❝ഖത്തർ വേൾഡ് കപ്പിന് ശേഷം പെപ് ഗ്വാർഡിയോളയെ പരിശീലകനാക്കാൻ ഒരുങ്ങി ബ്രസീൽ❞| Brazil

2022 ലെ ഖത്തർ ലോകകപ്പിന് ശേഷം ടിറ്റെ ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാൻ സാധ്യതയുണ്ട്. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) 60 കാരനായ കോച്ചിന്റെ പിൻഗാമിയായി പെപ് ഗ്വാർഡിയോളയെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് .ടിറ്റെ സ്ഥാനമൊഴിയുന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ കോർഡിനേറ്ററായ ജുനിന്യോ പൗലിസ്റ്റ അതിന്റെ സൂചനകൾ നൽകിക്കഴിഞ്ഞിട്ടുണ്ട്.

ബ്രസീൽ നിലവിൽ തങ്ങളുടെ പ്രാഥമിക ലക്ഷ്യം നേടുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്, അത് ലോകകപ്പ് നേടുക എന്നതാണ് എന്നാൽ അവർ ഒരേസമയം ദേശീയ ടീമിന്റെ ഭാവിക്കായി പദ്ധതികൾ തയ്യാറാക്കുകയാണ്.ലോകകപ്പിന് ശേഷം ബ്രസീലിയൻ കോച്ച് “ഒരുപക്ഷേ പോകും” എന്ന് CBF ഡയറക്ടർ ജുനിഞ്ഞോ പോളിസ്റ്റ മാർക്കയോട് പറഞ്ഞതായി ഗ്ലോബോ എസ്പോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു.

മാർച്ച് അവസാനം എഡ്‌നാൾഡോ റോഡ്രിഗസ് സിബിഎഫിന്റെ പ്രസിഡന്റായതിന് ശേഷം ടൈറ്റിന്റെ പിൻഗാമിയായി ഗ്വാർഡിയോളയെ പ്രധാന സ്ഥാനാർത്ഥിയായി കണ്ടിരുന്നു.ടിറ്റെയുടെ പിൻഗാമി വിദേശത്ത് നിന്നായിരിക്കുമെന്ന് CBF അംഗങ്ങൾ സമ്മതിച്ചു, മാഞ്ചസ്റ്റർ സിറ്റി ബോസിനെ ഈ റോളിന് അനുയോജ്യമായ വ്യക്തിയായി അവർ കാണുകയും ചെയ്തു .

2026 ലോകകപ്പ് വരെ കറ്റാലൻ കോച്ചിന് നാല് വർഷത്തെ കരാർ വാഗ്ദാനം ചെയ്യുന്നതിനായി സിബിഎഫ് ഗാർഡിയോളയുടെ സഹോദരനും ഏജന്റുമായ പെരെയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബ്രസീലിയൻ പരിശീലകനായാൽ നികുതിക്ക് ശേഷം ഗ്വാർഡിയോളക്ക് ഏകദേശം 12 ദശലക്ഷം യൂറോ ലഭിക്കും, ഇത് സിറ്റിയിൽ പ്രതിവർഷം സമ്പാദിക്കുന്ന 20 മില്യൺ യൂറോയേക്കാൾ കുറവാണ്. എന്നാൽ ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ള ഗ്വാർഡിയോള അത് സ്വീകരിക്കാനുള്ള സാധ്യതയുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കറ്റാലൻ പരിശീലകന്റെ കരാർ 2023 വരെയാണ്. അത്കൊണ്ട് തന്നെ വേൾഡ് കപ്പിന് ശേഷമാകും ബ്രസീലിലേക്ക് ചേക്കേറുക. 2026-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പ് വരെയെങ്കിലും ഗാർഡിയോളയുടെ ചുമതല വഹിക്കുമെന്ന് ബ്രസീൽ പ്രതീക്ഷിക്കുന്നു. 2024 ലെ കോപ്പ അമേരിക്കയും ബ്രസീൽ ലക്ഷ്യമിടുന്നുണ്ട്.