PAK / wI : “പാകിസ്ഥാനിൽ അന്താരാഷ്ട്ര മത്സരങ്ങൾ കാണാൻ ആളില്ല”

പാകിസ്ഥാനിലെ കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ നടന്ന പാകിസ്ഥാൻ – വിൻഡിസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും കാണികളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞത് പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡിന് നിരാശാജനകമായ കാഴ്ച്ചയായി. 32,000 ശേഷിയുള്ള സ്റ്റേഡിയത്തിൽ വൈകുന്നേരത്തെ മത്സരത്തിന് 4000-ത്തിൽ താഴെ മാത്രം കാണികളാണ് ഉണ്ടായിരുന്നത്.

കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളോളം സ്റ്റേഡിയങ്ങളിൽ ആളുകൾക്കുള്ള പ്രവേഷനത്തിന് നിയന്ത്രണം വെച്ച പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സ്റ്റേഡിയത്തിൽ പൂർണ്ണ ഹാജർ അനുവദിച്ചിരിക്കുന്നത്. എന്നിട്ടും, ആളുകൾ സ്റ്റേഡിയത്തിൽ എത്താൻ മടിച്ചതോടെ, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻമാരായ വസീം അക്രവും ഷാഹിദ് അഫ്രീദിയും ക്രിക്കറ്റ് ആരാധകരോട് സ്റ്റേഡിയത്തിൽ എത്താൻ അഭ്യർത്ഥിച്ച് രംഗത്തെത്തി.”ഈ മത്സരങ്ങളിൽ സ്റ്റേഡിയത്തിൽ എത്തിയ കാണികളുടെ എണ്ണം ഇത്രയധികം കുറഞ്ഞത് വളരെ നിരാശാജനകമാണ്. ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിൽ നിന്നും പകുതിയോളം കുറച്ചതിന് ശേഷം ഞങ്ങൾ വലിയ ജനപങ്കാളിത്തം പ്രതീക്ഷിച്ചിരുന്നു,” ഒരു പിസിബി അംഗം പറഞ്ഞു. എന്നാൽ, എന്തുകൊണ്ടാണ് കൂടുതൽ ആരാധകർ സ്റ്റേഡിയത്തിൽ എത്താത്തത് എന്ന് സ്റ്റേഡിയത്തിൽ എത്തിയ ആരാധകരോട് ചോദിച്ചപ്പോൾ, ആരാധകർ പറയുന്ന മറുപടി ഇങ്ങനെയാണ്.

“ഒരു മത്സരത്തിന് വരുന്നത് ഞങ്ങൾക്ക് ഒരു പരീക്ഷയാണ്. ഞങ്ങൾ ഞങ്ങളുടെ കാറുകൾ സ്റ്റേഡിയത്തിൽ നിന്ന് ദൂരെ പാർക്ക് ചെയ്ത്, കുറേ ദൂരം നടന്ന് വരേണ്ടതുണ്ട്. ശേഷം, സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയും ഉണ്ട്, എന്നിട്ട് നീണ്ട ക്യൂവിൽ കാത്തിരിക്കുകയും വേണം. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഇത്രയും നേരം കാത്തിരിക്കുന്നത് ശരിക്കും മടുപ്പിക്കുന്നതാണ്. ഇത് ക്രിക്കറ്റ് ആരാധകരെ നിരുത്സാഹപ്പെടുത്തുന്നു,” പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകനായ ബിലാൽ സ്റ്റേഡിയത്തിന് പുറത്ത് വന്ന് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ രസകരമെന്നു പറയട്ടെ, പിസിബി ചെയർമാൻ റമീസ് രാജ കഴിഞ്ഞയാഴ്ച ഒരു വീഡിയോ പ്രസ്താവനയിൽ അന്താരാഷ്ട്ര മത്സരങ്ങൾക്കും ​​പാകിസ്ഥാൻ സൂപ്പർ ലീഗ് ഗെയിമുകൾക്കും ​​ഗ്രൗണ്ടുകളിൽ വരുന്ന ക്രിക്കറ്റ് ആരാധകർക്ക് മികച്ച സൗകര്യങ്ങളും അനുഭവവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, നിലവിലെ അവസ്ഥയിൽ ഇന്ന് പ്രതികരിച്ച അദ്ദേഹം, തങ്ങൾ ഉദ്ദേശിച്ച ലക്ഷ്യത്തിൽ എത്താൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്, എന്ന് പറഞ്ഞു.