❝ചരിത്രത്തിലെ നാലോ അഞ്ചോ കളിക്കാർക്ക് മാത്രമാണ് മെസിയുടെ മത്സരബുദ്ധിയുള്ളത്❞ – പെപ് ഗ്വാർഡിയോള

ലയണൽ മെസ്സിയുടെ ഫുട്ബോൾ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു ബാഴ്‌സലോണയിൽ മുൻ പരിശീലകൻ പെപ് ഗ്വാർഡിയോളയുമായുണ്ടായത്. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ലയണൽ മെസ്സിയോടുള്ള ആദരവ് പല തവണ പ്രകടിപ്പിച്ചിട്ടുണ്ട്.ഈ സീസണോടെ കരാറവസാനിക്കുന്ന മെസി ബാഴ്‌സലോണയിൽ തുടരുന്ന കാര്യം ഇതുവരെയും തീരുമാനമാകാതെ നിൽക്കുകയും ചേക്കേറാൻ സാധ്യതയുള്ള ക്ലബുകളിൽ ഒന്നായി മാഞ്ചസ്റ്റർ സിറ്റിയുടെ പേര് ഉയർന്നു കേൾക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മെസിയെ പ്രശംസിച്ച് പെപ് ഗ്വാർഡിയോള രംഗത്തെത്തിയിരിക്കുന്നത്.

മെസി വളരെ ശക്തനാണ് കരുത്തുറ്റ താരമാണ്. അദ്ദേഹത്തിന്റെ കഴിവുകൾക്കുമപ്പുറം മനോഭാവവും ബുദ്ധിയുമാണ് അങ്ങിനെയാക്കുന്നത്.” മുൻ ഇറ്റാലിയൻ താരങ്ങളായ ക്രിസ്റ്റ്യൻ വിയേരി, അന്റോണിയോ കസാനോ, ഡാനിയേല അഡാനി എന്നിവർക്കൊപ്പം ട്വിച്ച് അഭിമുഖത്തിൽ സംസാരിക്കുമ്പോൾ പെപ് ഗ്വാർഡിയോള പറഞ്ഞു.”ബാഴ്‌സലോണയിലെ എന്റെ നാലു വർഷങ്ങളിൽ ഞങ്ങൾ ഒരുപാട് മത്സരങ്ങൾ ട്രെയിനിങ്ങിൽ കളിച്ചിട്ടുള്ളതിൽ ഒരെണ്ണം പോലും മെസി തോറ്റിട്ടില്ല. ചരിത്രത്തിൽ നാലോ അഞ്ചോ കളിക്കാർക്ക് മാത്രമേ മത്സരപരമായ മാനസികാവസ്ഥയുള്ളൂ, അവർ വളരെ വ്യത്യസ്ഥരാണ്‌” ഗ്വാർഡിയോള കൂട്ടിച്ചേർത്തു.


അതേസമയം, ബാഴ്‌സലോണയുമായുള്ള മെസ്സിയുടെ കരാർ അടുത്ത മാസം അവസാനിക്കും. തന്റെ ഭാവിയെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലാത്ത മെസ്സിയെ നൗ ക്യാമ്പിൽ തന്നെ നിലനിർത്താനാണ് ബാഴ്സ ശ്രമം. എന്നാൽ സബാഴ്സയിൽ നിന്നും പുറത്തു കടക്കാൻ ആഗ്രഹിക്കുന്ന മെസ്സിയെ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബ്ബുകളിലൊന്നാണ് സിറ്റി. പെപ് ഗ്വാർഡിയോളയുടെ സാന്നിധ്യം തന്നെയാണ് മെസ്സിയെ സിറ്റിയിലേക്ക് അടുപ്പിക്കുന്നത്. കഴിഞ്ഞ സീസൺ അവസാനിച്ചപ്പോഴും മെസ്സിയെയും സിറ്റിയെയും ബന്ധപ്പെടുത്തി വാർത്തകൾ പുറത്തു വന്നിരുന്നു.

എന്നാൽ ക്ലബ് വിടാനുള്ള ആഗ്രഹം മെസ്സി പ്രകടിപ്പിച്ചെങ്കിലും ക്ലബ് നേതൃത്വം അതിനനുവദിച്ചില്ല. ബാഴ്‌സലോണ സമ്മതം നൽകിയിരുന്നെങ്കിൽ മെസി തീർച്ചയായും ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി താരമായേനെ.2008 മുതൽ 2012 വരെ ഗ്വാർഡിയോള ബാഴ്‌സലോണ മാനേജറായിരുന്നു ആ കാലയളവിൽ മെസ്സി 14 ട്രോഫികൾ നേടി.ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയും മെസിക്കു വേണ്ടി സജീവമായി രംഗത്തുണ്ട്. തന്റെ അടുത്ത സുഹൃത്തായ നെയ്‌മർ ടീമിലുള്ളതു കൊണ്ടു തന്നെ പിഎസ്‌ജിയെയും മെസി പരിഗണിക്കാൻ സാധ്യതയുണ്ട്.