❝പി.എസ്​.ജി പകരം വീട്ടി; ജയിച്ചിട്ടും ബയേൺ സെമി കാണാതെ പുറത്ത് : പരാജയപെട്ടിട്ടും ചെൽസി സെമിയിൽ❞

കഴിഞ്ഞ തവണ ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ നിന്ന് തട്ടിമാറ്റിയ ബയേണ്‍ മ്യുണിക്കിനെ ഇത്തവണ ക്വാര്‍ട്ടറില്‍ പുറത്താക്കി പിഎസ്ജി. ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ജയിച്ചിട്ടും മുന്‍ ചാംപ്യന്‍മാര്‍ പുറത്തായി. ആദ്യപാദത്തില്‍ പിഎസ്ജി 3-2ന് ജയിച്ചിരുന്നു. ഇന്നലെ പി.എസ്.ജിയുടെ ഗ്രൗണ്ടിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പി.എസ്.ജിക്കെതിരെ 1-0ന്റെ ജയം നേടിയിട്ടും ബയേൺ മ്യൂണിച്ച് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തുപോവുകയായിരുന്നു. രണ്ട് പാദങ്ങളിലും കൂടി 3-3നാണ് മത്സരം അവസാനിച്ചതെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തിൽ പി.എസ്.ജി സെമി ഉറപ്പിക്കുകയായിരുന്നു.

കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിച്ചിനോട് തോറ്റതിനുള്ള മധുര പ്രതികാരം കൂടിയായി പി.എസ്.ജിക്ക് ഈ ജയം. സൂപ്പര്‍ താരം ലെവന്‍ഡോസ്‌കിയുടെ കുറവ് ബയേണിനെ ഇന്ന് സാരമായി ബാധിച്ചിരുന്നു.മത്സരത്തിൽ തുടക്കത്തിൽ പി.എസ്.ജി ആധിപത്യം ആണ് കണ്ടതെങ്കിലും അതിന് വിപരീതമായി ബയേൺ മ്യൂണിച്ചാണ് മത്സരത്തിൽ ഗോൾ നേടിയത്. ബയേൺ മ്യൂണിച്ചിന് വേണ്ടി എറിക് മാക്സിം ചൗപോ മോട്ടിങ് ആണ് ഗോൾ നേടിയത്. ബയേൺ മ്യൂണിച്ച് ഗോൾ നേടുന്നതിന് തൊട്ട് മുൻപ് നെയ്മറിന്റെ രണ്ട് ശ്രമങ്ങൾ ബാറിലും പോസ്റ്റിലും തട്ടി തെറിച്ചതും പി.എസ്.ജിക്ക് തിരിച്ചടിയായി.

എന്നാൽ ഒരു ഗോൾ വഴങ്ങിയെങ്കിലും മത്സരത്തിൽ ഗോൾ കൂടുതൽ ഗോൾ വഴങ്ങാതെ പി.എസ്.ജി സെമി ഫൈനൽ ഉറപ്പിക്കുകയായിരുന്നു. ഇരു ടീമുകളുടെയും ഗോൾ കീപ്പർമാർ മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്.ഇന്ന് നടക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി-ഡോര്‍ട്ട്മുണ്ട് മല്‍സരത്തിലെ വിജയികളെ പിഎസ്ജി സെമിയില്‍ നേരിടും.


ഇഞ്ചുറി ടൈമിലെ ഗോളിൽ മത്സരം ജയിച്ചിട്ടും പോർട്ടോ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ കാണാതെ പുറത്ത്. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ചെൽസിക്കെതിരെ 1-0നാണ് പോർട്ടോ ജയിച്ചത്. എന്നാൽ ആദ്യ പാദത്തിൽ 2-0 ന്റെ ജയം നേടിയ ചെൽസി 2-1 എന്ന നിലയിൽ രണ്ട് പാദങ്ങളിലും കൂടി ജയിച്ചാണ് ചാമ്പ്യൻസ് ലീഗ് സെമി ഉറപ്പാക്കിയത്.ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തിന്റെ ഭൂരിഭാഗവും പോർട്ടോ ആക്രമണം തടയാൻ ചെൽസിക്ക് കഴിഞ്ഞെങ്കിലും ഇഞ്ചുറി ടൈമിൽ പോർട്ടോ താരം ടരെമിയുടെ ഗോളിൽ ചെൽസി പരാജയം സമ്മതിക്കുകയായിരുന്നു.

മികച്ചൊരു ബൈസിക്കിൾ കിക്കിലൂടെയാണ് പോർട്ടോ താരം ഗോൾ നേടിയത്. തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടാൻ ആവശ്യമായ രണ്ടാമത്തെ ഗോൾ നേടാൻ പോർട്ടോക്ക് കഴിഞ്ഞതും ഇല്ല.2014ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗിന്റെ സെമി ഉറപ്പിക്കുന്നത്. ഇന്ന് നടക്കുന്ന ലിവർപൂൾ – റയൽ മാഡ്രിഡ് മത്സരത്തിലെ വിജയികളാവും സെമിയിൽ ചെൽസിയുടെ എതിരാളികൾ.