്ക്ക് ആയില്ല. ലിവർപൂളിന് എതിരായ അഞ്ചു ഗോൾ പരാജയത്തോടെ തന്നെ ഒലെ പുറത്താകും എന്നാണ് കരുതിയത് എങ്കിലും മാനേജ്മെന്റ് ഒലെയ്ക്ക് ആവശ്യത്തിന് സമയം നൽകുക ആയിരുന്നു.

അജാക്‌സ് മാനേജർ എറിക് ടെൻ ഹാഗ്, പിഎസ്‌ജിയുടെ മൗറിസിയോ പോച്ചെറ്റിനോ, ലെസ്റ്റർ സിറ്റിയുടെ ബ്രണ്ടൻ റോഡ്‌ജേഴ്‌സ് സിനദീൻ സിദാൻ എന്നിവരാണ് യുണൈറ്റഡ് പരിശീലകറവൻ മുന്നിലുള്ളത്. എന്നാൽ സിദാൻ ഒഴികെയുള്ള എല്ലാ താരങ്ങളും മറ്റ് ക്ലബ്ബുകളിൽ ജോലി ചെയ്യുന്നവരാണ്. വരും ദിവസങ്ങളിൽ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് ആരെത്തും എന്ന് അറിയയാണ് സാധിക്കും.