❝പത്തു വർഷത്തിന് ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നം കണ്ട് പെപ് ഗ്വാർഡിയോള❞

പോർട്ടോയിലെ എസ്റ്റാഡിയോ ഡോ ഡ്രഗാവോ സ്റ്റേഡിയത്തിൽ ചെൽസിയുമായുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ കടുത്ത വ്യാകുലതകൾ ഇല്ലാതെയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള മത്സരത്തിനെത്തുന്നത്.”ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യൻ” എന്നാണ് പെപ് തന്നെ സ്വയം പ്രഖ്യാപിച്ചത്. പത്തു വർഷം മുൻപ് വെംബ്ലിയിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-1 ന് തോൽപ്പിച്ച് ബാഴ്സലോണക്ക് കിരീടം നേടികൊടുത്തതിന് ശേഷം കിരീടം നേടാൻ പെപ്പിനായിട്ടില്ല. മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടർ ഫൈനലിനപ്പുറം എത്തിക്കാൻ സാധിക്കാതിരുന്ന പെപ് ഈ സീസണിൽ കിരീട ഉറപ്പിച്ചു തന്നെയാണ് ഫൈനലിറങ്ങുന്നത്.

2010 -11 സീസണിന് ശേഷം ഒരു തവണ ബാഴ്സയ്ക്കൊപ്പവും മൂന്നു തവണ ബയേൺ മ്യൂണിക്കിനൊപ്പവും സെമി ഫൈനലിൽ പുറത്തായി. എന്നാൽ ഈ സീസണിൽ നാല് തവണ വീണ സെമി ഫൈനൽ കടമ്പ മറികടന്ന പെപ് പ്രീ ക്വാർട്ടർ , ക്വാർട്ടർ , സെമിയിലും ബോറുസിയ മോൺചെൻഗ്ലാഡ്ബാച്ച്, ബോറുസിയ ഡോർട്മണ്ട്, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവർക്കെതിരെ ഇരു പാദങ്ങളിലുമായി നാല് ഗോൾ വീതം നേടി സർവ്വാധിപത്യത്തോടെയാണ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്.

2010 -11 ലെ കിരീട നേട്ടത്തിന് ശേഷം അടുത്ത സീസണിൽ ബാഴ്സയ്ക്കൊപ്പം സെമി വരെ എത്താൻ മാത്രമേ പെപ്പിനു സാധിക്കുള്ളു. ഇരു പാദങ്ങളിലുമായി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ചെൽസിക്ക് മുന്നിലാണ് അന്ന് ബാഴ്സ കീഴടങ്ങിയത്. 2013 -14 സീസണിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിലെത്തിയ പെപ് ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്താം എന്ന ലക്‌ഷ്യം മുൻ നിർത്തിയാനെത്തിയത്. എന്നാൽ ഇരു പാദങ്ങളിലുമായി സ്വന്തം ഗ്രൗണ്ടിൽ ഏറ്റ നാല് ഗോൾ തോൽവി ഉൾപ്പെടെ 5 ഗോളുകളുടെ പരാജയമാണ് റയൽ മാഡ്രിഡിനെതിരെ ഏറ്റുവാങ്ങിയത്.2014 -15 സീസണിൽ സെമിയിൽ മുൻ ക്ലബായ ബാഴ്സലോണ ഇരു പാദങ്ങളിലുമായി മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ബയേണിനെ പരാജയപെടുത്തി. ആ സീസണിൽ ബാഴ്സ തന്നെയായിരുന്നു ചാമ്പ്യന്മാർ.

2015 -16 ൽ സെമിയിൽ അത്ലറ്റികോ മാഡ്രിഡിനോട് എവേ ഗോളിലാണ് ബയേൺ പുറത്താവുന്നത്. 2016 -17 സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ പെപ്പിന്റെ ചാമ്പ്യൻസ് ലീഗ് ഗ്രാഫ് താഴോട്ടായിരുന്നു.പ്രീ ക്വാർട്ടറിൽ മോണോക്കയോട് എവേ ഗോളുകളിലാണ് സിറ്റി പുറത്തായത്. ( 5 -3 ,1 -3 ). 2017 -18 സീസണിൽ ക്വാർട്ടറിലേക്ക് മുന്നേറിയ സിറ്റിയെ ലിവർപൂൾ ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്തു വിട്ടു. 2018 -19 സീസണിൽ മറ്റൊരു ഇംഗ്ലീഷ് ക്ലബായ ടോട്ടൻഹാമിനോട് എവേ പരാജയപെടാനായിരുന്നു പെപ്പിന്റെ വിധി . 2019 -20 സീസണിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഫ്രഞ്ച് ക്ലബ് ലിയോണിനോട് പരാജയപെട്ടു.

എന്നാൽ ഈ സീസണിൽ സ്ഥിഗതികൾ വളരെ വ്യത്യസ്തമായിരുന്നു. ഗ്രൂപ് ഘട്ടം മുതൽ തോൽവി അറിയാതെയാണ് സിറ്റി ഫൈനലിലെത്തിയത് . ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചു വിജയങ്ങളും ഒരു സമനിലയുമായാണ് മുന്നേറിയത്. പ്രീ ക്വാർട്ടറിൽ ബോറുസിയ മോൺചെൻഗ്ലാഡ്ബാച്ചിനെ ( 2 -0 , 0 -2 ) എന്ന സ്കോറിലും ക്വാർട്ടറിൽ ഡോർട്മുണ്ടിനെ ( 2 -1 ,1 -2 ) എന്ന സ്കോറിനും ,സെമിയിൽ പിഎസ്ജി യെ ( 1 -2 ,2 -0 ) എന്ന സ്കോറിനും പരാജയപെടുത്തി. കരുത്തരാണെങ്കിലും ഫൈനലിൽ ചെൽസിയെ മറികടക്കാനവും എന്ന തികഞ്ഞ അആത്മവിശ്വാസം പെപ്പിനുണ്ട്. പ്രീമിയർ ലീഗ് കിരീടവും ,കാരാബാവോ കപ്പിനും ശേഷം സിറ്റി ഏറെ ആഗ്രഹിച്ച ചാമ്പ്യൻസ് ലീഗും നേടി ട്രെബിൾ തികക്കാനുമാവും.

Rate this post