❝ 𝗖𝗢𝗣𝗔 𝟮𝟬𝟮𝟭 🇦🇷⚽ അർജന്റീനയുടെ അന്തരാഷ്ട്ര
🏆👑 കിരീട സ്വപ്നം 💪🔥 യഥാർഥ്യമാക്കാൻ
💎ഡിബാലയും ❞

അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് തന്റെ 15 വർഷം നീണ്ട കരിയറിൽ അപ്രാപ്യമായ ഒന്നാണ് ഒരു അന്തരാഷ്ട്ര കിരീടം. കരിയറിന്റെ അവസാനത്തേക്ക് കടക്കുന്ന മെസ്സിയുടെ അന്തരാഷ്ട്ര കിരീടത്തിനായുള്ള അവസാന അവസരങ്ങളിൽ ഒന്നാണ് അടുത്ത മാസം നടക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ്.2014 ലെ ലോകകപ്പ് ഫൈനലിൽ എത്തിയെങ്കിലും ഫൈനലിൽ പരാജയപെടാനായിരുന്നു വിധി. 1993 ൽ കോപ്പ അമേരിക്ക കിരീടം നേടിയതിനു ശേഷം അർജന്റീനക്ക് കിരീടം നേടാൻ സാധിച്ചിട്ടില്ല. 2015 ,2016 വർഷങ്ങളിൽ ഫൈനലിലെത്തിയെങ്കിലും ചിലിയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപെടാനായിരുന്നു വിധി.2019 ൽ സെമിയിൽ ബ്രസീലിനോട് പരാജയെപ്പെട്ട് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു. ശക്തമായ ടീമുമായി വരുന്ന ഈ വർഷം കിരീടം കൊണ്ട് പോകാൻ തന്നെയാണ് മെസ്സിയും കൂട്ടരുടെയും ശ്രമം.

വരുന്ന കോപ്പയിൽ അർജന്റീനയുടെ കിരീട പ്രതീക്ഷകൾക്ക് കരുത്ത് പകരാനെത്തുന്ന താരമാണ് യുവന്റസ് സൂപ്പർ താരം പോളോ ഡിബാല. 2015 ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ഡിബാല മെസ്സിയുടെ പിൻഗാമിയായി ടീമിലെത്തിയ താരം കൂടിയാണ്. മെസ്സിയെ പോലെ ഇടതു കാൽ കൊണ്ടുള്ള സുന്ദര ചലനങ്ങൾ കൊണ്ട് തന്നെയാണ് ഡിബാലയെ വ്യത്യസ്തനാക്കിയത്.
2015 ൽ ഇറ്റാലിയൻ ക്ലബ് പലെർമോയിൽ നിന്നും യുവന്റസിലെത്തിയ ഡിബാല സൂപ്പർകോപ്പ ഇറ്റാലിയാനയിൽ ലാസിയോയ്‌ക്കെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടി തന്റെ വരവറിയിച്ചു. അതിനു ശേഷം അർജന്റീനിയൻ താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പെട്ടെന്ന് തന്നെ യുവന്റസിന്റെ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്ത താരം ഒരു ഗോൾ സ്കോററായും പ്ലെ മേക്കറായും ഒരു പോലെ തിളങ്ങി. യുവന്റസിന്റെ എല്ലാ കിരീട നേട്ടത്തിലും നിർണായക പങ്കു വഴുക്കാനും ഡിബാലക്കായി. എന്നാൽ പരിക്ക് മൂലം ഈ സീസണിൽ തന്റെ സാനിധ്യം അറിയിക്കാൻ താരത്തിന് സാധിച്ചില്ല.

ക്രിസ്റ്റ്യാനോ റൊണാൾഡോ, മൊറാറ്റയും നയിക്കുന്ന യുവന്റസ് മുന്നേറ്റ നിരക്ക് ബോക്സിനു വെളിയിൽ കളി നിയന്ത്രിക്കുന്ന ഡിബാല നിരവധി അവസരങ്ങളാണ് ഒരുക്കി കൊടുക്കുന്നത്. പന്ത് തന്റെ കാലിൽ എത്തുമ്പോഴെല്ലാം മാന്ത്രിക കഴിവുകൾ സൃഷ്ടിക്കാൻ കഴിവുള്ള താരം കൂടിയാണ് ഡിബാല . വേഗതയും ,ഡ്രിബ്ലിങ്ങും, ബോക്സിനു പുറത്തു നിന്നും ഗോൾ നേടാനുള്ള കഴിവുമെല്ലാം ഒത്തു ചേർന്ന് ടീമിനെ ഒറ്റക്ക് ജയിപ്പിക്കാനുള്ള കഴിവുള്ള താരമായി ഡിബാല മാറി. കഴിഞ്ഞ 7 സീസണുകളിലായി യുവന്റസിനായി 100 ഗോളുകൾ നേടിയ ഡിബാല 2018 ൽ റൊണാൾഡോയുടെ വരവിനു ശേഷവും ടീമിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നതിൽ വിജയിച്ചു.സ്‌ട്രൈക്കറായും , വിങ്ങറായും , പ്ലെ മേക്കറായും കളിക്കാൻ കഴിയുന്ന താരം കൂടിയാണ് ഡിബാല.


കഴിഞ്ഞ ആറു വർഷമായി അർജന്റീനിയൻ ദേശീയ ടീമിലെത്തിയെങ്കിലും അവസരങ്ങൾ കുറവായതിനാൽ ക്ലബ്ബിലെ പ്രകടനം പുറത്തെടുക്കാൻ താരത്തിനായില്ല . അർജന്റീനിയൻ ദേശീയ ടീമിൽ ഡിബാലക്ക് അവസരം ലഭിക്കാത്തതിന്റെ പ്രധാന കാരണം മെസ്സി തന്നെയായിരുന്നു. ഒരേ പോസിഷനിലാണ് രണ്ട് താരങ്ങളും കളിക്കുന്നത് എന്നതാണ് അവസരങ്ങൾ കുറയാനുള്ള കാരണം .മെസ്സിയുടെ അഭാവത്തിൽ മാത്രമേ ഡിബാലക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാറുള്ളു.എന്നാൽ വരുന്ന കോപ്പയിൽ മെസ്സിയും ഡിബാലയും ഒരുമിച്ച് കളത്തിലിറങ്ങാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.

അർജന്റീനിയൻ ടീമിൽ ഒരു പ്ലെ മേക്കറുടെ റോളിൽ കളിക്കുന്ന മെസ്സി ഈ സീസണിൽ ബാഴ്സക്കായി 30 ഗോളുകൾ നേടിയെങ്കിലും ഒരു മിഡ്ഫീൽഡറായാണ് കൂടുതൽ മത്സരങ്ങളിലും ഇറങ്ങിയത്. അതിനാൽ അഗ്യൂറോ അല്ലെങ്കിൽ മാർട്ടിനെസ് എന്നിവരോടൊപ്പം സ്ട്രൈക്കറുടെ റോളിൽ ഡിബാലയെത്താനും സാധ്യതയുണ്ട് . പ്രതിഭകളുടെ ധാരാളിത്തം ഒന്ന് കൊണ്ട് മാത്രമാണ് ഡിബാലയുടെ കഴിവുകൾ അർജന്റീനക്ക് ഉപയോഗിക്കാൻ സാധിക്കാത്തത്.

29 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ മാത്രമാണ് ഡിബാലക്ക് അർജന്റീനക്ക് വേണ്ടി നേടാനായത്. കൂടുതൽ മത്സരങ്ങളിലും പകരക്കാരനായാണ് കളത്തിലിറങ്ങിയത്.തന്റെ അവസരത്തിനായി 27 കാരൻ കാത്തിരിക്കുകയാണ്. സ്കലോണി ഡിബാലക്ക് ആദ്യ പതിനൊന്നിൽ സ്ഥാനം നൽകുമോ എന്നത് കോപ്പക്ക് മുന്നേ ഉയരുന്ന ചോദ്യമാണ്.തന്റെ കഴിവ് പ്രകടിപ്പിക്കാനും ടീമിൽ സ്ഥാനമുറപ്പിക്കാനും ഗ്രൂപ്പ് ഘട്ടത്തിൽ ഡിബാലക്ക് ഒന്നോ രണ്ടോ ഗെയിം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാ അർജന്റീനിയൻ ആരാധകർ. 27 കാരനെ വേണ്ട വിധത്തിൽ ഉപയോഗിച്ചാൽ ഈ സീസണിൽ അർജന്റീനക്ക് മികച്ച ഫലം ഉണ്ടാവും എന്നതിൽ സംശയമില്ല.