ഐപിഎല്ലിനേക്കാൾ കടുപ്പമേറിയതാണ് പിഎസ്എൽ : വൈറലായി പാക് താരത്തിന്റെ വാക്കുകൾ

ലോകത്തെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് ആണ് ഐപിഎൽ. കോമ്പറ്റീഷൻ സ്പിരിറ്റ് കൊണ്ടും, വാണിജ്യ ലാഭം കൊണ്ടും ഐപിഎൽ മറ്റു രാജ്യങ്ങളുടെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്നുനിൽക്കുന്നു. 2008-ലാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. പിന്നീട്, ഐപിഎല്ലിൽ നിന്നെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നിരവധി രാജ്യങ്ങൾ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടൂർണമെന്റുകൾ ആരംഭിച്ചു. എന്നാൽ അവക്കൊന്നും തന്നെ ഐപിഎല്ലിന്റെ പ്രൗഢിയിൽ എത്താൻ സാധിച്ചില്ല എന്നത് ഒരു വസ്തുതയാണ്.

പാകിസ്ഥാൻ സൂപ്പർ ലീഗ്, ലങ്കൻ പ്രീമിയർ ലീഗ്, കരീബിയൻ പ്രീമിയർ ലീഗ് തുടങ്ങി നിരവധി ടി20 ഫ്രാഞ്ചൈസി ലീഗുകൾ ഇന്ന് ഉണ്ട്. എന്നാൽ, പാക്കിസ്ഥാൻ ഒഴികെയുള്ള മറ്റു എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കളിക്കാർ പങ്കെടുക്കുന്ന ഐപിഎല്ലിനോളം മറ്റൊരു ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകൾക്കും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്കിടയിൽ ഒരു ജനപ്രീതി സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്, ക്രിക്കറ്റ് ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങൾ മറ്റു ലീഗുകളിൽ ഒന്നും തന്നെ പങ്കെടുക്കുന്നില്ല എന്നതുകൂടിയാണ്.

എന്നാൽ, പാകിസ്ഥാൻ സൂപ്പർ ലീഗ് ആണ് ഐപിഎല്ലിനെക്കാളും വളരെ കടുപ്പമേറിയ കോംപറ്റീഷൻ എന്ന അഭിപ്രായക്കാരനാണ് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ. പിഎസ്എൽ കളിച്ചിട്ടുള്ള ഏതൊരു ലോകോത്തര ക്രിക്കറ്ററോടും, പിഎസ്എൽ ആണോ ഐപിഎൽ ആണോ നിങ്ങൾക്ക് ഏറ്റവും കടുപ്പമേറിയതായി തോന്നിയത് എന്ന് ചോദിച്ചാൽ, അവർ തീർച്ചയായും പിഎസ്എൽ എന്നായിരിക്കും മറുപടി നൽകുക എന്നും മുഹമ്മദ് റിസ്വാൻ പറഞ്ഞു.

“പിഎസ്എല്ലിൽ കളിക്കുക എന്നത് വളരെ കടുപ്പമേറിയ ഒരു കാര്യമാണ്. പിഎസ്എല്ലിൽ നിരവധി ലോകോത്തര കളിക്കാർ ബെഞ്ചിൽ ഇരിക്കുന്നതായി നിങ്ങൾക്ക് കാണാം. അത് ഈ ടൂർണമെന്റിന്റെ കാഠിന്യം വെളിപ്പെടുത്തുന്നു. ഐപിഎൽ മികച്ചത് തന്നെയായിരിക്കാം, എന്നിരുന്നാലും ഐപിഎല്ലിനേക്കാൾ ഒരു കളിക്കാരൻ എന്ന നിലയിൽ കളിക്കാൻ കടുപ്പമേറിയത് പിഎസ്എൽ ആണ്,” നിലവിൽ പിഎസ്എൽ ടീമായ മുൾട്ടാൻ സുൽത്താൻസിന്റെ ക്യാപ്റ്റൻ കൂടിയായ മുഹമ്മദ് റിസ്വാൻ പറഞ്ഞു.

Rate this post