ഐപിഎല്ലിൽ കൂടുതൽ അർധസെഞ്ചുറി നേടിയിട്ടും സെഞ്ച്വറി നേടാതെ പോയ താരങ്ങൾ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും മൂന്നുദിവസം മാത്രമാണുള്ളത് . ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരിടും . സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ മൈതാനത്ത് ഇത്തവണ കിരീടം ആര്‍ക്കെന്ന് പ്രവചിക്കുക അസാധ്യം.ഐപിഎല്ലിന്റെ ചരിത്രത്തില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയവരുടെ പട്ടികയിലെ മുന്‍നിരക്കാരാണെങ്കിലും ഇതുവരെ സെഞ്ച്വറി നേടാന്‍ സാധിക്കാത്ത അഞ്ച് താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

(Photo: IANS)


ശിഖര്‍ ധവാന്‍
ഐപിഎല്ലില്‍ മികച്ച സ്ഥിരതയോടെ കളിക്കുന്ന താരമാണ് ശിഖര്‍ ധവാന്‍. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ് എന്നിവര്‍ക്കെല്ലാം വേണ്ടി കളിച്ചുള്ള ധവാന്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ്. ഐപിഎല്ലില്‍ 38 അര്‍ധ സെഞ്ച്വറി സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഒരു സെഞ്ച്വറി പോലും ധവാന്റെ പേരിലില്ല. 33.17 ശരാശരിയിലുള്ള ധവാന്റെ ഉയര്‍ന്ന സ്‌കോര്‍ 97 റണ്‍സാണ്.

(Photo: IANS)


ഗൗതം ഗംഭീര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടത്തിലേക്ക് നയിച്ച മുന്‍ നായകന്‍ ഗൗതം ഗംഭീര്‍ 36 തവണ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ഒരു തവണപോലും സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല. 154 മത്സരത്തില്‍ നിന്ന് 31.03 ശരാശരിയില്‍ 4218 റണ്‍സ് നേടിയിട്ടുള്ള ഗംഭീറിന്റെ ഉയര്‍ന്ന സ്‌കോര്‍ 93 റണ്‍സാണ്. ഡല്‍ഹി ക്യാപിറ്റല്‍സിലൂടെയാണ് ഗംഭീര്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ചത്.

(Photo: AFP)


റോബിന്‍ ഉത്തപ്പ
ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ള ബാറ്റ്‌സ്മാനാണ് റോബിന്‍ ഉത്തപ്പ. മികച്ച ബാറ്റിങ് റെക്കോഡ് ഐപിഎല്ലില്‍ അവകാശപ്പെടാന്‍ സാധിക്കുന്ന ഉത്തപ്പ 24 തവണ ഐപിഎല്ലില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ഒരു തവണപോലും ഇത് സെഞ്ച്വറിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായ ഉത്തപ്പ 177 മത്സരത്തില്‍ നിന്ന് 4411 റണ്‍സാണ് നേടിയിട്ടുള്ളത്. 87 റണ്‍സാണ് ഉത്തപ്പയുടെ ഉയര്‍ന്ന സ്‌കോര്‍.

(Photo: IPL)


എം എസ് ധോണി
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്ന് ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ സിഎസ്‌കെ നായകനായി തുടരും. ഇതുവരെ 23 അര്‍ധ സെഞ്ച്വറി ധോണി സ്വന്തം പേരിലാക്കിയിട്ടുണ്ടെങ്കിലും ഒരു തവണപോലും സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല. 190 ഐപിഎല്ലില്‍ നിന്ന് 42.21 ശരാശരിയില്‍ 4432 റണ്‍സ് നേടിയ ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍ 84 റണ്‍സാണ്.

(Photo: BCCI)


ദിനേഷ് കാര്‍ത്തിക്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായ ദിനേഷ് കാര്‍ത്തിക് ഐപിഎല്ലില്‍ 18 അര്‍ധ സെഞ്ച്വറിയാണ് നേടിയിട്ടുള്ളത്. എന്നാല്‍ ഇതുവരെ ഒരു സെഞ്ച്വറി പോലും നേടാന്‍ കാര്‍ത്തികിന് സാധിച്ചിട്ടില്ല. 182 മത്സരത്തില്‍ നിന്ന് 3654 റണ്‍സ് നേടിയിട്ടുള്ള കാര്‍ത്തികിന്റെ ഉയര്‍ന്ന സ്‌കോര്‍ 97 റണ്‍സാണ്. ഇത്തവണയും കെകെആര്‍ നിരയില്‍ ദിനേഷ് കാര്‍ത്തികുണ്ട്.