ഐപിഎല്ലില്‍ ഒരു മല്‍സരം പോലും കളിക്കാത്ത സൂപ്പര്‍ താരങ്ങള്‍

നിലവില്‍ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ടി 20 ക്രിക്കറ്റ് ലീഗായി മാറിയ ഐപിഎല്ലില്‍ കളിക്കാനാഗ്രഹിക്കാത്ത ക്രിക്കറ്റ് താരങ്ങളുണ്ടാവില്ല. ഐപിഎല്ലിലൂടെ ലഭിക്കുന്ന പ്രശസ്തിയും പണവുമെല്ലാം താരങ്ങളെ ഈ ടൂര്‍ണമെന്റിനോടു അടുപ്പിക്കുന്നു. ഐപിഎല്ലില്‍ ഒരിക്കല്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ചില മിന്നും താരങ്ങളുണ്ട്. മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ളവരായിട്ടും അവര്‍ക്കു ഐപിഎല്ലില്‍ കളിക്കാന്‍ കഴിയാതിരുന്നതിന്റെ നഷ്ടം ക്രിക്കറ്റ് പ്രേമികളുടേത് കൂടിയാണ്. ആരൊക്കയാണ് ഈ താരങ്ങളെന്നു നമുക്കു നോക്കാം.

picture source / AP


സ്റ്റുവര്‍ട്ട് ബ്രോഡ്
ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് കരിയറില്‍ ഇതുവരെ ഐപിഎല്ലില്‍ പന്തെറിഞ്ഞിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയായ അദ്ദേഹം ഇപ്പോഴും മല്‍സരരംഗത്തുണ്ടെങ്കിലും ഐപിഎല്ലിന്റെ വാതില്‍ അടഞ്ഞു തന്നെ നില്‍ക്കുകയാണ്. നിലവില്‍ ഇംഗ്ലണ്ടിന്റെ ടി20 ടീമിന്റെ ഭാഗമല്ലെങ്കിലും ഈ ഫോര്‍മാറ്റില്‍ അവര്‍ക്കു വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് ബ്രോഡാണ്. 2011ലെ ഐപിഎല്ലില്‍ പേസര്‍ കളിക്കേണ്ടതായിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബ് ലേലത്തില്‍ ബ്രോഡിനെ സ്വന്തമാക്കിയിരുന്നെങ്കിലും പരിക്കു കാരണം സീസണില്‍ നിന്നും അദ്ദേഹത്തിനു പിന്‍മാറേണ്ടി വന്നു. 12ലും ബ്രോഡിനെ പഞ്ചാബ് നിലനിര്‍ത്തിയെങ്കിലും ഇത്തവണയും പരിക്ക് വില്ലനായി. തുടര്‍ന്ന് പഞ്ചാബ് ഒഴിവാക്കിയ ബ്രോഡിനെ പിന്നീടൊരു ടീമും ലേലത്തില്‍ വാങ്ങിയില്ല.

picture source / AP


ബ്രയാന്‍ ലാറ
ഐപിഎല്ലിന്റെ ഏറ്റവും വലിയ നഷ്ടമെന്നു ചൂണ്ടിക്കാണിക്കാവുന്നത് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ ഒരു മല്‍സരം പോലും കളിച്ചിട്ടില്ലെന്നതാണ്. തന്റെ കാലഘട്ടത്തില്‍ കളിച്ചിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ് അടക്കമുള്ളവര്‍ ഐപിഎല്ലിന്റെ ഭാഗമായെങ്കിലും ലാറയെ ഒരിക്കലും ടൂര്‍ണമെന്റില്‍ കണ്ടില്ല. 2007ലായിരുന്നു അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. തൊട്ടടുത്ത വര്‍ഷം ആരംഭിച്ച ഐപിഎല്ലില്‍ ലാറ കളിച്ചേക്കുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഐപിഎല്ലില്‍ കളിക്കണമെന്ന ആഗ്രഹം ലാറയ്ക്കുണ്ടായിരുന്നു. 2011ലെ ലേലത്തില്‍ അദ്ദേഹം പേര് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ തയ്യാറായില്ല. അന്ന് 42 വയസ്സായിരുന്നു ലാറയുടെ പ്രായം. പിന്നീടൊരിക്കലും വിന്‍ഡീസ് ഇതിഹാസം ലേലത്തിനു രജിസ്റ്റര്‍ ചെയ്തിട്ടുമില്ല.

picture source / AFP


കെവിന്‍ ഒബ്രെയ്ന്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഐറിഷ് ടീം ചില വമ്പന്‍ അട്ടിമറികള്‍ സൃഷ്ടിച്ചപ്പോള്‍ അവയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരം കൂടിയാണ് ഈ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഒബ്രെയ്ന്‍ . 2011ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയര്‍ലാന്‍ഡ് ലോകത്തെ അദ്ഭുതപ്പെടുത്തിയപ്പോള്‍ ടീമിന്റെ ഹീറോ ഒബ്രെയ്‌നായിരുന്നു. ഐറിഷ് ക്രിക്കറ്റിലെ സൂപ്പര്‍ താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരം കൂടിയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലായി നിരവധി ഫ്രാഞ്ചൈസി ലീഗുകളില്‍ ഒബ്രെയ്ന്‍ തന്റെ ഫിനിഷിങ് പാടവം പുറത്തെടുത്തിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയും താരത്തിനായി താല്‍പ്പര്യം കാണിച്ചിട്ടില്ല. 34 കാരനായ ഒബ്രെയ്ന്‍ 2009 മുതല്‍ 13 വരെ പല ഐപിഎല്‍ ലേലങ്ങളിലും പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷെ ഒരു ഫ്രാഞ്ചൈസിയും അദ്ദേഹത്തെ വാങ്ങാന്‍ തയ്യാറാവാതിരുന്നത് ആശ്ചര്യകരമാണ്.

picture source / PTI


മുഷ്ഫിഖുര്‍ റഹീം
മികച്ച വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീമിനെയും ഐപിഎല്ലില്‍ ഇതുവരെ കാണാന്‍ നമുക്കായിട്ടില്ല. ബംഗ്ലാദേശ് ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഫിനിഷറെന്ന നിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുഷ്ഫിഖുര്‍ പല തവണ തന്റെ മികവ് തെളിയിച്ചിട്ടുമുണ്ട്. പാകിസ്താന്‍, ബംഗ്ലാദേശ് എന്നീവിടങ്ങളിലെ ടി20 ലീഗുകളില്‍ താരം കളിച്ചു കഴിഞ്ഞെങ്കിലും ഐപിഎല്ലില്‍ ഇനിയും അരങ്ങേറിയിട്ടില്ല. ഇന്ത്യക്കെതിരേ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് 33 കാരനായ മുഷ്ഫിഖുര്‍. ഐപിഎല്‍ ലേലത്തില്‍ പല തവണ അദ്ദേഹം പേര് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ മുന്നോട്ടുവന്നില്ല. ഇതില്‍ തനിക്കു നിരാശയുണ്ടെന്നും ഒരു അഭിമുഖത്തില്‍ മുഷ്ഫിഖുര്‍ തുറന്നു പറഞ്ഞിരുന്നു.

( കടപ്പാട്)