പ്രീമിയർ ലീഗ് “ബിഗ് ഫോറിന്റെ” സീസണിലെ കോട്ടങ്ങളും നേട്ടങ്ങളും പരിശോധിക്കാം

ലോകത്ത് ഏറ്റവും അധികം ഫുട്ബോൾ ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ഫുട്ബോൾ ലീഗാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് . തങ്ങളുടെതായ ദിവസം ആർക്കും ആരെയും തോൽപ്പിക്കാൻ സാധിക്കും എന്നത് കൊണ്ടും, അവസാന ദിനം വരെ നീളുന്ന കിരീട പോരാട്ടവും മറ്റ് ലീഗുകളിൽ നിന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ കൂടുതൽ ആവേശകരമാക്കുന്നു. ആരാധകരുടെ ഇഷ്ട്ട ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി , ലിവർപൂൾ, എവർട്ടൻ, ടോട്ടൻഹാം ടീമുകൾ ഒക്കെ കിരീട പ്രതീക്ഷ നിലനിർത്തുന്നുണ്ടെങ്കിലും ഇതുവരെയുള്ള പ്രകടനങ്ങൾ വെച്ച് ആർക്കും അമിതസാധ്യത നല്കാൻ സാധിക്കില്ല. ഇതുവരെയുള്ള പ്രകടനങ്ങളിൽ മുന്നിൽ നിൽക്കുന്ന നാല് ടീമുകളെയും അവരുടെ നേട്ടങ്ങൾ കോട്ടങ്ങൾ എന്നിവ നമുക്ക് വിശകലനം ചെയ്യാം

ലിവർപൂൾ – ആരാധകരും പ്രതിരോധവും

2019 -20 സീസണിലെ ചാമ്പ്യന്മാർ കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനക്കാരായിട്ടായിരുന്നു പോരാട്ടം അവസാനിപ്പിച്ചത്. വിനയായത് പ്രതിരോധത്തിലെ പിഴവുകളും പരിക്കുകളുമായിരുന്നു. ഈ സീസണിൽ മികച്ച തുടക്കമാണ് ടീമിന് ലഭിച്ചിരിക്കുന്നത്. ഏഴ് മത്സരങ്ങളിൽ നിന്നും നാല് ജയവും മൂന്ന് സമനിലയും ഉൾപ്പടെ 12 പോയിന്റാണ് ലഭിച്ചിരിക്കുന്നത്.

നേട്ടങ്ങൾ-ആൻഫീൽഡിലേക്ക് തിരിച്ചെത്തിയ ആരാധകരുടെ പിന്തുണ ലിവർപൂളിന്റെ പ്രകടനങ്ങൾക്ക് കരുത്താകുന്ന കാഴ്ച്ചയാണ് കാണുന്നത്. മുഹമ്മദ് സല -സാദിയോ മാനേ – ഫിർമിനോ ത്രയം കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ മികച്ച ഒത്തിണക്കം കാണിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ ഗണത്തിലേക്ക് സാലാ തന്റെ പേര് പതിപ്പിക്കുന്നത് ലിവർപൂളിന് കരുത്താണ്. കഴിഞ്ഞ വർഷം കളിക്കളത്തിൽ ഇല്ലാതിരുന്ന പ്രതിരോധത്തിന്റെ നായകൻ വിർജിൽ വാൻ ഡിജിക്ക് തിരിച്ചെത്തിയതോടെ ഫാബിനോ തന്റെ പഴയ പൊസിഷനിലേക്ക് മടങ്ങിയത് പരിശീലകന് ആശ്വാസമാണ്.

പ്രശ്നങ്ങൾ-പ്രതിരോധത്തിൽ വരുത്തുന്ന പിഴവുകൾ മൂലം അനാവശ്യ ഗോളുകൾ വഴങ്ങുന്നത് ക്ലോപ്പിന് തലവേദനയാണ്. പാസുകളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

ചെൽസി – ടുഷേൽ എന്ന ആശാൻ

യൂറോപ്യൻ ചാമ്പ്യന്മാർക്ക് തങ്ങളുടെ പ്രതിഭക്കൊത്ത തുടക്കമാണ് ലഭിച്ചിരിക്കുന്നത്. മറ്റ് ടീമുകളെ അപേക്ഷിച്ച് കൂടുതൽ ഓപ്ഷനുകൾ ഉള്ളത് ചെൽസിക്കാണ് എന്നുള്ളത് ടീമിന് ഗുണമാണ്. യുവതാരങ്ങളുടെ മികവിൽ ഒരുപാട് വർഷത്തേക്ക് ഉള്ള ടീമായി ചെൽസി മാറിക്കഴിഞ്ഞിരിക്കുന്നു.

നേട്ടങ്ങൾ-ഗോളടി വീരൻ റൊമേലുവിന്റെ കടന്നുവരവ് ടീമിന് ശക്തിയായിട്ടുണ്ട്. കൗണ്ടർ അറ്റാക്കിങ്ങിലൂടെ ഗോളുകൾ നേടുന്നതിൽ വിരുതുള്ള ടീമിന്റെ മികവ് ആഴ്സണലിന് എതിരെ കണ്ടതാണ് . പ്രതിരോധത്തിൽ തിയാഗോ സിൽവയെ പോലെ പരിചയ സമ്പന്നന്റെ മികവും കരുത്താണ്.

ദോഷങ്ങൾ-മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ പാളിപോയ 3-5-2 ഫോർമേഷൻ ടുഷേലിന് ചിന്തിക്കാൻ ഏറെ നല്കുന്നു . വലിയ ടീമുകൾക്ക് എതിരെ കളിക്കുമ്പോൾ കൂടുതൽ തന്ത്രങ്ങളിൽ വരുത്തേണ്ട മാറ്റം ടീമിനെ ഓർമിപ്പിക്കുന്നു.

മാഞ്ചസ്റ്റർ സിറ്റി – മികവിലേക്ക് ഉള്ള യാത്ര

എതിർ തട്ടകത്തിൽ ചെൽസിക്കെതിരെ ആധിപത്യം പുലർത്തി‌യ മത്സരം മാത്രം മതി ടീമിന്റെ മികവ് അറിയാൻ. കിരീട പോരാട്ടത്തിൽ വലിയ സാധ്യത കല്പിക്കപെടുന്ന സിറ്റിക്ക് നല്ല തുടക്കമാണ് ലഭിച്ചിരിക്കുന്നത്

നേട്ടങ്ങൾ-സമനിലയും തോൽവിയും നിറഞ്ഞ തുടക്കത്തിന് ശേഷം വിജയത്തിന്റെ ട്രാക്കിൽ എത്തിയ ടീം ഒത്തിണക്കം കാണിച്ച് തുടങ്ങിയിട്ടുണ്ട്. ഒരു താരത്തെ അമിതമായി ആശ്രയിക്കാതെ ഒരുപാട് ഗോൾ സ്കോററുമാർ ഉയർന്ന് വരുന്നത് ടീമിന് ഗുണമാണ്

ദോഷങ്ങൾ-മുന്നേറ്റനിരയിലെ മൂർച്ച കുറവ് ടീമിനെ ബാധിക്കുന്നുണ്ട്. ട്രാൻസ്ഫർമാർക്കറ്റിൽ വലിയ ചർച്ചയായി കൊണ്ടുവന്ന ജാക്ക് ഗ്രീലിഷ് ഇതുവരെ തന്റെ മികവിലേക്ക് എത്തിയിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്ക് എതിരെയുള്ള മത്സരത്തിൽ ടീമിന്റെ തളർച്ച പ്രകടമായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് – ഒലെയുടെ തലവേദനകൾ

പോര്‍ച്ചുഗീസ് ഇതിഹാസവും അഞ്ചു തവണ ബാലണ്‍ഡിയോര്‍ ജേതാവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ , റയലിൽ നിന്ന് വരാനെ, ബൊറൂസിയിൽ നിന്നും സാഞ്ചോ ഉൾപ്പടെയുള്ള വമ്പന്മാർ എത്തിയതോടെ യുണൈറ്റഡ് കിരീടം മോഹിച്ചാണ് ഇറങ്ങിയിരിക്കുന്നത്. ഭേദപ്പെട്ട തുടക്കമാണ് ടീമിന് ലഭിച്ചിരിക്കുന്നത്.

നേട്ടങ്ങൾ-റൊണാൾഡോയുടെ വരവ് ടീമിന്റെ മൂല്യത്തിലും ആരാധക പിന്തുണയിലും ടീമിന് ഗുണമാമിട്ടുണ്ട്. പോഗ്ബ – ബ്രൂണോ – റൊണാൾഡോ എന്നിവർ ഫോം കണ്ടെത്തുന്നത് ടീമിന് ഗുണമാണ്.

ദോഷങ്ങൾ-വലിയ താരങ്ങളെ ഉപയോഗിക്കുന്നതിൽ ഒലേയുടെ തന്ത്രങ്ങൾ ചോദ്യം ചെയ്യപെടുന്നു. പ്രതിരോധത്തിലും വിള്ളലുകൾ ഉണ്ട് . പെനാൽറ്റി – ഫ്രീക്കിക്ക് എടുക്കുന്നത് ചൊല്ലിയുള്ള തർക്കങ്ങളും ടീമിനെ ബാധിക്കുന്നത്

Rate this post