കന്നി ഐപിഎൽ സെഞ്ച്വറിയുമായി പ്രഭ്‌സിമ്രാൻ സിംഗ് ,ഡൽഹിക്കെതിരെ പഞ്ചാബിന് മാന്യമായ സ്കോർ

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിന്റെ പ്രഭ്‌സിമ്രാൻ സിംഗ് ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ കന്നി സെഞ്ച്വറി നേടി.വെറും 61 പന്തിൽ നിന്നാണ് താരം ശതകം പൂർത്തിയാക്കിയത്.ഖലീൽ അഹമ്മദിന്റെ ഒരു ഫുൾ ടോസിൽ ബൗണ്ടറി നേടിയാണ് പ്രഭ്‌സിമ്രാൻ ട്രിപ്പിൾ സംഖ്യയിലെത്തിയത്.

100-ൽ എത്തിയതിന് തൊട്ടുപിന്നാലെ, മുകേഷ് കുമാറിന്റെ ആദ്യ ഓവറിൽ 65 പന്തിൽ നിന്ന് 103 റൺസുമായി പ്രഭ്സിമ്രൻ വീണു.പ്രഭ്‌സിമ്രാന്റെ ഇന്നിംഗ്‌സിൽ 10 ഫോറുകളും ആറ് സിക്‌സറുകളും ഉൾപ്പെട്ടു. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് ആണ് പഞ്ചാബ് നേടിയത്.മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ഡേവിഡ് വാർണറുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഡൽഹി ബൗളർമാർ തുടക്കം മുതൽ കാഴ്ചവച്ചത്. ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ തന്നെ പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാനെ (7) മടക്കി ഇശാന്ത് ശർമ്മ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു.

തുടർന്ന്, തുടർച്ചയായി പഞ്ചാബിന് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. ലിയാം ലിവിങ്സ്റ്റൺ (4), ജിതേഷ് ശർമ (5) എന്നിവരെല്ലാം അതിവേഗം മടങ്ങി. എന്നാൽ, ഒരറ്റത്ത് പ്രഭ്സിമ്രാൻ സിംഗ് ഡൽഹി ബൗളർമാരെ പ്രതിരോധിച്ചും ആക്രമിച്ചും പിടിച്ചുനിന്നു. ശേഷം, ക്രീസിൽ എത്തിയ സാം കറൻ (20) സ്വയം റൺസ് കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം, പ്രഭ്സിമ്രാൻ സിംഗിന് കൂടുതൽ അവസരം നൽകിയതോടെ പഞ്ചാബ് വലിയൊരു പതനത്തിൽ നിന്ന് കരകയറാൻ ആരംഭിച്ചു.

നാലാം വിക്കറ്റിൽ പ്രഭ്സിമ്രാൻ സിംഗും സാം കറനും ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഒടുവിൽ, സാം കറനെ പുറത്താക്കി പ്രവീൺ ഡ്യൂബെ ആണ് ഈ കൂട്ടുകെട്ട് തകർത്തത്. ശേഷം എത്തിയ, ഹർപ്രീത് ബ്രാർ (2), ഷാറൂഖ് ഖാൻ എന്നിവർക്കൊന്നും വലിയ സംഭാവന നൽകാൻ ആയില്ലെങ്കിലും, പ്രഭ്സിമ്രാൻ സിംഗിന്റെ സെഞ്ച്വറി പ്രകടനം പഞ്ചാബിന് തുണയായി.ഡൽഹി ക്യാപിറ്റൽസിനായി ഇഷാന്ത് ശർമ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, അക്സർ പട്ടേൽ, പ്രവീൺ ഡ്യൂബെ, കുൽദീപ് യാദവ്, മുകേഷ് കുമാർ എന്നിവർ എല്ലാവരും തന്നെ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

5/5 - (1 vote)