മാഴ്സെക്കെതിരെ സമനിലയുമായി രക്ഷപെട്ട് സൂപ്പർ താരങ്ങളുടെ പിഎസ്ജി

ഫ്രഞ്ച് ലീഗിൽ പിഎസ്ജി-മാഴ്സെ പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിച്ചു.മികച്ച അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് ഒന്നും ഗോളാക്കി മാറ്റാൻ ഇരു ടീമിനും സാധിച്ചില്ല. അമ്പത്തിയേഴാം മിനുട്ടിൽ പിഎസ്ജി താരം അഷ്റഫ് ഹക്കീമി ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് പിഎസ്ജിക്ക് കനത്ത തിരിച്ചടിയായി.സമനിലയിൽ കുരുങ്ങിയെങ്കിലും പതിനൊന്ന് കളിയിൽ നിന്ന് ഇരുപതിയെട്ട് പോയിന്റുമായി പിഎസ്ജി തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.ഏതാണ്ട് സമാസമ പോരാട്ടം കണ്ട മത്സരത്തിൽ ആദ്യം പി.എസ്.ജിയും തൊട്ടു പിറകെ മാഴ്‌സയും എതിരാളിയുടെ വല ചലിപ്പിച്ചു എങ്കിലും രണ്ടു ഗോളുകളും വാറിലൂടെ ഓഫ് സൈഡ് വിളിക്കുക ആയിരുന്നു. മെസ്സിയും, നെയ്മറും, എമ്പപ്പെയും അടങ്ങുന്ന മുന്നേറ്റത്തെ മികച്ച രീതിയിൽ പ്രതിരോധിക്കുന്ന മാഴ്സെയെ ആണ് ആദ്യ പകുതിയിൽ കാണാൻ ആയത്.

ഇടക്ക് മെസ്സിയുടെ ഹെഡർ മാഴ്സെ ഗോളി കുത്തിയകറ്റി, മെസ്സിയുടെ ഗോൾ ശ്രമങ്ങൾ പലതും ലക്ഷ്യവും കണ്ടില്ല. കോർണർ എടുക്കാൻ വന്ന പി.എസ്.ജി താരങ്ങളെ മാഴ്സെ കാണികൾ വെള്ള കുപ്പികൾ അടക്കം കയ്യിൽ കിട്ടിയ എല്ലാം എറിഞ്ഞു ആണ് സ്വീകരിച്ചത്. രണ്ടാം പകുതിയിൽ 56 മിനിറ്റിൽ ചെങ്കിസ് ഉണ്ടറിനെ ഫൗൾ ചെയ്ത അഷ്‌റഫ് ഹകിമിക്ക് റഫറി മഞ്ഞ കാർഡ് നൽകിയെങ്കിലും പിന്നീട് വാറിലൂടെ ഇത് ചുവപ്പ് കാർഡ് ആയി മാറി. ഇതോടെ 10 പേരായി ചുരുങ്ങിയ പി.എസ്.ജി പ്രതിരോധത്തിൽ ആയി. തുടർന്ന് മാഴ്സെ പി.എസ്.ജിയെ ബുദ്ധിമുട്ടിച്ചു എങ്കിലും പി.എസ്.ജി വലിയ അപകടം ഒഴിവാക്കി.

പാബ്ലോ ഡിബാലയുടെ 89 മത്തെ മിനിറ്റ് പെനാൽട്ടിയിൽ ഇന്റർ മിലാനു എതിരെ തോൽവി ഒഴിവാക്കി യുവന്റസ്. സാൻ സിറോയിൽ നടന്ന പോരാട്ടത്തിൽ ഒരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. മത്സരത്തിന്റെ 17 മിനിറ്റിൽ എദൻ ജെക്കോയിലൂടെ ഇന്റർ മിലാൻ ആണ് മത്സരത്തിൽ മുൻതൂക്കം നേടുന്നത്.അവസാന എട്ടുകളികളിൽ നിന്നു ജെക്കോ നേടുന്ന ഏഴാം ഗോൾ ആയിരുന്നു ഇത്. അതിനിടയിൽ മൊറാറ്റക്ക് സമനില നേടാനുള്ള അവസാനം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.ഇന്റർ പ്രതീക്ഷകൾക്ക് വിരുദ്ധമായി ആണ് 87 മിനിറ്റിൽ അവർ പെനാൽട്ടി വഴങ്ങുന്നത്. അലക്‌സ് സാൻഡ്രോയെ ബോക്‌സിൽ വീഴ്ത്തിയ ഡമ്ഫ്രീസിന്റെ ഫൗൾ വാറിലൂടെ പെനാൽട്ടി ആയി വിധിക്കുക ആയിരുന്നു. തുടർന്ന് പെനാൽട്ടി അനായാസം ലക്ഷ്യം കണ്ട ഡിബാല യുവന്റസിനു അർഹിച്ച സമനില സമ്മാനിക്കുക ആയിരുന്നു. നിലവിൽ ഒമ്പതു മത്സരങ്ങൾക്ക് ശേഷം ഇന്റർ മിലാൻ മൂന്നാം സ്ഥാനത്തും യുവന്റസ് ആറാം സ്ഥാനത്തും ആണ്.

ലാ ലീഗയിൽ പിന്നിൽ നിന്നും തിരിച്ചു വന്നു സമനിലയുമായി നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡ്. രണ്ടു ഗോളുകൾ പിന്നിൽ പോയ ഡീഗോ സിമിയോണിയുടെ ടീമിനെ ഇരട്ടഗോളുകൾ അടിച്ചാണ് സുവാരസ് തോൽവിയിൽ നിന്നു രക്ഷിച്ചത്. മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ അലക്‌സാണ്ടർ ഇസാക്കിന്റെ പാസിൽ നിന്നു അലക്‌സാണ്ടർ സോർലോത്ത് സോസിദാഡിനു ലീഡ് നൽകി.രണ്ടാം പകുതിയിൽ 48 മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്തിച്ച സ്വീഡിഷ് സൂപ്പർ താരം അലക്‌സാണ്ടർ ഇസാക് സോസിദാഡിനു രണ്ടാം ഗോളും സമ്മാനിച്ചതോടെ അത്ലറ്റികോ തോൽവി മണത്തു.61 മിനിറ്റിൽ ഫെലിക്സിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ലൂയിസ് സുവാരസ് അത്ലറ്റികോ തിരിച്ചു വരവിനു തുടക്കം ഇടുക ആയിരുന്നു.

തുടർന്ന് 74 മിനിറ്റിൽ പെനാൽട്ടി നേടിയെടുത്ത സുവാരസ് അത്ലറ്റികോക്ക് വീണ്ടും ആശ്വാസം നൽകി. സുവാരസിനെ വീഴ്ത്തിയ മൈക്കിൾ മെരിനോയുടെ നീക്കത്തിനു റഫറി വാറിലൂടെ പെനാൽട്ടി അനുവദിക്കുക ആയിരുന്നു. പെനാൽട്ടി അനായാസം ലക്ഷ്യം കണ്ട സുവാരസ് അത്ലറ്റികോയുടെ തിരിച്ചു വരവ് പൂർത്തിയാക്കുക ആയിരുന്നു.ലീഗിൽ നിലവിൽ 10 കളികളിൽ നിന്നു 21 പോയിന്റുകളും ആയി റയൽ സോസിദാഡ് തന്നെയാണ് ഒന്നാമത്. ഒമ്പത് കളികളിൽ നിന്നു 18 പോയിന്റുകൾ ഉള്ള അത്ലറ്റികോ മാഡ്രിഡ് നിലവിൽ നാലാം സ്ഥാനത്ത് ആണ്.