❝ടോട്ടൻഹാമിനെതിരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോങ്ങ് റേഞ്ച് ഗോൾ ഓഫ് ദ മന്ത് പുരസ്‌കാരം നേടി❞ | Cristiano Ronaldo

2022 ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് അത്ര മികച്ച വര്ഷമായിരുന്നില്ല. സൂപ്പർ താരത്തിന്റെ നല്ല കാലം കഴിഞ്ഞു എന്ന വിമർശനം പല കോണുകളിൽ നിന്നും ഉയർന്നു വരുകയും ചെയ്തു. 37 കാരനായ റൊണാൾഡോ വിരമിക്കാറായെന്നും ഇനിയും ഉയർന്ന തലത്തിൽ മികച്ച പ്രകടനം നടത്താൻ സാധിക്കില്ല എന്ന വിമർശനവും താരത്തിന് മേൽ ഉയരുകയും ചെയ്തു. മാഞ്ചസ്റ്റർ സിറ്റിക്കെതിരേയുള്ള വിവാദപരമായി മാഞ്ചസ്റ്റർ ഡെർബി നഷ്ടമായതിന് ശേഷം ടോട്ടൻഹാമിനെതിരെ ശക്തമായ ഹാട്രിക്കോടെ റൊണാൾഡോ തിരിച്ചു വന്നിരിക്കുകയാണ്.

ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡ് വെറ്ററൻ സ്‌ട്രൈക്കറുടെ ഹാട്രിക്കിൽ നിന്നുള്ള ആ ഓപ്പണിംഗ് ഗോൾ ഇപ്പോൾ 2022 മാർച്ചിലെ പ്രീമിയർ ലീഗിന്റെ മാസത്തെ ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. ബോക്‌സിനും അകലെ നിൽക്കുകയായിരുന്ന താരം ഫ്രഡിൽ നിന്നും പന്തു സ്വീകരിച്ച് അതിനെയൊന്നു ഒതുക്കി ഒരു മിന്നൽ ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചു വിട്ടപ്പോൾ ടോട്ടനം ഗോൾകീപ്പര്ക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

ചെൽസിയുടെ കെയ് ഹാവെർട്‌സ്, ആഴ്‌സണലിന്റെ ഗബ്രിയേൽ മാർട്ടിനെല്ലി, വോൾവ്‌സിന്റെ റൂബൻ നെവ്‌സ് എന്നിവരുൾപ്പെട്ടവരെ മറികടന്നാണ് റൊണാൾഡോ പുരസ്‌കാരം സ്വന്തമാക്കിയത്. ഈ അവാർഡ് ആദ്യമായാണ് താരം സ്വന്തമാക്കുന്നത്. ഇതോടെ ഏറ്റവുമധികം തവണ പ്രീമിയർ ലീഗിലെ ഗോൾ ഓഫ് ദി മന്ത് പുരസ്‌കാരം നേടിയ ക്ലബെന്ന നേട്ടത്തിൽ ചെൽസിക്കൊപ്പം എത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. രണ്ടു ടീമുകളും ആറു തവണയാണ് പുരസ്‌കാരം നേടിയിരിക്കുന്നത്.

പുരുഷ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്‌കോറർ എന്ന നിലയിൽ ജോസഫ് ബിക്കാന്റെ (805 ഗോളുകൾ) എന്ന റെക്കോർഡിനൊപ്പമെത്താൻ മികച്ച ലോംഗ് റേഞ്ച് സ്‌ട്രൈക്കർ സഹായിച്ചു.രണ്ടാം പകുതിയുടെ അവസാനത്തിൽ നേടിയ ഗോളോടെ കരിയറിൽ ഗോൾ 807 ആയി ഉയർത്തി.ഒക്ടോബറിൽ ടോട്ടൻഹാമിൽ നടത്തിയ സ്‌ട്രൈക്കിനും കഴിഞ്ഞ മാസം ബ്രൈറ്റണെതിരായ റാസ്‌പിംഗ് ഷോട്ടിനുമായി വെറ്ററൻ സ്‌ട്രൈക്കർ ഈ സീസണിൽ രണ്ട് യുണൈറ്റഡ് ഗോൾ ഓഫ് ദി മന്ത് അവാർഡുകളും നേടിയിട്ടുണ്ട്.

വേനൽക്കാലത്ത് ഓൾഡ് ട്രാഫോഡിലേക്ക് ഞെട്ടിക്കുന്ന തിരിച്ചുവരവ് നടത്തിയ റൊണാൾഡോയ്ക്ക് നിലവിൽ 32 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ ഉണ്ട്. മികച്ച ഫോമിലാണെങ്കിലും ഈ സീസണിൽ ഒരു കിരീടം പോലും മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നത് ആരാധകർക്ക് നിരാശയാണ്.