❝വയസ്സ് 18 ,11 മാസം 70 മത്സരങ്ങൾ ; ക്ഷീണമെന്തെന്നറിയാത്ത താരം❞

ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡ് സാങ്കേതിക വിദഗ്ധരിൽ സംഭാവന ചെയ്ത രാജ്യങ്ങളിൽ ഒന്നാണ് സ്പെയിൻ. ആൻഡ്രസ് ഇനിയേസ്റ്റ, സാവി , സാബി അലോൺസോ, സെസ്ക് ഫാബ്രിഗാസ് തുടങ്ങി നിരവധി താരങ്ങളാണ് സ്പെയിനിൽ നിന്നും ഉയർന്നു വന്നിരിക്കുന്നത്. അവരുടെ ഇടയിലേക്ക് യൂറോ കപ്പോടെ ഉയർന്നു വന്ന കൗമാര താരമാണ് 18 കാരനായ പെഡ്രി. ഈ സീസണിൽ സ്പെയിനും ബാഴ്സലോണക്കും വേണ്ടി 11 മാസത്തിനിടെ 70 മത്സരങ്ങളാണ് താരം കളിച്ചു കൂട്ടിയത്.സ്പെയിൻ ഒളിമ്പിക് ഫൈനലിലെത്തിയാൽ അദ്ദേഹത്തിന് മൂന്ന് മത്സരങ്ങൾ കൂടി കളിക്കേണ്ടി വരും.

18-കാരനായ താരം നീണ്ട സീസണിൽ മാനസികമായും ശാരീരികമായും ക്ഷീണിതനാണെന്ന് ചിത്രങ്ങൾ കാണിച്ച് ധാരാളം ആരാധകർ ആശങ്കപ്പെട്ടിരുന്നു.2020/21 കാലയളവിൽ പെഡ്രി 52 തവണ ബാഴ്‌സലോണയ്ക്കായി കളിച്ചു, അതിൽ 40 എണ്ണം ആദ്യ ഇലവനിൽ ആയിരുന്നു. തുടർന്ന് യൂറോ കപ്പിൽ ആറു മത്സരങ്ങളിൽ എല്ലാ മിനിറ്റും കളിച്ചു. അതിനു ശേഷം ഒളിംപിക്സിലും താരം കളിക്കുന്നുണ്ട്. എന്നാൽ തനിക്ക് ക്ഷീണമില്ലെന്നും, താൻ എല്ലായ്പ്പോളും വിശ്രമിക്കാൻ ശ്രമിക്കുന്നതായും വ്യക്തമാക്കിയ പെഡ്രി, അല്പം ഉറക്കം കണ്ടെത്തുന്നത് തന്നെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമല്ലെന്നും, അത് തന്നെ വളരെയധികം സഹായിക്കുന്നതായും കൂട്ടിച്ചേർത്തു.

ഒളിംപിക്സിൽ സ്പെയിനിന്റെ ആദ്യ രണ്ട് ഗ്രൂപ്പ് ഗെയിമുകളിലും അദ്ദേഹം 90 മിനിറ്റ് കളിച്ചു, ബുധനാഴ്ച അർജന്റീനയുമായി 1-1 സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ 73 മിനുട്ട് വരെ കളിച്ചു. ഒളിമ്പിക്സ് മത്സരങ്ങൾ അവസാനിച്ചതിന് ഒരാഴ്ചക്ക് ശേഷം ബാഴ്സയ്ക്കൊപ്പം ല ലീഗ്‌ മത്സരങ്ങൾ ആരംഭിക്കും . കഴിഞ്ഞ സീസണിൽ ബാഴ്സയുടെ പ്രധാന താരമായ 18 കാരൻ അതിനുള്ള തയ്യറെടുപ്പിലാണ്.കഴിഞ്ഞ സീസണിൽ ബാഴ്സയുടെ ആദ്യ ടീമിലെത്തിയ കൗമാരക്കരന്റെ സ്ഥിതി വിവര കണക്കുകൾ മികച്ചതാണ്.

ബാഴ്സയ്ക്കൊപ്പം 37 ഗെയിമുകൾ കളിച്ച പെഡ്രി 88% പാസിംഗ് അക്ക്യൂറസി രേഖപ്പെടുത്തി, ഡ്രിബ്ലിങ് വിജയസാധ്യത 71%, 42 അവസരങ്ങൾ സൃഷ്ടിക്കുകയും 39 കീ പാസുകൾ നൽകുകയും ചെയ്തു.വളരെ സമർഥനായ ബാഴ്സ താരം എതിർ താരങ്ങളെ ഡ്രിബിൾ ചെയ്ത് വിങ്ങുകളിലേക്കും മുന്നേറ്റ നിരക്കും കാര്യക്ഷമമായി വിതരണം ചെയ്യുന്ന പെഡ്രി ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. മാനേജർ ലൂയിസ് എൻറിക് യൂറോയിൽ ഏറ്റവും കൂടുതൽ ആശ്രയിച്ചിട്ടുള്ള കളിക്കാരനാണ് പെഡ്രി .