യുവരാജിന്റെ “സിക്സ് സിക്സിന്” ഇന്ന് പതിമൂന്ന് വയസ്സ്

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത ദിനമാണ് സെപ്റ്റംബർ 19 . യുവരാജ് സിങ്ങെന്ന ഇന്ത്യയുടെ ലോകകപ്പ് ഹീറോ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്‌സര്‍ പറത്തിയിട്ട് ഇന്നേക്ക് 13 വര്‍ഷം തികയുകയാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ സെപ്റ്റംബര്‍ 19ന് നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലാണ് യുവരാജ് ബ്രോഡിനെ നാണം കെടുത്തിയത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റിങ് വെടിക്കെട്ടിനെ ഐപിഎല്ലിന്റെ ആവേശത്തിനിടയിലും ഇന്ത്യന്‍ ആരാധകര്‍ വിസ്മരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ യുവരാജിന്റെ സിക്‌സര്‍ വെടിക്കെട്ടിനെ ആരാധകര്‍ ആഘോഷമാക്കുകയാണ്.

ദക്ഷിണാഫ്രിക്ക വേദിയായ 2007 ടി 20 വേൾഡ് കപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 12 പന്തിലാണ് യുവരാജ് തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടി20 ഫോര്‍മാറ്റില്‍ ഇന്നും വേഗമേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് യുവരാജിന്റെ പേരില്‍ ഭദ്രം.ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഗൗതം ഗംഭീറും (58) വീരേന്ദര്‍ സെവാഗും (68) ചേര്‍ന്ന് ഇന്ത്യക്ക് ഗംഭീര തുടക്കം സമ്മാനിച്ചപ്പോള്‍ അഞ്ചാമനായി ക്രീസിലെത്തിയ യുവരാജ് തല്ലിത്തകര്‍ത്തു. 16 പന്തുകള്‍ മാത്രം നേരിട്ട യുവി 7 സിക്‌സും മൂന്ന് ഫോറുമടക്കം അടിച്ചെടുത്തത് 58 റണ്‍സ്. ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായി യുവരാജ് നടത്തിയ വാക്കുതര്‍ക്കത്തിന്റെ പരിണിത ഫലം അനുഭവിച്ചത് ബ്രോഡും. യുവതാരമായിരുന്ന ബ്രോഡ് ആവനാഴിയിലെ എല്ലാ തന്ത്രങ്ങളും പുറത്തെടുത്തെങ്കിലും ആറ് സിക്‌സര്‍ എന്ന നാണക്കേടിനെ തടുത്ത നിര്‍ത്താനായില്ല. ഓഫ് സൈഡിലേക്കും ഓണ്‍ സൈഡിലേക്കും തുടരെ തുടരെ യുവി പന്ത് പായിച്ചു. ഫ്‌ളിന്റോഫിനെയും ഒരു തവണ യുവി ആതിര്‍ത്തി കടത്തിയെങ്കിലും അടുത്ത സിക്‌സര്‍ ശ്രമം പോള്‍ കോളിങ് വുഡിന്റെ കൈകളില്‍ അവസാനിച്ചു. ഇന്ത്യക്കുവേണ്ടി ഒരോവറില്‍ ആറ് സിക്‌സര്‍ നേടിയ ഏക താരവും യുവരാജാണ്.സിക്‌സറില്‍ മറ്റ് പല ഇന്ത്യന്‍ താരങ്ങളും നിരവധി റെക്കോഡുകള്‍ കുറിച്ചെങ്കിലും യുവിയുടെ ആറ് സിക്‌സര്‍ നേട്ടത്തിന് ഒപ്പമെത്താന്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനും സാധിച്ചിട്ടില്ല.

ഇന്ത്യ ഉയര്‍ത്തി 218 റണ്‍സിന് മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 200 റണ്‍സില്‍ അവസാനിച്ചു. 18 റണ്‍സിന്റെ ജയം ഇന്ത്യക്ക്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയും ബാറ്റിങ് വെടിക്കെട്ട് ആവര്‍ത്തിച്ച യുവരാജ് 30 പന്തില്‍ 5 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ നേടിയത് 70 റണ്‍സ്. ഫൈനലില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പും നേടി. 2011ലെ ഏകദിന ലോകകപ്പില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ യുവിയാണ് ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ചത്.
(കടപ്പാട് )