“മഹ്‌റസ് മുരളി” : ഇംഗ്ലീഷ് പ്രീമിയർ ലീഗിലും തരംഗമായി മലയാളികളുടെ സൂപ്പർ ഹീറോ

മലയാളികളുടെ പ്രിയ താരം ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രമാണ് മിന്നൽ മുരളി. ക്രിസ്മസിനോടനുബന്ധിച്ച് നെറ്റിഫ്ളിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത് .ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ട്രെയിലർ എന്ന റെക്കോർഡും മിന്നൽ മുരളി സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ പ്രമോഷനിൽ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോഴിതാ മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോ ആയ മിന്നൽ മുരളി ഇംഗ്ലീഷ് പ്രീമിയർ ലീഗിലും എത്തിയിരിക്കുകയാണ്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് സൂപ്പര്‍ താരം മഹ്‌റസിനെ “മഹ്‌റസ് മുരളി” എന്ന തലക്കെട്ടോടെയുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതോടെ മിന്നൽ മുരളി ട്രെൻഡ് ഇംഗ്ലണ്ടിലും എത്തിയിരിക്കുകയാണ്. ആഴ്‌സണലിന് എതിരായ കളിയിലെ മഹ്‌റസിന്റെ ഫോട്ടോയാണ് സിറ്റി “മഹ്‌റസ് മുരളി” എന്ന പേരിലെത്തിയത് .

ഫോട്ടോക്ക് താഴെ കമെന്റുകളുമായി മലയാളികൾ നിറഞ്ഞിരിക്കുകയാണ്. ജനുവരി ഒന്നാം തീയതി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ആഴ്സനലിനെതിരെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് സിറ്റി മത്സരം ജയിച്ചത്. 31 ആം മിനുട്ടിൽ സാക ആഴ്‌സനലിനെ മുന്നിലെത്തിച്ചെങ്കിലും 57ാം മിനിറ്റിലെ മഹ്‌റസിന്റെ പെനാല്‍റ്റിയും ഇഞ്ചുറി ടൈമിലെ റോഡ്രിയുടെ ഗോളുമാണ് സിറ്റിയെ ജയത്തിലേക്ക് എത്തിച്ചത്. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന സിറ്റിക്ക് ചെൽസിയെകകൾ പത്തു പോയിന്റ് കൂടുതലുണ്ട്.