Messi : “ഫ്രാൻസിലും യൂറോപ്പിലും പ്രതീക്ഷകൾക്കനുസരിച്ച് ഉയരാനാവാതെ പിഎസ്ജി”

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും ശക്തമായ ആക്രമണ നിരയുള്ള ടീമാണ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി .ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ, നെയ്മർ എന്നിവരടങ്ങുന്ന പാരീസ് സെന്റ് ജെർമെയ്‌നിന്റെ ത്രിമൂർത്തികളെ എങ്ങനെ തടയും എന്നതായിരിക്കും അവരുടെ ഓരോ എതിരാളികളും ചിന്തിക്കുക. എന്നാൽ സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും പലപ്പോഴും ടീമിന് അതിന്റെ ഫലം ലഭിക്കാറില്ല എന്നത് ചിന്തിക്കാവുന്നതിൽ അപ്പുറമാണ്.

ലീഗ് 1 ടേബിളിൽ ഒന്നാമതെത്തിയിട്ടും, ഈ സീസണിൽ ഇതുവരെയുള്ള ആഭ്യന്തര മത്സരങ്ങളിൽ പാരിസ് സെന്റ് ജെർമെയ്‌നിന് അവരുടെ പ്രകടനം കൊണ്ട് മതിപ്പുളവാക്കാൻ കഴിഞ്ഞില്ല.PSG 2021/22 ൽ ഇതുവരെ 42 പോയിന്റുകൾ നേടിയിട്ടുണ്ട്, ശനിയാഴ്ച അഞ്ചാം സ്ഥാനത്തുള്ള ലെൻസിനോട് 1-1 ന് സമനില വഴങ്ങിയെങ്കിലും അവർ രണ്ടാം സ്ഥാനത്തുള്ള സ്റ്റേഡ് റെനൈസിനേക്കാൾ 11 പോയിന്റ് മുന്നിലാണ്.ട്രോയിസ്, റേസിംഗ് സ്ട്രാസ്ബർഗ്, ബ്രെസ്റ്റ്, റെയിംസ്, ക്ലെർമോണ്ട്, ലിയോൺ, മെറ്റ്സ്, മോണ്ട്പെല്ലിയർ, ആംഗേഴ്‌സ്, ലില്ലെ, ബോർഡോ, നാന്റസ്, സെന്റ് എറ്റിയെൻ തുടങ്ങിയ ടീമുകളെയാണ് മൗറീഷ്യോ പോച്ചെറ്റിനോയുടെ ടീം പരാജയപ്പെടുത്തിയത്.

എന്നിരുന്നാലും, അവർ 2-0 ന് തോറ്റ സ്റ്റേഡ് റെനൈസിനെപ്പോലുള്ള ശക്തമായ ടീമുകളുമായി പൊരുതുകയാണ്. മൂന്നാം സ്ഥാനക്കാരായ മാർസെയ്‌ലിനോടും നാലാം സ്ഥാനക്കാരായ നൈസിനോടും അവർ 0-0 ന് സമനിലയിൽ പിരിഞ്ഞു. ശക്തമായ ടീമുകൾക്കെതിരെ എത്തുമ്പോൾ ഫ്രഞ്ച് വമ്പന്മാരുടെ എല്ലാ ദൗർബല്യങ്ങളും തുറന്നു കാണിക്കുന്നുമുണ്ട്.പലപ്പോഴും സൂപ്പർ താരങ്ങളുടെ ഒരു കൂട്ടമായാണ് പിഎസ്ജി യെ മൈതാനത്ത് കാണാൻ സാധിക്കുന്നത്. ഒരു ടീമായി കളിക്കണോ ഒരു ഗെയിം പ്ലാനോട് കൂടി മുന്നോട്ട് പോവാനോ അവർക്ക് സാധിക്കുന്നില്ല.

പിഎസ്ജി യിൽ മെസ്സി കൂടി എത്തിയതോടെ “എം.എൻ.എം ‘ത്രയം യൂറോപ്യൻ ഫുട്ബോൾ അടക്കി വാഴുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരിക്കൽ പോലും അവരുടെ പ്രതിഭയോട് നീതി പുലർത്തുന്ന പ്രകടനം പുറത്തെടുക്കാൻ സഹിച്ചിട്ടില്ല. ഒറ്റപ്പെട്ട ചില വ്യക്തിഗത പ്രകടനങ്ങൾ ഒഴിച്ച് നിർത്തിയാൽ ഇതുവരെ നിരാശാജനകമായ പ്രകടനം തന്നെയാണ് ഈ ത്രയം പുറത്തെടുത്തത്.അതിനിടെ, ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16-ലേക്ക് അവർ യോഗ്യത നേടിയെങ്കിലും മുൻനിരയിലുള്ള മാഞ്ചസ്റ്റർ സിറ്റിയോട് 2-0ന് തോറ്റതിന് ശേഷം ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം നേടാനായില്ല. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയതോടെ പാരീസ് ക്ലബ്ബിനെ കാത്തിരിക്കുന്നത് ലിവർപൂൾ, ബയേൺ മ്യൂണിക്ക് എന്നിവ ഉൾപ്പെടുന്ന വമ്പന്മാർ ആവും.

ലയണൽ മെസ്സിയുടെ വരവ് പിഎസ്ജി ക്ക് കൂടുതൽ ഉണർവും ഊർജ്ജവും നൽകുമെന്ന കണക്കു കൂട്ടൽ ഉണ്ടായെങ്കിലും പലപ്പോഴും വിപരീത ഫലമാണ് നൽകിയത്. സൂപ്പർ താരങ്ങളുടെ സാനിധ്യം ടീമിന് ഒരു ഭാരമാവുന്നു എന്നാണ് പലപ്പോഴും തോന്നി പോവുന്നത്. കഴിഞ്ഞ തവണ നഷ്ടപെട്ട ലീഗ് കിരീടവും ക്ലബ്ബിന്റെ ഏറ്റവും ലക്ഷ്യമായ ചാമ്പ്യൻസ് ലീഗും നേടണമെങ്കിൽ പാരീസ് ക്ലബ് നന്നായി വിയർപ്പൊഴുക്കേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല. ഈ സീസണിൽ പ്രതീക്ഷകൾക്ക് അനുസരിച്ച് പിഎസ്ജി ഉയരാത്തതിൽ കോച്ച് പോച്ചെറ്റിനോയിൽ വലിയ സമ്മർദ്ദം ഉണ്ടാവുകയും ചെയ്യുന്നുണ്ട്.