❝നെയ്മർക്ക് ഇരട്ട ഗോൾ ,ഗാംബ ഒസാക്കക്കെതിരെ ഗോൾ വർഷവുമായി പിഎസ്ജി❞

പ്രീ സീസൺ പോരാട്ടത്തിൽ തകർപ്പൻ ജയവുമായി പിഎസ്ജി. ഇന്ന് നടന്ന മത്സരത്തിൽ ജാപ്പനീസ് ക്ലബ് ഗാംബ ഒസാക്കയെ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. പിഎസ്ജിക്കായി നെയ്മർ ഇരട്ട ഗോളുകൾ നേടി,പാബ്ലോ സരബിയ, നുനോ മെൻഡസ്, ലയണൽ മെസ്സി ,എംബപ്പേ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.

28 ആം മിനുട്ടിൽ പാബ്ലോ സരബിയ നേടിയ ഗോളിൽ പിഎസ്ജി ലീഡ് നേടി. 32 ആം മിനുട്ടിൽ നെയ്മർ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളോടെ സ്കോർ 2 -0 ആക്കി ഉയർത്തി. 34 ആം മിനുട്ടിൽ കെയ്‌സുകെ കുറോകാവ ജാപ്പനീസ് ടീമിന് വേണ്ടി ഒരു ഗോൾ മടക്കി. എന്നാൽ 37 ആം മിനുട്ടിൽ ന്യൂനോ മെൻഡസ് നേടിയ ഗോളും 39 ആം മിനുട്ടിൽ നെയ്മറുടെ അസിസ്റ്റിൽ നിന്നും ലയണൽ മെസ്സി നേടിയ ഗോളോടോ സ്കോർ 4 -1 ആയി മാറി.

60 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ മികച്ചൊരു അസ്സിസ്റ്റിൽ നിന്നും നെയ്മർ പിഎസ്ജി യുടെ അഞ്ചാമത്തെ ഗോൾ നേടി. 70 ആം മിനുട്ടിൽ ഹിരോട്ടോ യമാമി ഗാംബ ഒസാക്കക്ക് വേണ്ടി ഒരു ഗോൾ കൂടി മടക്കി. 86 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ എംബപ്പേ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളോടെ സ്കോർ 6 -2 ആക്കി മാറ്റി.

ജപ്പാനിലെ പ്രീ സീസൺ പര്യടനത്തിലെ പിഎസ്ജി യുടെ മൂന്നമത്തെ ജയമാണിത്. നെയ്മർ എംബപ്പേ മെസ്സി എന്നി മൂന്നു സൂപ്പർ താരങ്ങളും ഗോൾ നേടി എന്ന സവിശേഷതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഞായറാഴ്ച ലിഗ് 1 വിജയികളും കൂപ്പെ ഡി ഫ്രാൻസും തമ്മിലുള്ള ട്രോഫി ഡെസ് ചാമ്പ്യൻസിൽ പിഎസ്ജി അടുത്തതായി നാന്റസിനെ നേരിടും.