അവസാന ഓവറുകളിൽ ആഞ്ഞടിച്ച് പഞ്ചാബ് ,രാജസ്ഥാനെതിരെ കൂറ്റൻ സ്കോർ

രാജസ്ഥാനെതിരായ മത്സരത്തിൽ ഒരു വമ്പൻ ബാറ്റിംഗ് കാഴ്ചവെച്ച് പഞ്ചാബ്. രാജസ്ഥാന് അങ്ങേയറ്റം നിർണായകമായ മത്സരത്തിൽ പഞ്ചാബ് ബാറ്റർമാരുടെ ഒരു തകർപ്പൻ വെടിക്കെട്ട് തന്നെയാണ് കാണാൻ സാധിച്ചത്. തുടക്കത്തിൽ കൃത്യമായി മത്സരം നിയന്ത്രിക്കാൻ രാജസ്ഥാന് സാധിച്ചിരുന്നുവെങ്കിലും, അവസാനംഓവറുകളിൽ ജിതേഷ് ശർമയും സാം കരനും ഷാരൂഖ് ഖാനും പഞ്ചാബിനായി അടിച്ചു തകർക്കുകയായിരുന്നു. മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 187 റൺസാണ് പഞ്ചാബ് നേടിയിരിക്കുന്നത്. ഈ സ്കോർ മറികടക്കുക എന്നത് രാജസ്ഥാനെ സംബന്ധിച്ച് ശ്രമകരം തന്നെയാണ്.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ കൃത്യമായ രീതിയിൽ പഞ്ചാബ് കിങ്സിനെ നിയന്ത്രിക്കാൻ രാജസ്ഥാൻ ബോളർമാർക്ക് സാധിച്ചിരുന്നു. അപകടകാരികളായ പ്രഭസിമ്രാൻ(2) ശിഖർ ധവാൻ(17) എന്നിവരെ തുടക്കത്തിൽ തന്നെ രാജസ്ഥാൻ വീഴ്ത്തുകയുണ്ടായി. അങ്ങനെ ഒരു സമയത്ത് പഞ്ചാബ് 50ന് 4 എന്ന നിലയിൽ പതറുകയും ചെയ്തു. പക്ഷേ അതിനുശേഷം കൃത്യമായ കണക്ക് കൂട്ടലുകളോടെ സാം കരനും ജിതേഷ് ശർമയും ക്രീസിൽ ഉറയ്ക്കുന്നതാണ് കാണാൻ സാധിച്ചത്.

രാജസ്ഥാൻ ബോളർമാരെ പൂർണ്ണമായും അവസാന ഓവറുകളിൽ അടിച്ചുതകർക്കാൻ പഞ്ചാബിന് സാധിച്ചു. സാം കരൻ മത്സരത്തിൽ 31 പന്തുകളിൽ 49 റൺസ് നേടി. നാലു ബൗണ്ടറികളും രണ്ട് സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. ജിതേഷ് ശർമ 28 പന്തുകളിൽ 44 റൺസ് ആണ് നേടിയത്. മൂന്നു ബൗണ്ടറികളും മൂന്ന് സിക്സറുകളുമായിരുന്നു ജിതേഷിന്റെ സമ്പാദ്യം. ജിതേഷ് പുറത്തായ ശേഷമെത്തിയ ഷാരൂഖാനും അവസാന ഓവറുകളിൽ തീയായി മാറുകയായിരുന്നു. ഇതോടെ രാജസ്ഥാന്റെ ബോളർമാർ നന്നേ വിയർത്തു.

ഷാരൂഖാൻ മത്സരത്തിൽ 23 പന്തുകളിൽ 41 റൺസ് നേടി. നാലു ബൗണ്ടറികളും രണ്ട് സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇവരുടെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 187 റൺസാണ് പഞ്ചാബ് നേടിയിരിക്കുന്നത്. ഈ വിജയലക്ഷം 19 ഓവറിൽ തന്നെ പൂർത്തീകരിച്ചാൽ മാത്രമേ രാജസ്ഥാനിൽ പ്ലെയോഫ് പ്രതീക്ഷകൾ നിലനിർത്താൻ സാധിക്കൂ. അതിനാൽ തന്നെ വലിയൊരു ദൗത്യത്തിലേക്കാണ് രാജസ്ഥാൻ ബാറ്റ് വീശുന്നത്. മറുവശത്ത് പഞ്ചാബിനെ സംബന്ധിച്ചും വളരെ നിർണായകമായ മത്സരം തന്നെയാണ് ഇത്. എത്രയും വലിയ മാർജിനിൽ രാജസ്ഥാനെ പരാജയപ്പെടുത്താനാണ് പഞ്ചാബ് ശ്രമിക്കുന്നത്.

5/5 - (1 vote)