❝ ലിവർപൂളും ചെൽസിയും ചാമ്പ്യൻസ് ലീഗിന് ; നിരാശയോടെ ലെസ്റ്റർ യൂറോപ്പ ലീഗിലേക്ക് ❞

ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി പ്രീമിയർ ലീഗിൽ കണ്ടത് നാടകീയ പോരാട്ടമായിരുന്നു. ഫലങ്ങൾ മാറിറിഞ്ഞ മത്സരങ്ങൾക്ക് അവസാനം ചെൽസിയും ലിവർപൂളും ചാമ്പ്യൻസ് ലീഗിലേക്കും ലെസ്റ്റർ സിറ്റി പരാജയത്തോടെ യൂറോപ്പയിലേക്കും പോയി. ചെൽസിയുടെ പരാജയം മുതലെടുക്കാൻ ആവാത്തത് ലെസ്റ്ററിന് വലിയ നിരാശ നൽകും.ചാ‌മ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടത്തിൽ ചെൽസി മൂന്നാം സ്ഥനത്ത്, ലിവർപൂൾ നാലാമത്, ലെസ്റ്റർ സിറ്റി അഞ്ചാം സ്ഥനത്ത് എന്ന രീതിയിലാണ് കളി ആരംഭിച്ചത്.

ലെസ്റ്റർ സിറ്റിക്ക് ഹോം മത്സരത്തിൽ സ്പർസിനെ ആയിരുന്നു നേരിട്ടത്. ലെസ്റ്റർ ആണ് ആദ്യം ഇന്ന് ഗോളടിച്ചത്. 18ആം മിനുട്ടിൽ ഒരു പെനാൾട്ടി ആണ് ലെസ്റ്ററിന് ലീഡ് നൽകിയത്. വാർഡിയെ ആൽഡെർവീൽഡ് വീഴ്ത്തിയതിന് ആദ്യം പെനാൾട്ടി വിധിച്ചില്ല എങ്കിലും വാർ പരിശോധനയിൽ പെനാൾട്ടി ആണെന്ന് തെളിയുക ആയിരുന്നു. ആ പെനാൾട്ടി വാർഡി ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു.ഈ ഗോൾ ലെസ്റ്ററിനെ 69 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തി. ഈ സമയത്ത് ചെൽസിയും ലിവർപൂളും അവരുടെ മത്സരങ്ങളിൽ ഗോൾ രഹിത സമനിലയിൽ ആയിരുന്നു.

ആൻഫീൽഡിൽ 36ആം മിനുട്ടിൽ ലിവർപൂൾ ക്രിസ്റ്റൽ പാലസിനെതിരെ ലീഡ് എടുത്തതോടെ അവരും ടോപ് 4ന് അകത്ത് എത്തി. മാനെ ആയിരുന്നു ലിവർപൂളിന് ലീഡ് നൽകിയത്. ഇതിനു പിന്നലെ കിങ് പവർ സ്റ്റേഡിയത്തിൽ ലെസ്റ്ററിനെതിരെ കെയ്നിലൂടെ സ്പർസ് സമനില നേടി.വില്ലപാർക്കിൽ ആസ്റ്റൺ വില്ലയെ നേരിടുകയായിരുന്ന ചെൽസി ഒരു ഗോളിന് പിറകിൽ പോയി. 43ആം മിനുറ്റിൽ ഒരു കോർണറിൽ നിന്ന് ട്രയോരെ ആണ് വില്ലയ്ക്ക് ലീഡ് നൽകിയത്‌. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ ഇങ്ങനെ. ലിവർപൂൾ 1-0 ക്രിസ്റ്റൽ പാലസ്, ചെൽസി 0-1 ആസ്റ്റൺ വില്ല, ലെസ്റ്റർ സിറ്റി 1-1 സ്പർസ്‌.അപ്പോൾ ലിവർപൂൾ 69 പോയിന്റുമായി മൂന്നാം സ്ഥനത്ത്, 67 പോയിന്റുള്ള ചെൽസി നാലാമതും 67 പോയിന്റ് തന്നെയുള്ള ലെസ്റ്റർ അഞ്ചമതും.

ഗോൾ ഡിഫറൻസായിരുന്നു ചെൽസിയെ മുന്നിൽ നിർത്തിയത്.രണ്ടാം പകുതിയിൽ പോയിന്റ് ടേബിൾ മാറിമറിഞ്ഞു. 52ആം മിനുറ്റ്രിൽ ലെസ്റ്റർ സിറ്റി സ്പർസിനെതിരെ വീണ്ടും ലീഡ് എടുത്തു. ഒരിക്കൽ കൂടെ പെനാൾട്ടിയാണ് ലെസ്റ്ററിനെ മുന്നിൽ എത്താൻ സഹായിച്ചത്. രണ്ടാമതും വാർഡി തന്നെ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. ഇതേ സമയം തന്നെ വില്ലപാർക്കിൽ ചെൽസി രണ്ടാം ഗോളും വഴങ്ങി. അവിടെയും പെനാൾട്ടി ആണ് ആസ്റ്റൺ വില്ലക്ക് രണ്ടാം ഗോൾ നൽകിയത്. എൽഗാസിയാണ് പെനാൾട്ടി വലയിൽ എത്തിച്ചത്. സ്കോർ, ലിവർപൂൾ 1-0 ക്രിസ്റ്റൽ പാലസ്, ചെൽസി 0-2 ആസ്റ്റൺ വില്ല, ലെസ്റ്റർ സിറ്റി 2-1 സ്പർസ്‌.അപ്പോൾ ലിവർപൂൾ 69 പോയിന്റുമായി മൂന്നാം സ്ഥനത്ത്, 69 പോയിന്റു തന്നെയുള്ള ലെസ്സ്റ്റർ നാലാമതും 67 പോയിന്റ് ഉള്ള ചെൽസി അഞ്ചമതും.

അവിടെയും നാടകങ്ങൾ അവസാനിച്ചില്ല. 70ആം മിനുട്ടിൽ ചെൽസി ചില്വലിലൂടെ ഒരു ഗോൾ മടക്കി കൊണ്ട് സ്കോർ 1-2 എന്ന നിലയിലാക്കി. അപ്പോഴും ചെൽസി ടോപ് 4ന് പുറത്തായിരുന്നു.എന്നാൽ മിനുട്ടികൾക്കകം അങ്ങ് കിങ് പവർ സ്റ്റേഡിയത്തിൽ ലെസ്റ്ററിന്റെ തകർച്ച ആരംഭിച്ചു. 76ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിൽ ലെസ്റ്റർ സമനില വഴങ്ങി. ഷിമൈക്കിളിന്റെ സെൽഫ് ഗോൾ അവരും സ്പർസുമായുള്ള കളി 2-2 എന്നാക്കി. ലെസ്റ്റർ വീണ്ടും ടോപ് 4ന് പുറത്ത്. പിന്നാലെ ബെയ്ലിലൂടെ സ്പർസ് മൂന്നാം ഗോളും നാലാം ഗോളും നേടി. സ്കോർ 4-2. അതോടെ ചാമ്പ്യൻസ് ലീഗ് സ്വപ്നം ലെസ്റ്ററിൽ നിന്ന് പൂർണ്ണമായും അകന്നു.

ഇതിനിടയിൽ ലിവർപൂൾ മാനെയിലൂടെ രണ്ടാം ഗോൾ നേടി പാലസിനെതിരായ അവരുടെ വിജയവും ഉറപ്പിച്ചിരുന്നു.ഫുൾ ടൈം വിസിൽ വന്നപ്പോൾ സ്കോർ, ലിവർപൂൾ 2-0 ക്രിസ്റ്റൽ പാലസ്, ചെൽസി 1-2 ആസ്റ്റൺ വില്ല, ലെസ്റ്റർ സിറ്റി 2-4 സ്പർസ്‌.ലിവർപൂൾ 69 പോയിന്റുമായി മൂന്നാം സ്ഥനത്ത്, 67 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്ത്. ഇരുവരും ചാമ്പ്യൻസ് ലീഗിന്, ലെസ്സ്റ്റർ 66 പോയിന്റുമായി യൂറോപ്പ ലീഗിലേക്കും.

നിർണായക മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ടോട്ടൻഹാമിന് യൂറോപ്പ കോൺഫറൻസ് ലീഗ് യോഗ്യത. ആവേശകരമായ മത്സരത്തിൽ 2 തവണ മത്സരത്തിൽ മുൻപിൽ എത്തിയതിന് ശേഷം ലീഡ് കൈവിട്ടാണ് ലെസ്റ്റർ സിറ്റി തോൽവിയേറ്റുവാങ്ങിയത്. 4-2നാണ് ടോട്ടൻഹാം ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. തോൽവിയോടെ ലെസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലെസ്റ്റർ സിറ്റി അടുത്ത വർഷത്തെ യൂറോപ്പ ലീഗിന് യോഗ്യത നേടിയപ്പോൾ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്തുള്ള ടോട്ടൻഹാം യുവേഫ കോൺഫറൻസ് ലീഗിന് യോഗ്യത നേടി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് വെസ്റ്റ് ഹാം യൂറോപ്പിലേക്ക്. ലീഗിലെ അവസാന മത്സരത്തിൽ ഒരു സമനില മതിയായിരുന്നു വെസ്റ്റ് ഹാമിന് യൂറോപ്പ യോഗ്യത നേടാൻ. സൗതാമ്പ്ടണെ നേരിട്ട വെസ്റ്റ് ഹാം എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം തന്നെ നേടി. ഏകപക്ഷീയമായിരുന്നു ഡേവിഡ് മോയ്സിന്റെ ടീമിന്റെ ഇന്നത്തെ പ്രകടനം. ആദ്യ പകുതിയിൽ തന്നെ 2-0ന് അവർ മുന്നിൽ എത്തി. രണ്ടു ഗോളുകളും നേടിയത് ഫോർനാൽസ് ആയിരുന്നു. ഈ വിജയത്തോടെ വെസ്റ്റ് ഹാം അവരുടെ സീസൺ 65 പോയിന്റുമായി ആറാം സ്ഥാനത്ത് അവസാനിപ്പിച്ചു. ഇതോടെ അവരുടെ വലിയ സ്വപ്നമായ യൂറോപ്യൻ യോഗ്യതയും ഉറപ്പായി. 1998/99 സീസണു ശേഷമുള്ള വെസ്റ്റ് ഹാമിന്റെ ഏറ്റവും മികച്ച ഫിനിഷാണിത്.

ആഴ്സണൽ ആരാധകർക്ക് ഇന്നത്തെ വിജയവും സന്തോഷം നൽകില്ല. ലീഗിലെ അവസാന മത്സരത്തിൽ അവർ ബ്രൈറ്റണെ പരാജയപ്പെടുത്തി എങ്കിലും അവർ എട്ടാം സ്ഥാനത്ത് ആണ് ലീഗിൽ ഫിനിഷ് ചെയ്തത്. ചാമ്പ്യൻസ് ലീഗ് യോഗ്യതയോ, യൂറോപ്പ ലീഗ് യോഗ്യതയോ എന്തിന് പുതുതായി വരുന്ന കോൺഫറൻസ് ലീഗിനായുള്ള യോഗ്യതയോടെ ആഴ്സണലിന് ഇത്തവണ നേടാൻ ആയില്ല.25 വർഷത്തിൽ ആദ്യമായാണ് ആഴ്സണൽ ഇങ്ങനെ യൂറോപ്പിൽ കളിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തുന്നത്.

മാഞ്ചസ്റ്റർ സിറ്റി ഇതിഹാസമായി മാറിയ സെർജിയോ അഗ്വേറോക്ക് പ്രീമിയർ ലീഗിൽ നിന്ന് രാജകീമായ വിടവാങ്ങൽ. പ്രീമിയർ ലീഗിലെ തന്റെ അവസാന മത്സരത്തിനായി ഇറങ്ങിയ അഗ്വേറോ ഇന്ന് എവർട്ടണ് എതിരെ ഇരട്ട ഗോളുകളും നേടി ഒരു പുതിയ റെക്കോർഡും കുറിച്ചാണ് കളം വിട്ടത്. ഒരു ക്ലബിനായി ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് ഗോളുകൾ എന്ന വെയ്ൻ റൂണിയുടെ റെക്കോർഡാണ് അഗ്വേറോ മറികടന്നത്.

റൂണിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടിയ 183 ഗോളുകൾ എന്ന റെക്കോർഡ് ഇന്ന് ഇരട്ട ഗോളുകളോടെ 184 ഗോളുകൾ നേടിക്കൊണ്ട് അഗ്വേറോ തന്റെ പേരിലാക്കി. ഇന്ന് 65ആം മിനുട്ടിൽ സബ്ബായി എത്തി ആയിരുന്നു അഗ്വേറോയുടെ ഇരട്ട ഗോളുകൾ. ഈ ഗോളുകൾ അടക്കം 5-0ന് ഇന്ന് സിറ്റി വിജയിച്ചു. പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒന്നായ അഗ്വേറോ ചാമ്പ്യൻസ് ലീഗ് ഫൈനലോടെ സിറ്റി വിടും. ബാഴ്സലോണയിലേക്കാണ് അദ്ദേഹം പോകുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം അഞ്ചു പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള താരമാണ് അഗ്വേറോ.

പ്രീമിയർ ലീഗിൽ എവേ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവ്സിനെ പരാജയപ്പെടുത്തിയതോടെ യുണൈറ്റഡ് ക്ലബിന്റെ ചരിത്രത്തിൽ പുതിയ ഏട് രചിച്ചു. ഒരു ലീഗ് സീസൺ മുഴുവനായി എവേ മത്സരങ്ങൾ അപരാജിതരായിരിക്കുക എന്ന അപൂർവ്വ കാര്യമാണ് യുണൈറ്റഡ് നടത്തിയത്. യുണൈറ്റഡിന്റെ ക്ലബ് ചരിത്രത്തിൽ ഇതാദ്യമാണ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇത് മൂന്നാമത്തെ ടീം മാത്രമാണ് ഇങ്ങനെ എവേ മത്സരത്തിൽ ഒരു സീസൺ മുഴുവൻ തോൽവി അറിയാതെ പോകുന്നത്.

അവസാനമായി 2003-04 സീസണിൽ ആഴ്സണൽ ആണ് എവേ മത്സരങ്ങളിൽ പരാജയപ്പെടാതെ സീസൺ അവസനിപ്പിച്ചത്. ആഴ്സണൽ അതിനു മുമ്പ് 2001-02 സീസണിലും ഈ റെക്കോർഡ് നേടിയിട്ടുണ്ട്. 1888ൽ പ്രസ്റ്റണും സമാനമായി എവേ മത്സരങ്ങളിൽ പരാജയം അറിയാതെ ലീഗ് അവസാനിപ്പിച്ചു. ഈ സീസണിൽ യുണൈറ്റഡ് 19 മത്സരങ്ങളിൽ 12 വിജയവും ഏഴ് സമനിലയുമാണ് സ്വന്തമാക്കിയത്. ഇത് അടക്കം 27 ലീഗ് മത്സരങ്ങൾ ആയി യുണൈറ്റഡ് ഒരു എവേ മത്സരത്തിൽ പരാജയം അറിഞ്ഞിട്ട്.