❝മത്സരത്തിനിടെ റമദാൻ നോമ്പ് തുറന്ന് പോൾ പോഗ്ബയും ലെസ്റ്റർ താരം ഫൊഫാനയും ❞

യൂറാപ്പ ലീഗ്​ മത്സരത്തിനിടെ റമദാൻ നോമ്പു തുറക്കുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ സൂപ്പർ താരം പോൾ പോഗ്​ബയുടെ ചിത്രങ്ങൾ വൈറലാകുന്നു. കളിക്കിടെ നോമ്പുതുറക്കുന്ന ചിത്രങ്ങൾ മാഞ്ചസ്റ്റർ യുനൈറ്റഡ്​ തന്നെയാണ്​ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പുറത്തുവിട്ടത്​. കളിക്കിടെ വെള്ളം കുടിച്ച്​ നോമ്പ്​ തുറന്ന പോഗ്​ബ മത്സരം ​തീർന്നശേഷം ഡിന്നർ കഴി​ച്ചുവെന്ന തലക്കെ​ട്ടോടെയാണ്​ യുനൈറ്റഡ്​ ചിത്രം പങ്കുവെച്ചത്​.

യൂറോപ്പ ലീഗ് സെമിയിലെ ആദ്യ പാദത്തിൽ എ.എസ്​ റോമയെ യുനൈറ്റഡ്​ രണ്ടിനെതിരെ ആറുഗോളുകൾക്ക്​ തകർത്തിരുന്നു. ബ്രൂ​ണാ ഫെർണാണ്ടസും എഡിൻസൺ കവാനിയും ഇരട്ട ഗോളുകളുമായി കളംനിറഞ്ഞ മത്സരത്തിൽ​ പോഗ്​ബയും ഗ്രീൻവുഡും ഓരോ ഗോളും നേടിയിരുന്നു.ഫ്രാൻസിന്‍റെ ലോകകപ്പ്​ ജേതാക്കളായ ടീമിൽ അംഗമായ പോഗ്​ബ 2016ൽ റെക്കോർഡ്​ തുകക്കാണ്​ മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയത്​. ഗിനിയൻ വംശജനായ പോഗ്​ബ ഇസ്​ലാം മത വിശ്വാസിയാണ്​.


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസ് ലെസ്റ്റർ സിറ്റി മത്സരത്തിലും സമാനമായ സംഭവം നടന്നു. നോമ്പ് തുറക്കുന്ന സമയമായപ്പോൾ മത്സരം താത്കാലികമായി നിറുത്തിവെച്ച് താരങ്ങളായ വെസ്ലി ഫോഫാനയെയും കൊയാട്ടെയും നോമ്പ് തുറന്നു. മത്സരത്തിന് മുൻപ് ഇരു ടീമുകളുടെയും ക്യാപ്റ്റന്മാർ അംഗീകരിച്ചതിന്റെ ഭാഗമായാണ് നോമ്പ് തുറക്കാൻ അൽപ സമയം കളി നിറുത്തി വെച്ചത്. ക്രിസ്റ്റൽ പാലസ് ഗോൾകീപ്പർ വിസെൻറ് ഗ്വെയ്റ്റ ഗോൾ കിക്കെടുക്കാൻ വൈകിപ്പിക്കുകയും ഇരു താരങ്ങൾക്കും നോമ്പ് തുറക്കാൻ അവസരം നൽകുകയും ചെയ്തു.

പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് കളിക്കിടയിൽ കളിക്കാർക്ക് നോമ്പ് തുറകകണ് അവസരം ഒരുക്കുന്നത്.കഴിഞ്ഞ ദിവസം നടന്ന ലെസ്റ്റർ സതാംപ്ടൺ മത്സരത്തിലും നോമ്പ് തുറക്കാൻ മത്സരം താത്കാലികമായി നിർത്തിവെച്ചിരുന്നു. നോമ്പ് തുറക്കാൻ അവസരം നൽകിയതിന് പ്രീമിയർ ലീഗ് അധികൃതരോടും എതിർ ക്ലബിനോടും താരങ്ങൾ നന്ദി അറിയിച്ചു.