❝ ഫ്രാൻസ് യൂറോ കപ്പ് 🇫🇷🏆 നേടിയാൽ
ബെൻസെമയും 🤝❤️ ഞാനും ഒരു ഗോ-കാർട്ട്
സർക്യൂട്ടിൽ പോയി ആഘോഷിക്കും ❞

യൂറോ കപ്പിനുള്ള ഫ്രഞ്ച് ടീമിലെ രണ്ടു പ്രധാന സ്‌ട്രൈക്കർമാരാണ് കരിം ബെൻസിമയും ഒലിവർ ഗിറൗഡും. എന്നാൽ ഇവർ തമ്മിലുള്ള ബന്ധം കുറച്ചു കാലങ്ങളായി അത്ര സുഖകരമായിരുന്നില്ല. റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന ബെൻസേമ കഴിഞ്ഞ 6 വർഷമായി ഫ്രാൻസ് ദേശീയ ടീമിന്റെ ഭാഗമായിരുന്നില്ല. മുൻ ഫ്രാൻസ് ഫുട്ബോളറായ മാത്യ വാൽബുനയെ സെക്സ് ടേപ്പ് ഉപയോഗിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിന്റെ പേരിലാണ് അദ്ദേഹം ടീമിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. ഈ കാലഘട്ടത്തിൽ ഉയർന്നു വന്ന താരമാണ് ഗിറൗഡ്.

എന്നാൽ 2020 ൽ നടന്ന ഒരു സംഭവമാണ് രണ്ട് താരങ്ങളുടെയും ബന്ധം വഷളാക്കിയത് . ആരാധകരുമായി ബെൻസേമ ട്വിറ്ററിലൂടെ നടത്തിയ ചോദ്യോത്തര പരിപാടിയിൽ ആയിരുന്നു സംഭവം. ഗിറൗഡിനെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് അൽപ്പം പരിഹാസം നിറഞ്ഞ മറുപടിയാണ് ബെൻസേമ കൊടുത്തത്. കഴിവിന്റെ കാര്യത്തിൽ താൻ ഫോർമുല എഫ് 1 കാർ ആണെങ്കിൽ ഗിറൗഡ് വെറും ഗോ കാർട്ട് കാറാണെന്നായിരുന്നു ബെൻസേമയുടെ പ്രതികരണം. “ ഗിറൗഡിനെ കുറിച്ച് പറയാൻ അധികം ആലോചിക്കേണ്ടതില്ല. എഫ് 1 ഉം ഗോ കാർട്ടും തമ്മിൽ സംശയമുണ്ടാകേണ്ട കാര്യമില്ല. എന്തായാലും ഞാൻ എഫ് 1 ആണ്” ബെൻസേമ പറഞ്ഞു. റെയ്സിംഗ് മത്സരങ്ങളിൽ ഉപയോഗിക്കുന്ന ബെയ്സിക്ക് മോഡൽ വാഹനങ്ങളെയാണ് ഗോ കാർട്ട് എന്ന് പറയുന്നത്.


“എന്നെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകൾ മറ്റെന്തിനെക്കാളും എന്നെ കൂടുതൽ ചിരിപ്പിച്ചു ,ക്ഷമിക്കാനും പകപോക്കാതിരിക്കാനും എളുപ്പമല്ലെങ്കിലും അത് നിങ്ങൾ അറിയണം , കരീമിനോട് ഒരു പ്രശ്നവുമില്ലെന്നും 34 കാരനായ ഗിറൗഡ ലെ ഫിഗാരോയോട് പറഞ്ഞു. കരീം ബെൻസെമ ഗോ-കാർട്ടുമായി തന്നെ താരതമ്യപ്പെടുത്തിയതിനെ തമാശയായാണ് കണ്ടതെന്നും ഫ്രാൻസ് യൂറോ നേടിയാൽ ബെൻസെമയും ഞാനും ഒരു ഗോ-കാർട്ട് സർക്യൂട്ടിൽ കിരീട നേട്ടം ആഘോഷിക്കും എന്നും താരം കൂട്ടി ചേർത്തു.

കരീം ബെൻസേമയും ഒലിവർ ഗിറൗഡും പരിശീലനത്തിന് ശേഷം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം കുറച്ചു നാൾ മുൻപ് സംസാര വിഷയമായിരുന്നു.ഇടവേളക്ക് ശേഷം ബെൻസേമ ദേശീയ ടീമിൽ എത്തിയതോടെ രണ്ടു പേരും ഒന്നിച്ച് കളിക്കേണ്ടതായുണ്ട്. ടീം അംഗങ്ങൾ തമ്മിൽ മികച്ച ഐക്യം വേണമെന്നുള്ളത് കൊണ്ട് തന്നെയാകാം ടീം മാനേജ്മെന്റ് ഇത്തരം രീതിയിൽ ഇരിപ്പിടം ഒരുക്കിയത് എന്നാണ് വിലയിരുത്തൽ. ചിത്രത്തിൽ ചെൽസി താരം കൂടിയായ ഗിറൗഡിന്റ് തൊട്ടടുത്താണ് ബെൻസേമക്ക് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. ആന്റോണിയോ ഗ്രീസ്മാൻ, ലൂക്കാ ഹെർണാണ്ടസ്, ബെഞ്ചമാൻ പവാർഡ് എന്നിവരും ചിത്രത്തിലുണ്ട്. കോച്ച് ദിദിയേ ദെഷാമിന്റെ നിർദേശ പ്രകാരമാണ് ഇരിപ്പിടം ഒരുക്കിയത് എന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയുന്നത്.