❝മറുപടിയായി ചിരി നൽകാതിരിക്കുക അസാധ്യം❞ ; നെയ്മറെ അഭിനന്ദിച്ച് ഇതിഹാസം പെലെ

ബ്രസീലിന്റെ മഞ്ഞ ജേഴ്സിയിൽ നെയ്മർ എല്ലായ്‌പോഴും അപകടകാരിയാണ്. കോപ്പ അമേരിക്കയിൽ ഇന്ന് പെറുവിനെതിരെയുള്ള പ്രകടനം മാത്രം മതി അത് മനസ്സ്സിലാക്കുവാൻ. ഒരു താരത്തിന് തന്റെ ടീമിനെ എത്രത്തോളം സ്വാധീനിക്കാൻ കഴിയുമെന്ന ചോദ്യത്തിന് ഉത്തരം കൂടിയായിരുന്നു പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത മത്സരം.നെയ്മറിന്റെ കൊലുന്നനെയുള്ള കാലുകളുടെ കൊള്ളിയാൻ ചലനങ്ങളാണ് ബ്രസീലിയൻ ആക്രമണങ്ങളുടെ പേസും ടെമ്പോയും നിലനിർത്തിയത്. ഒരു ഗോൾ നേടി എന്നതുമാത്രമല്ല ടീമിന്റെ ആകെ പെർഫോമൻസിൽ ഏറ്റവും കൂടുതൽ കോൺട്രിബ്യൂട്ട് ചെയ്തു എന്നതിലാണ് നെയ്മറിന്റെ മിടുക്ക്. വലയിൽ വീണ നാലു ഗോളുകളിലും വലയിലാകാതെ പോയ ഒരു ഡസനോളം അവസരങ്ങളിലും അയാളുടെ കാൽസ്പർശമുണ്ടായിരുന്നു.

ഇന്നത്തെ നെയ്മറിന്റെ പ്രകടനത്തെ പുകഴ്ത്തി ബ്രസീലിയൻ ഇതിഹാസം പെലെ രംഗത്തെത്തിയിരിക്കുകയാണ്.ബ്രസീലിന്റെ എക്കാലത്തേയും വലിയ ​ഗോൾവേട്ടക്കാരൻ എന്ന തന്റെ റെക്കോർഡ് നെയ്മർ മറികടന്ന് കാണാൻ ആ​ഗ്രഹിക്കുന്നതായി പെലെ പറഞ്ഞു . 77 ​ഗോളുകളാണ് ബ്രസീലിനായി പെലെ വലയിലാക്കിയത്. 68 ​ഗോളുകളാണ് ഇതുവരെ നെയ്മർ ബ്രസീലിനായി നേടിയത്. പിച്ചിൽ നെയ്മർ എല്ലാം നൽകി കളിക്കുന്നത് കാണുമ്പോൾ മറുപടിയായി ചിരി നൽകാതിരിക്കുക അസാധ്യമാണെന്ന് പെലെ പറഞ്ഞു. ഏത് സമയം ഞാൻ കാണുമ്പോഴും അവൻ ചിരിക്കുകയായിരിക്കും. മറ്റ് ബ്രസീലിയക്കാരെ പോലെ എനിക്കും നെയ്മർ കളിക്കുന്നത് കാണുമ്പോഴെല്ലാം സന്തോഷമാണ്. ഇന്ന് ബ്രസീലിനായുള്ള എന്റെ ​ഗോൾ റെക്കോർഡിനോട് അടുത്ത് ഒരു ചുവടുകൂടി നെയ്മർ മുൻപോട്ട് വെച്ചു. അവിടേക്ക് നെയ്മർ എത്താനായി ഞാൻ കാത്തിരിക്കുന്നു, അവൻ ആദ്യം കളിക്കുന്നത് കണ്ടപ്പോഴുള്ള അതേ സന്തോഷത്തോടെ ഇന്നും…പെലെ പറഞ്ഞു.

പെലെയുടെ റെക്കോർഡിന് അടുത്തെത്തിയത് ഹൃദയം തൊടുന്നതാണെന്ന് പെറുവിനെതിരായ കളിക്ക് ശേഷം നെയ്മർ പറഞ്ഞു. ബ്രസീലിന് വേണ്ടി കളിക്കുക എന്നതായിരുന്നു എന്റെ സ്വപ്നം, ഈ ജേഴ്സി ധരിക്കുന്നത്. ഈ സംഖ്യകളിലേക്ക് എത്തുന്നത് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് വർഷം ഞാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. ബ്രസീലിന് വേണ്ടി കളിക്കുന്നതിലും വലിയ സന്തോഷമല്ല ഈ കണക്കുകൾ. കാരണം ഈ കണക്കുകൾക്ക് അർഥമില്ല. ബ്രസീലിനെ പ്രതിനിധീകരിക്കുക എന്നതാണ് വലിയ ആനന്ദം എന്നും നെയ്മർ പറഞ്ഞു.

പെലെയുടെ റെക്കോർഡ് തകർക്കാൻ 10 ​ഗോളുകളാണ് 29കാരനായ നെയ്മർക്ക് ഇനി വേണ്ടത്. ഇതിനായി നെയ്മർക്ക് മുൻപിൽ ഇനിയും ഒരുപാട് സമയമുണ്ടെന്ന് വ്യക്തം. 92 മത്സരങ്ങളിൽ നിന്നാണ് പെലെ ബ്രസീലിനായി 77 ​ഗോളുകൾ നേടിയത്. എന്നാൽ നെയ്മർ ഇതിനോടകം 107 മത്സരങ്ങൾ കളിച്ചു. പെറുവിനെതിരായ കോപ്പ അമേരിക്കയിലെ മത്സരത്തിൽ കളം നിറഞ്ഞായിരുന്നു നെയ്മറുടെ കളി. ​ഏറെ നാളായി പ്രതിസന്ധിയിലൂടെയാണ് തന്റെ ജനത കടന്ന് പോകുന്നത് എന്നും അവർക്ക് അഭിമാനക്കാനുള്ള കാരണങ്ങൾ സൃഷ്ടിക്കുകയാണെന്നും നെയ്മർ പറഞ്ഞു.

കഴിഞ്ഞ 4 മത്സരങ്ങളിലും സ്കോർ ചെയ്യാൻ നെയ്മർക്കു കഴിഞ്ഞു. ഇന്നത്തെ മത്സരമൊഴിച്ച് ബാക്കി മൂന്നിലും ഓരോ അസിസ്റ്റും സ്വന്തം പേരിലാക്കിയിരുന്നു.2020-21 സീസണിൽ രാജ്യത്തിനായി കളിച്ച 6 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും 5 അസിസ്റ്റുകളും നെയ്മർ നേടിക്കഴിഞ്ഞു.

Rate this post