ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷിക്കാം ,യുവതാരം ക്ലബ്ബിൽ തുടരും

കേരളം ബ്ലാസ്റ്റേഴ്‌സ് യുവ വിങ്ങർ പ്രശാന്ത് അടുത്ത സീസണിലും ക്ലബ്ബിനൊപ്പമുണ്ടാവും.23 കാരനുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് ഒരു വർഷത്തേക്ക് കൂടി നീട്ടിയതോടെ വരുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിൽ താരം ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാവും.വലത് വിങ്ങിൽ ചടുലമായ നീക്കങ്ങൾ നടത്തുന്ന മിഡ്ഫീൽഡർ 2016 ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്, ഒരു വര്ഷം ചെന്നൈ സിറ്റിയിൽ ലോണിൽ കളിച്ചിട്ടുണ്ട് .

അത്ലറ്റിക്സ് താരമായിരുന്ന പ്രശാന്ത് 2008 ലാണ് ഫുട്ബോളിലേക്ക് വരുന്നത്. എഐഎഫ്എഫ് റീജിയണൽ അക്കാദമി തെരെഞ്ഞെടുക്കപ്പെടുകയും ഐ ലീഗ് ക്ലബ് ഡി.എസ്.കെ ശിവാജിയൻസ് അക്കാദമിയിലായിരുന്നു പരിശീലനം. ഐ എസ് എല്ലിന്റെ കഴിഞ്ഞ സീസണിൽ ആണ് പ്രശാന്ത് മികച്ച പ്രകടനങ്ങൾ നടത്തുന്നത്. 12 മാച്ചുകളിൽ വിങ്ങിൽ കളിച്ച താരം എഫ് സി ഗോവയുമായുള്ള നിർണായകമായ മത്സരത്തിൽ ഗോളടിക്കുന്നതിന് സഹായിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്ഫോടനാത്മകമായ വേഗവും വിങ്ങിലെ മിന്നും പ്രകടനവും വരുന്ന സീസണിൽ ക്ലബ്ബിന് ഒരു മുതൽക്കൂട്ടായിരിക്കും.

പ്രാദേശികമായ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ ഫുട്ബോളിന്റെ ഒരു കോട്ട ആക്കി മാറ്റുന്നതിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കാഴ്ചപ്പാടിന് ഊന്നൽ നൽകുന്നതാണ് പ്രശാന്തുമായുള്ള കരാർ ദീർഘിപ്പിക്കാൻ ഉള്ള തീരുമാനം.എന്റെ ഫുട്ബോൾ യാത്രയിൽ ഒരു നിർണായകമായ സ്ഥാനമുള്ള കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ ഒരേസമയം ഞാൻ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. എന്റെ കഴിവിൽ കോച്ചുമാരും മാനേജ്മെന്റും അർപ്പിച്ച വിശ്വാസം എനിക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നുവെന്നും പ്രശാന്ത് പറഞ്ഞു.