❝തകർപ്പൻ ജയത്തോടെ സെമിയിൽ സ്ഥാനം പിടിച്ച് സ്പെയിനും ബ്രസീലും❞

21 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് സ്‌പെയിൻ ഒളിമ്പിക്സ് ഫുട്ബോളിന്റെ സെമിയിൽ സ്ഥാനം പിടിച്ചു. ആവേശകരമായ പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് സ്‌പെയിൻ പരാജയപ്പെടുത്തിയത്. പകരക്കാരനായി ഇറങ്ങി ഹാട്രിക്ക് നേടിയ വോൾവ്സ് താരം റാഫ മിർ പ്രകടനമാണ് സ്പാനിഷ് ടീമിന് വിജയം നേടി കൊടുത്തത്.

മത്സരം തുടങ്ങി 10 ആം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എറിക് ബെയ്‌ലി ഐവറി കോസ്റ്റിനു ലീഡ് നൽകി എന്നാൽ മുപ്പതാം മിനുട്ടിൽ ഓൾമോയുടെ ഗോളിലൂടെ സ്പെയിൻ സമനില പിടിച്ചു. എന്നാൽ ഇഞ്ചുറി ടൈമിൽ ഗ്രേഡിൽ നേടിയ ഗോളിൽ ഐവറി കോസ്റ്റ് വിജയമുറപ്പിച്ചു എന്ന് തോന്നിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ റാഫ മിർ സ്പെയ്നിനു സമനില നൽകി. ഐവറി കോസ്റ്റ് താരങ്ങളുടെ പിഴവിൽ നിന്നായിരുന്നു മിർ ഗോൾ നേടിയത്. എന്നാൽ എക്സ്ട്രാ ടൈമിൽ സ്പെയിൻ വിശ്വരൂപം പുറത്തെടുത്തു. 98 ആം മിനുട്ടിൽ മൈക്കൽ ഒയാർസബാൽ പെനാൽറ്റിയിലൂടെ സ്പെയിന് ലീഡ് നേടി കൊടുത്തു. മത്സരം അവസാനിക്കാൻ മിനുട്ടുകൾ ശേഷിക്കെ റാഫ മിർ രണ്ടു ഗോളുകൾ നേടി ഹാട്രിക്ക് തികച്ചു .

മറ്റൊരു സെമിയിൽ ഈജിപ്തിനെ കീഴടക്കി ബ്രസീൽ സെമിയിൽ സ്ഥാനം പിടിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. 37 ആം മിനുട്ടിൽ റിചാലിസന്റെ പാസിൽ നിന്നും മാത്യൂസ് ക്യൂന നേടിയ ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം.ലീഡ് നേടാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാൻ ബ്രസീലിനായില്ല. മറ്റൊരു ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ന്യൂ സീലാൻഡിനെ പരാജയപെടുത്തി ജപ്പാൻ സെമിയിൽ സ്ഥാനം പിടിച്ചു.