❝പിഎസ്ജിക്ക് വേണ്ടി ലയണൽ മെസ്സി ശനിയാഴ്ച ആദ്യ മത്സരം കളിക്കുമോ?❞

ലയണൽ മെസ്സി ഔദ്യോഗികമായി ഒരു പിഎസ്ജി കളിക്കാരനായി മാറിയിരിക്കുകയാണ്.ലീഗ് 1 ൽ അർജന്റീന സൂപ്പർ താരം അരങ്ങേറ്റം കാണാൻ മുഴുവൻ ഫുട്ബോൾ ലോകവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ശനിയാഴ്ച രാത്രി സ്ട്രാസ്ബർഗിനെതിരെയാണ് പിഎസ്ജി യുടെ ലീഗിലെ മത്സരം.6 തവണ ബാലൺ ഡി ഓർ ജേതാവ് ശനിയാഴ്ച പിഎസ്ജി ജേഴ്സിയിൽ കളിക്കുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ലയണൽ മെസ്സി ഈ ആഴ്ച ആദ്യം തന്റെ പുതിയ ക്ലബ് പാരീസ് സെന്റ് ജെർമെയ്നിലെ പരിശീലന മൈതാനത്തെത്തിയെങ്കിലും നാളെ കളിക്കുമോ എന്നത് സംശയമാണ്. കഴിഞ്ഞ ദിവസം പി എസ് ജി ടീമുമായി മെസി പരിശീലനം നടത്തിയിരുന്നു. എന്ന് വേണമെങ്കിലും ടീമിനായി കളിക്കാന്‍ തയ്യാറാണെന്ന് മെസി പറഞ്ഞിരുന്നു. “എനിക്ക് നിങ്ങൾക്ക് ഒരു തീയതി നൽകാൻ കഴിയില്ല. അത് പരിശീലനത്തെയും മറ്റ് തീരുമാനങ്ങളെയും ആശ്രയിച്ചിരിക്കും. അതോടൊപ്പം അന്തിമമായി പരിശീലകർ ഞാൻ തയ്യാറാണെന്ന് കരുതുന്നതിനെയും ആശ്രയിച്ചിരിക്കും.”ബാഴ്സലോണയിൽ തന്റെ കരിയർ ചെലവഴിച്ച ശേഷം, ലിഗ് 1 ൽ “പുതിയ ടീമുകളും പുതിയ സ്റ്റേഡിയങ്ങളും കണ്ടെത്തുന്നതിനായി” കാത്തിരിക്കുകയാണെന്ന് മെസ്സി പറഞ്ഞു.

വ്യക്തിപരമായി മികച്ചൊരു സീസണ് ശേഷമാണ് 34 കാരൻ ഫ്രാൻസിലെത്തിയത്.ലാ ആൽബിസെലെസ്റ്റെയുടെ ചരിത്രപരമായ കോപ്പ അമേരിക്ക 2021 വിജയത്തിലും മെസ്സി നിർണായക പങ്കു വഹിക്കുകയും ചെയ്തു. കോപ്പ അമേരിക്കക്ക് ശേഷം വലിയ ഇടവേള എടുത്ത മെസ്സി പ്രീ-സീസൺ പരിശീലനം ഇതുവരെ ആരംഭിച്ചിട്ടില്ല. ശനിയാഴ്ച സ്ട്രാസ്ബർഗിനെതിരായ മത്സരത്തിൽ മെസിയെ മൗറീഷ്യോ പോച്ചെറ്റിനോ മെസ്സിയെ ടീമിലെടുക്കുമോ എന്ന് കണ്ടറിഞ്ഞു കാണാം.

ലയണൽ മെസ്സി, നെയ്മർ, കൈലിയൻ എംബാപ്പെ എന്നി ലോകത്തിലെ ഏറ്റവും മികച്ച 3 കളിക്കാർ അണിനിരക്കുന്ന പാരീസ് ഈ സീസണിൽ യൂറോപ്പിൽ ചരിത്രം സൃഷ്ടിക്കും എന്നുറപ്പാണ്. ബാഴ്സയിലെ ‘എംഎസ്എൻ’ ത്രയം പോലെ പാരിസിൽ ‘എംഎൻഎം’ ത്രയം രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്.