❛❛135 മില്യൺ യൂറോയുടെ പ്രകടനവുമായി ബാഴ്സലോണ സൂപ്പർ താരം ഡെംബലെ ❜❜ |Ousmane Dembélé

നാല് ഗോളുകൾ: ഒന്ന് ഇന്റർ മിയാമിക്കെതിരെ, രണ്ട് യുവന്റസിനെതിരെ, മറ്റൊന്ന് ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ. ബാഴ്‌സലോണയുടെ പ്രീ സീസണിൽ ഉസ്മാൻ ഡെംബലെയുടെ റെക്കോർഡാണിത്. ഫ്രഞ്ചുകാരന്റെ ഗുണനിലവാരം വെച്ച് നോക്കുമ്പോൾ ഈ റെക്കോർഡുകൾ അത്ര ആശ്ചര്യമായി തോന്നുന്നില്ല.

പക്ഷെ താരത്തിന്റെ കഴിഞ്ഞ കുറച്ചു കാലമായുള്ള സ്ഥിരതയും കാര്യക്ഷമതയും വെച്ച് അളന്നു നോക്കുമ്പോൾ ഈ പ്രകടനം ഏറ്റവും മികച്ചത് എന്ന് പറയേണ്ടി വരും. 25 കാരൻ ക്യാമ്പ് നൗവിൽ തുടരണ്ട എന്ന് പറഞ്ഞവരുടെ നിശ്ശബ്ദനാക്കുന്ന പ്രകടനമാണ് ഈ പ്രീ സീസണിൽ താരത്തിൽ നിന്നും ഉണ്ടായത്.രണ്ടാഴ്ച മുമ്പ് 2024 വരെയുള്ള അദ്ദേഹത്തിന്റെ കരാർ പുതുക്കൽ പ്രഖ്യാപിച്ചു.ഡെംബലെയുടെ മുൻകാല പ്രകടനങ്ങൾ പരിശോധിക്കുമ്പോൾ സംശയങ്ങൾ ഉയർത്തിയ തീരുമാനമായിരുന്നു. എന്നാൽ ആവശ്യമുള്ളപ്പോൾ താരം മികവിലേക്ക് ഉയരുകയും കരാർ പുതുക്കലിനെ ന്യായീകരിക്കുന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

ഫ്രഞ്ചുകാരന്റെ ഏറ്റവും മികച്ച പിന്തുണക്കാരിൽ ഒരാളാണ് പരിശീലകൻ സാവി.ഈ സീസണിൽ ബാഴ്‌സലോണയ്ക്ക് മികച്ച ഒരു മുതൽക്കൂട്ടാകാൻ താരത്തിന് കഴിയുമെന്ന് സാവിക്ക് നല്ല ബോധ്യമുണ്ട്. ഡെംബെലെയുടെ കരാർ പുതുക്കാനുള്ള പ്രേരക ശക്തി ബാഴ്സലോണ ഇതിഹാസം തന്നെയായിരുന്നു. തന്റെ തീരുമാനം എത്ര ശെരിയായിരുന്നു എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. “അദ്ദേഹത്തിന് വളരെയധികം ആത്മവിശ്വാസമുണ്ട്, ഞാൻ അവനിൽ വളരെയധികം വിശ്വസിക്കുന്നു, അവന് ഒരു മാറ്റമുണ്ടാക്കാൻ കഴിയും, അവൻ അത് ചെയ്യുന്നു” കരാർ ഒപ്പിട്ടതിനു ശേഷം സാവി പറഞ്ഞു.

ടീമിൽ നിന്നും പരിശീലകനിൽ നിന്നുമുള്ള ഈ ആത്മവിശ്വാസം തനിക്ക് ഗുണം ചെയ്തുവെന്ന് യുവന്റസിനെതിരെ ഇരട്ടഗോൾ നേടിയ ശേഷം ഡെംബെലെ ഊന്നിപ്പറഞ്ഞു.ഡെംബെലെയുടെ ഫോം വ്യക്തിഗത പ്രകടനത്തിന്റെ കാര്യത്തിൽ മാത്രമല്ല അദ്ദേഹം ആക്രമണത്തിൽ തന്റെ മറ്റ് സഹതാരങ്ങളുമായി മികച്ച ഒത്തിണക്കം കാണിക്കുന്നു . ന്യൂയോർക്ക് റെഡ് ബുൾസിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയാണ് ഇതിനുള്ള ഏറ്റവും മികച്ച തെളിവ്.റോബർട്ട് ലെവൻഡോവ്‌സ്‌കി, ഡെംബെലെ, റാഫിൻഹ എന്നിവരുടെ കൂട്ടുകെട്ട് ആദ്യ പകുതിയിൽ മികച്ചുനിന്നു. ഏരിയയുടെ അരികിൽ നിന്ന് ബ്രസീലിയൻ താരത്തിന്റെ അസിസ്റ്റിൽ നിന്നാണ് ഡെംബെലെയുടെ ഗോൾ പിറന്നത്.

ലെവൻഡോവ്‌സ്‌കി സ്‌കോർ ചെയ്‌തില്ലെങ്കിലും ഡെംബെലെയുമായുള്ള ഒത്തിണക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു.ഹാഫ് ടൈമിന് മുമ്പ് ഫ്രഞ്ചുകാരൻ പോളിഷ് താരത്തിന് പല അവസരങ്ങളും ഒരുക്കി കൊടുത്തിരുന്നു.ഡെംബെലെയുടെ കഴിവ് വ്യക്തമാണ് സ്ഥിരത വളർത്തിയെടുക്കുക എന്നതാണ് ഇപ്പോൾ താരത്തിന് വലിയ വെല്ലുവിളി. പരിക്കുകൾ എന്നും ഫ്രഞ്ച് താരത്തിന്റെ വലിയ ശത്രുവായിരുന്നു. ഈ സീസണിൽ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കാണാനാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.