യൂറോകപ്പിലെ ഗ്ലാമര്‍ ടീമുകളിലൊന്ന് പോർച്ചുഗൽ . നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ അവർ കിരീടം നിലനിര്‍ത്താന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യം തന്നെയാണ് ടീമിന്റെ കരുത്ത്.ക്രിസ്റ്റ്യാനോയുടെ അഭാവത്തിലും ഏത് എതിരാളിയെയും നേരിടാനുള്ള പ്രതിഭാശക്തി ടീമിനുണ്ട്. ഫെര്‍ണാണ്ടോ സാന്റോസ് എന്ന തന്ത്രശാലിയായ പരിശീലകനാണ് പോര്‍ച്ചുഗലിനെ സംഘടിതമായ ടീമാക്കി മാറ്റിയത്. യൂറോകപ്പിലും നേഷന്‍സ് കപ്പിലും സാന്റോസ് വിജയത്തിലെത്തിച്ചു.ക്രിസ്റ്റ്യാനോയുടെ മികവിനൊപ്പം ഫെർണാണ്ടോ സാന്റോസ് എന്ന സൂപ്പർ പരിശീലകന്റെ തന്ത്രങ്ങൾ കൂടി ചേരുമ്പോൾ പോർച്ചുഗീസുകാർക്ക് ആത്മവിശ്വാസം വർധിക്കും. 2014 മുതൽ ടീമിനെ പരിശീലിപ്പിക്കുന്നത് സാന്റോസ് ആണ്. ക്രിസ്റ്റ്യാനോ എന്ന ഒറ്റൊരാളിൽ കേന്ദ്രീകരിച്ച് മുന്നേറിയിരുന്ന പോർച്ചുഗൽ സംഘത്തെ ഒത്തിണക്കമുള്ള ടീമായി പരിവർത്തിപ്പിച്ചത് അദ്ദേഹമായിരുന്നു.
റൊണാൾഡോ,ഡീഗോ ജോട്ട, ജാവോ ഫെലിക്സ്, ആന്ദ്രെ സില്‍വ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരടങ്ങിയ മുൻനിര യൂറോപ്പിലെ തന്നെ മികച്ചതും ഏത് പ്രതിരോധത്തെയും തകർക്കാൻ കരുത്തുള്ളതാണ്. എന്നാൽ മുന്നേറ്റത്തേക്കാൾ കരുത്തുള്ള പ്രതിരോധ നിരയുമായാണ് പോർച്ചുഗൽ യൂറോ കപ്പിനെത്തുന്നത്. ഈ യൂറോ കപ്പിലെ ഏറ്റവും കരുത്തുള്ള പ്രതിരോധം പോർച്ചുഗലിന് സ്വന്തമാണ്. യുവത്വം പരിചയസമ്പത്തും ഒരു പോലെ സംയോജിച്ച പോർച്ചുഗീസ് ഡിഫെൻസ് തകർക്കാൻ എതിരാളികൾ നന്നേ കഷ്ടപ്പെടും എന്നുറപ്പാണ്.പ്രതിരോധത്തിൽ ഇളകാ പാറയായി തുടരുന്ന വെറ്ററൻ പെപ്പെയും ,ഫ്രഞ്ച് ലീഗിൽ ലില്ലെയെ ചാമ്പ്യനാമരക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച താരം ജോസ് ഫൊണ്ടെ, പ്രീമിയർ ലീഗിൽ ഇത്തവണ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട റൂബൻ ഡയസ്, ബാഴ്സലോണയിൽനിന്ന് കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ വൂൾവ്സിലേക്ക് കൂട് മാറിയ നെൽസെൺ സെമേഡോ, എൻഞ്ചിവർക്കൊപ്പം വിങ്ങുകളിൽ സിറ്റിയുടെ ജാവോ കാൻസലോയും ഡോർട്ട്മുണ്ടിന്റെ ഗുരേരയും, സ്പോർട്ടിങ്ങിന്റെ യുവ പ്രതീക്ഷ മെൻഡിസും ഉൾപ്പെടുന്ന പ്രതിരോധ നിരയും മികവുറ്റവർ തന്നെ.
കഴിഞ്ഞ പതിനാലു വർഷമായി പോർച്ചുഗീസ് പ്രതിരോധത്തിന്റെ ഇളകാ പാറ തന്നെയാണ് പെപെ. യൂറോ കപ്പിലേയും, നേഷൻസ് ലീഗിലെയും വിജയങ്ങളിൽ പെപെയുടെ പങ്കു വിലമതിക്കാനാവാത്തതാണ്. യുവ താരങ്ങളെ വെല്ലുന്ന ഊർജ്ജസ്വലതയോടെയാണ് 38 കാരനായ പെപെ കളിക്കളത്തിൽ. ഇന്നലെ ഇസ്രയേലിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ മുഴുവൻ സമയവും കളിച്ച താരം യുറോക്ക് താൻ ഒരുക്കാമെന്നാണ് തെളിയിക്കുകയും ചെയ്തു. പോർചുഗലിനായി 115 മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകൾ നേടിയിട്ടുണ്ട്.
യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഡിഫെൻഡറാണ് റൂബൻ ഡയസ്. ഈ സീസണിൽ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ് കരാബാവോ കപ്പും നേടി ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷൻ, പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ ഇയർ എന്നി അവാർഡുകളും സ്വന്തമാക്കി 24 കാരൻ. കഴിഞ്ഞ വര്‍ഷം ബെൻഫിക്കയിൽ നിന്നും സിറ്റിയിലെത്തിയ ഡയസിന്റെ വളർച്ച അസൂയാവഹമാണ്. 2018 മുതൽ പോർച്ചുഗീസ് ടീമിൽ കളിക്കുനന് ഡയസ് നേഷൻസ് കിരീടം നേടിയ ടീമിൽ അംഗമായിരുന്നു. ദേശീയ ടീമിനായി 28 മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്.
ഈ സീസണിൽ യൂറോപ്പിലെ തന്നെ മികച്ച ഡിഫെൻഡർമാരിൽ ഒരാളാണ് 37 കാരനായ ലില്ലേ താരം ഹോസെ ഫൊണ്ടെ. പിഎസ്ജി യുടെ കുത്തക അവസാനിപ്പിച്ച് ലില്ലെയെ ഫ്രഞ്ച് ലീഗിൽ കിരീട നേടുന്നതിൽ താരം വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. ലീഗിൽ 38 മത്സരങ്ങൾ കളിച്ച ഫൊണ്ടെയുടെ നേതൃത്വത്തിലുള്ള ലില്ലേ വഴങ്ങിയത് 23 ഗോളുകളാണ് .21 ക്ളീൻ ഷീറ്റും നേടി.യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഡിഫെൻസിവ് റെക്കോർഡാണിത്. കഴിഞ്ഞ യൂറോ കപ്പിൽ പ്രീ ക്വാർട്ടർ മുതലുള്ള മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ പോർച്ചുഗീസ് കോട്ട കാത്തത് ഫോണ്ടെയായിരുന്നു.
വലതു വിങ്ങിൽ ഇത്തവണ സിറ്റിയുടെ കിരീട വിജയത്തിൽ പ്രധാന ഘടകമായ ജാവോ കാൻസലോയെത്തും. ഒരു വിങ് ബാക്കാണെങ്കിലും കളി നടക്കുമോൾ മൈതാനത്തിലെ ഏതു കോണിലും 27 കാരൻ എത്തും. മിഡ്ഫീൽഡിലും തിളങ്ങാൻ കഴിയുന്ന താരത്തിന് ഡ്രിബ്ലിങ്ങും ,അസിസ്റ്റുകൾ നൽകാനുള്ള കഴിവും എല്ലാ വ്യത്യസ്തമാക്കും. 2016 മുതൽ പോർച്ചുഗൽ ദേശീയ ടീമിനൊപ്പമുള്ള താരം 27 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട് .
ഇടതു ബാക്കായി എത്തുന്നത് ഡോർട്മുണ്ട് താരം ഗുരേരയാണ്. കഴിഞ്ഞ കുറച്ചു സീസണുകളിലായി ബുണ്ടസ് ലീഗിൽ സ്ഥിരത പുലർത്തുന്ന താരമാണ് ഗുരേര.2014 മുതൽ ദേശീയ അംഗമായ ഗുരേര 46 മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകൾ നേടിയിട്ടുണ്ട് .ഇന്നലെ ഇസ്രയേലിനെതിരെ ആദ്യ ടീമിൽ എത്തിയ സ്പോർട്ടിങ്ങിന്റെ 18 കാരൻ താരം ന്യൂനോ മെൻഡസ് ഗുരേരക്ക് ഒത്ത പകരക്കാരൻ തന്നെയാണ്. യൂറോ കപ്പിൽ മുന്നേറ്റ നിരയും പ്രതിരോധവും ഒരു പോലെ തിളങ്ങിയത് കിരീടം ഈ വർഷവും പോർച്ചുഗീസ് മണ്ണിലെത്തും.