“മെസ്സിയില്ലെങ്കിലും തകർപ്പൻ ജയവുമായി പിഎസ്ജി ; മികച്ച വിജയത്തോടെ കിരീടത്തിലേക്ക് കൂടുതൽ അടുത്ത് റയൽ മാഡ്രിഡ് ; ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് സിറ്റി ; ചെൽസിയെ വീഴ്ത്തി ആഴ്‌സണൽ ; യുവന്റസ് ഫൈനലിൽ “

ഫ്രഞ്ച് ലീഗിൽ ആംഗേഴ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി പിഎസ്ജി കിരീടത്തിലേക്ക് അടുക്കുന്നു . കിലിയൻ എംബാപ്പെ, സെർജിയോ റാമോസ്, മാർകീന്യോസ് എന്നിവരാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്. പരിക്കേറ്റ സൂപ്പർ താരം ലയണൽ മെസി ഇല്ലാതെയാണ് ടീം കളിച്ചത്.ഫ്രഞ്ച് ലീഗിൽ കിരീടം ഉറപ്പിക്കാൻ പിഎസ്ജിക്ക് ലെൻസുമായുള്ള ശനിയാഴ്ചത്തെ മത്സരം വരെ കാത്തിരിക്കേണ്ടി വരും. രണ്ടാമതുള്ള മാഴ്സെ ഇന്ന് നാന്റസിനെ 3-2ന് തോൽപ്പിച്ചതോടെയാണ് പിഎസ്ജി യുടെ കാത്തിരിപ്പ് നീണ്ടത്.

28ആം മിനുട്ടിൽ ഹകീമി നൽകിയ പാസ് സ്വീകരിച്ച് എമ്പപ്പെയുടെ വക ആയിരുന്നു പി എസ് ജിയുടെ ആദ്യ ഗോൾ. ആദ്യ പകുതിയുടെ അവസാനം റാമോസിലൂടെപി എസ് ജി രണ്ടാം ഗോളും കണ്ടെത്തി.പിന്നീട് രണ്ടാം പകുതിയിൽ മാർക്കിനസും പി എസ് ജിക്ക് ആയി ഗോൾ നേടി.ഈ ജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് 77 പോയന്റാണ് പി എസ് ജിക്ക് ഉള്ളത്. രണ്ടാമതുള്ള മാഴ്സക്ക് 62 പോയന്റും. മാഴ്സെ ഇനി എല്ലാ മത്സരവും ജയിച്ചാൽ അവർക്കും 77 പോയിന്റിൽ എത്താം. മാഴ്സെ ഒരു പോയിന്റ് നഷ്ടപ്പെടുത്തുകയോ പി എസ് ജി ഒരു പോയിന്റ് നേടുകയും ചെയ്താൽ പി എസ് ജിക്ക് ഇനി കിരീടം ഉറപ്പിക്കാം.

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ലാ ലിഗ കിരീട വിജയത്തിന്റെ വക്കിൽ. ഒസാസുനയെ 3-1ന് തകർത്ത ലോസ് ബ്ലാങ്കോസ് രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനേക്കാൾ 17 പോയിന്റിന് മുന്നിലാണ്. സൂപ്പർ താരം കരീം ബെൻസിമ രണ്ട് പെനാൽറ്റികൾ നഷ്ടപ്പെടുത്തിയെങ്കിലും ഡേവിഡ് അലാബയും, മാർക്കോ അസെൻസിയോയും, ലൂക്കാസ് വാസ്ക്വസും നേടിയ ഗോളുകൾ റയലിന് മികച്ച ജയം സമ്മാനിക്കുകയായിരുന്നു. ഒസാസുനയുടെ ഏക ഗോൾ ബുഡിമിർ സ്വന്തമാക്കി. 12ആം മിനുട്ടിൽ അലാബ ആണ് റയൽ മാഡ്രിഡിന് ലീഡ് നൽകിയത്. ഈ ഗോളിന് തൊട്ടടുത്ത മിനുട്ടിൽ തന്നെ ബുദിമിർ ഒസാസുനക്കായി ഗോൾ മടക്കി. കളി 1-1 എന്നായി.

ആദ്യ പകുതിയുടെ അവസാനം അസൻസിയോ റയലിന് ലീഡ് നൽകി.രണ്ടാം പകുതിയിൽ 52ആം മിനുട്ടിലും 59ആം മിനുട്ടിലും റയലിന് പെനാൾട്ടി ലഭിച്ചു എങ്കിലും ബെൻസീമ എടുത്ത രണ്ട് കിക്കും ലക്ഷ്യത്തിൽ എത്തിയില്ല.എങ്കിലും അവസാനം പിറന്ന വാസ്കസിന്റെ ഗോളിൽ റയൽ 3 പോയിന്റ് ഉറപ്പിച്ചു.ഈ വിജയത്തോടെ റയൽ മാഡ്രിഡ് 33 മത്സരങ്ങളിൽ നിന്ന് 78 പോയിന്റിൽ എത്തി. ഇനി നാലു പോയിന്റെ കൂടെ ലഭിച്ചാൽ റയലിന് കിരീടം ഉയർത്താം.

ലിവർപൂളിന്റെ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനത്തിന് കേവലം 24 മണിക്കൂറിന്റെ ആയുസ് മാത്രം. ബ്രൈട്ടനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി വീണ്ടും ലീഗിൽ ഒന്നാമത്. ആദ്യപകുതിയിൽ ബ്രൈട്ടൻ ഗോൾ വഴങ്ങാതെ ചെറുത്തുനിന്നെങ്കിലും, ഹാഫ് ടൈമിന് ശേഷം താളം നഷ്ടമായി. സെക്കൻഡ് ഹാഫിൽ റിയാദ് മെഹ്റസ്, ഫിൽ ഫോഡൻ, ബെർണാർഡോ സിൽവ എന്നിവരാണ് സിറ്റിയുടെ ഗോളുകൾ സ്വന്തമാക്കിയത്. ബ്രൈട്ടനെതിരെ ഒരു അസിസ്റ്റ് ഉൾപ്പെടെ നേടി മാഞ്ചസ്റ്റർ സിറ്റിയുടെ കളി മനോഹരമായി നിയന്ത്രിച്ച കെവിൻ ഡി ബ്രൂയിനാണ് മാൻ ഓഫ് ദി മാച്ച്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് 77 പോയിന്റും ലിവർപൂളിന് 76 പോയിന്റുമാണ് നിലവിൽ.

സ്റ്റാംഫോഡ് ബ്രിഡ്ജിൽ അരങ്ങേറിയ ആവേശകരമായ ‘ലണ്ടൻ ഡെർബി’യിൽ ചെൽസിയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വീഴ്ത്തി ആഴ്സനൽ. പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് ഗണ്ണേഴ്സ് വിജയവഴിയിൽ തിരിച്ചെത്തിയത്. യുവതാരങ്ങൾ തകർത്താടിയ പോരാട്ടത്തിൽ ഇരട്ടഗോളുകളുമായി എഡി എൻകെറ്റിയ ആഴ്സനൽ നിരയിൽ തിളങ്ങി.എമിൽ സ്മിത്ത് റോവവിന്റെയും ബുക്കായോ സാക്കയുടെയും വകയായിരുന്നു മറ്റ് രണ്ട് ഗോളുകൾ.

92 ആം മിനിറ്റിൽ ബുക്കായോ സാക്കയെ ചെൽസി നായകൻ ആസ്പിലിക്യൂട്ട ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയാണ് ആഴ്സനലിന്റെ നാലാം ഗോളിന് വഴിവെച്ചത്. ചെൽസി ഡിഫൻഡർ ക്രിസ്റ്റൻസിന്റെ പിഴവിൽ നിന്നായിരുന്നു ആഴ്സനലിന്റെ ആദ്യ ഗോൾ. രണ്ട് തവണ ലീഡ് വഴങ്ങിയ ശേഷം രണ്ടെണ്ണം തിരിച്ചടിച്ച് പൊരുതിയെങ്കിലും ആഴ്സനൽ യുവനിരയുടെ വീര്യത്തിന് മുന്നിൽ ബ്ലൂസ് വീഴുകയായിരുന്നു. ചെൽസിക്കായി തിമോ വെർണറും ആസ്പിലിക്യൂട്ടയുമാണ് സ്‌കോർ ചെയ്തത്.പ്രീമിയർ ലീഗിൽ ഈ സീസണിൽ ചെൽസി നായകൻ നേടുന്ന ആദ്യ ഗോളാണിത്. ജയത്തോടെ പ്രീമിയർ ലീഗിൽ ആഴ്സനലിന് 57 പോയിന്റായി. നിലവിൽ ടോട്ടൻഹാമിനും 57 പോയിന്റാണ്.

കോപ ഇറ്റാലിയ ഫൈനലിലേക്ക് മുന്നേറി യുവന്റസ്. ആദ്യ പാദത്തിൽ 1-0 ന്റെ ജയം നേടിയ യുവന്റസ് രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഫിയരിന്റീനയെ തോൽപ്പിച്ചു ആണ് ഫൈനൽ ഉറപ്പിച്ചത്.ബെർണാർഡെസ്കി, ഡാനിലോ എന്നിവരുടെ ബൂട്ടിൽ നിന്നായിരുന്നു യുവന്റസിന്റെ ഗോളുകൾ. ബെർണാർഡെസ്കി ആദ്യ പകുതിയിലും ഡാനിലോ രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് ടൈമിലുമാണ് സ്‌കോർ ചെയ്തത്. കോപ്പ ഇറ്റാലിയ കലാശപ്പോരിൽ ഇന്റർ മിലാനാണ് യുവന്റസിന്റെ എതിരാളികൾ. സിരി എ കിരീടം മോഹം അവസാനിച്ച യുവന്റസിന്റെ ഈ സീസണിലെ ഏക പ്രതീക്ഷയാണ് കോപ്പ ഇറ്റാലിയ