ഒന്നുവീണ് പോയപ്പോൾ മണ്ണുവാരി എറിഞ്ഞവർ കണ്ടില്ലേ :ഇന്ന് അവന്റെ ശിരസ്സിലാണ് ഓറഞ്ച് ക്യാപ്പ്

എഴുത്ത് : സന്ദീപ് ദാസ്; സഞ്ജു സാംസനെക്കുറിച്ച് ആലോചിക്കുമ്പോൾ വല്ലാത്ത നിരാശ തോന്നുന്നു. അയാളുടെ തലയ്ക്കുമുകളിലൂടെ ഗതികേടും നിർഭാഗ്യവും വട്ടമിട്ട് പറക്കുകയാണ്. സഞ്ജുവിനെ ഉപാധികളില്ലാതെ പിന്തുണയ്ക്കേണ്ട സമയമാണിത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ സഞ്ജു ഒറ്റയ്ക്കാണ് പൊരുതിയത്. 57 പന്തുകളിൽനിന്ന് 82 റൺസ് നേടിയ സഞ്ജു രാജസ്ഥാനെ 164 എന്ന മാന്യമായ ടോട്ടലിൽ എത്തിച്ചു. പക്ഷേ രാജസ്ഥാൻ ബോളർമാർ നായകനെ കൈവിട്ടു. അലക്ഷ്യമായ ബോളിങ്ങും ഓവർത്രോകളും പാഴാക്കിയ ക്യാച്ചുകളും സമ്മേളിച്ചപ്പോൾ ഹൈദരാബാദ് അനായാസം ജയിച്ചുകയറി.

യു.എ.ഇയിലെ ഐ.പി.എൽ മത്സരങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സഞ്ജു പറഞ്ഞിരുന്നു-”ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം കിട്ടിയില്ല എന്നത് വലിയ നിരാശയാണ് സമ്മാനിച്ചത്. എല്ലാ കളിക്കാരുടെയും സ്വപ്നമാണ് ലോകകപ്പ്. പക്ഷേ ടീം സെലക്ഷൻ എൻ്റെ നിയന്ത്രണത്തിലല്ല. എനിക്ക് കണ്‍ട്രോൾ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് മാത്രമാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത് ”സഞ്ജുവിൻ്റെ മനസ്സിലെ മുഴുവൻ വേദനകളും ആ പ്രസ്താവനയിൽ പ്രകടമായിരുന്നു. ദുബായിൽ ഹൈദരാബാദിനെതിരെ കളിക്കാനിറങ്ങുമ്പോൾ സഞ്ജുവിൻ്റെ ഉള്ള് നീറിപ്പുകയുകയായിരുന്നു. ഒരുവശത്ത് പ്ലേ ഓഫ് മോഹങ്ങളുമായി രാജസ്ഥാൻ. മറുവശത്ത് ഒന്നും നഷ്ടപ്പെടാനില്ലാത്ത ഹൈദരാബാദും. ഓറഞ്ച് ആർമ്മിയുടെ കരുത്തും അത് തന്നെയായിരുന്നു.രാജസ്ഥാൻ ഇന്നിങ്സിലെ 14 ഓവറുകൾ പൂർത്തിയായ സമയത്ത് സ്കോർബോർഡിൽ 102 റണ്ണുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു മോശം ടോട്ടലിൽ രാജസ്ഥാൻ ഒതുങ്ങിപ്പോവുമെന്ന് തോന്നിച്ചിരുന്നു. അപ്പോൾ അത്ഭുത സ്പിന്നറായ റഷീദ് ഖാൻ തൻ്റെ നാലാമത്തെ ഓവറിന് തയ്യാറെടുക്കുകയായിരുന്നു. സ്ട്രൈക്കറുടെ എൻഡിൽ ഉണ്ടായിരുന്നത് സഞ്ജുവായിരുന്നു.

ആ ഓവറിൽ സഞ്ജു സാഹസങ്ങൾക്ക് മുതിരില്ല എന്നാണ് കരുതപ്പെട്ടിരുന്നത്. റഷീദ് എല്ലാ ബാറ്റർമാർക്കും തലവേദനയാണ്. ഗൂഗ്ലികൾക്കെതിരെ പതറുന്ന ചരിത്രം സഞ്ജുവിന് ഉണ്ടായിരുന്നു. സ്പിന്നർമാരുടെ വിരലുകൾ നിരീക്ഷിച്ച് ഡെലിവെറി ഏതാണെന്ന് വായിച്ചെടുക്കാനുള്ള ശേഷി സഞ്ജുവിനില്ല എന്ന വിമർശനം കമൻ്ററി ബോക്സിൽനിന്ന് കേട്ടിരുന്നു. റഷീദിൻ്റെ പന്ത് 88 മീറ്റർ അകലെ ചെന്നുപതിക്കുന്നതാണ് പിന്നീട് കണ്ടത്! കവറിനുമുകളിലൂടെയുള്ള ഇൻസൈഡ് ഔട്ട് ഷോട്ട്! സഞ്ജു റഷീദിനോട് മന്ത്രിക്കുകയായിരുന്നു. ”പ്രിയ റഷീദ്,ഇന്ത്യയിലെ സെലക്ടർമാർക്ക് ഒരു സന്ദേശം അയക്കണമെങ്കിൽ എനിക്ക് നിങ്ങൾക്കുമേൽ ആധിപത്യം നേടിയേ തീരൂ. ക്രിക്കറ്റിലെ ഏറ്റവും പ്രയാസകരമായ ഷോട്ട് തന്നെ ഞാൻ പുറത്തെടുത്തത് അതുകൊണ്ടാണ്…!’.

അതിനുശേഷം സിദ്ദാർത്ഥ് കൗളും ഭുവ്നേശ്വർ കുമാറും ജെയ്സൻ ഹോൾഡറും പോരാട്ടത്തിനെത്തി. പഠിച്ച എല്ലാ വിദ്യകളും അവർ പയറ്റി. സകല ലെങ്ത്തുകളും പരീക്ഷിച്ചു. വേഗതയുള്ള പന്തുകളും സ്ലോബോളുകളും ഷോർട്ട് ഡെലിവെറികളും ബാക്ക് ഓഫ് ദ ഹാൻഡ് കട്ടറുകളും രൂപംകൊണ്ടു. അവയൊന്നും സഞ്ജുവിനെ നുള്ളിനോവിച്ചില്ല! നാലുപാടും ഷോട്ടുകൾ പറന്നു. സ്ഥിരതയില്ലാത്തവൻ എന്ന വിമർശനം സദാസമയവും കേൾക്കുന്ന സഞ്ജു ഈ സീസണിലെ ഏറ്റവും മികച്ച റൺവേട്ടക്കാരനായി മാറി! ഓറഞ്ച് ക്യാപ് ആ തലയിലെത്തി!സഞ്ജു ഷോട്ട് പായിക്കാത്ത ഒരു ഇഞ്ച് പോലും ഗ്രൗണ്ടിൽ ഉണ്ടായിരുന്നില്ല. 360 ഡിഗ്രി പ്ലെയർ എന്നാണ് കളിപറച്ചിലുകാർ അയാളെ വിശേഷിപ്പിച്ചത്. സാക്ഷാൽ എ.ബി ഡിവില്ലിയേഴ്സിൻ്റെ ഓമനപ്പേര്!പരമ്പരാഗത ഷോട്ടുകൾ കളിക്കുന്ന ക്ലാസിക് ബാറ്ററായ സഞ്ജു റിവേഴ്സ് സ്വീപ്പും റിവേഴ്സ് ഫ്ലിക്കും പോലുള്ള ഫ്രീക്ക് ഹിറ്റുകളും പായിച്ചിരുന്നു. റഷീദ്,ഭുവി എന്നീ ലോകോത്തര ബോളർമാർക്കെതിരെയാണ് അക്കാര്യം പ്രവർത്തിച്ചത്!

പക്ഷേ രാജസ്ഥാൻ പരാജയപ്പെട്ടതോടെ സഞ്ജുവിൻ്റെ എല്ലാ പരിശ്രമങ്ങളും പാഴായി. ഹൈദരാബാദിനെതിരെ ബോളർമാർ ചതിച്ചു. ഡെൽഹിയോട് കളിച്ചപ്പോൾ സഹ ബാറ്റർമാർ കൈവിട്ടു. ഇങ്ങനെയൊരു ടീമിൽ ശ്വാസംമുട്ടി ജീവിക്കാനാണ് സഞ്ജുവിൻ്റെ വിധി!കളി ജയിപ്പിക്കാനറിയാത്ത ക്യാപ്റ്റൻ എന്ന പഴി സഞ്ജുവിന് ചില മലയാളികൾ ചാർത്തിക്കൊടുക്കുമായിരിക്കും. ഈ ടീം ഏഴാം സ്ഥാനം നേടിയാൽ പോലും അത് സഞ്ജുവിൻ്റെ നേട്ടമാണെന്ന് പറയേണ്ടിവരും! വിമർശകർക്ക് അക്കാര്യം മനസ്സിലാകണമെന്നില്ല. ടി20 ലോകകപ്പിനുള്ള ടീമിൽ മാറ്റംവരുത്താനുള്ള അധികാരം സെലക്ഷൻ കമ്മിറ്റിയ്ക്ക് ഇപ്പോഴും ഉണ്ട്.

സഞ്ജു ലോകകപ്പ് കളിക്കുമെന്ന് മോഹിക്കാനുള്ള അവകാശം നമുക്കുണ്ട്. അയാൾ നമ്മെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. തനിക്കുമുമ്പിൽ നിർദ്ദയം കൊട്ടിയടച്ച ഇന്ത്യൻ ടീമിൻ്റെ വാതിൽ സഞ്ജു ഒന്നിലേറെത്തവണ ചവിട്ടിപ്പൊളിച്ചിട്ടുണ്ട്. കണ്ണുതുറക്കണോ വേണ്ടയോ എന്ന് സെലക്ടർമാർക്ക് തീരുമാനിക്കാം. രാജസ്ഥാൻ്റെ ഹല്ലാബോൽ ഗാനം സ്റ്റേഡിയത്തിൽ കേൾക്കുന്നത് സഞ്ജു ബാറ്റ് ചെയ്യുമ്പോൾ മാത്രമാണ്. ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്ന വേദികളിൽ ജനഗണമന മുഴങ്ങുന്ന നേരത്ത് ത്രിവർണ്ണ പതാകയുമായി മുൻനിരയിൽ നടക്കാനുള്ള ശേഷി സഞ്ജുവിനുണ്ട്. ആ ദിനം വന്നെത്തുക തന്നെ ചെയ്യും.

Rate this post