“പിടിച്ചു കെട്ടാനാവാതെ എംബപ്പേ” ; ഗോളടിയിൽ പുതിയ റെക്കോർഡുമായി ഫ്രഞ്ച് സൂപ്പർ താരം

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തിലാണ് ഫ്രഞ്ച് താരം എംബപ്പേയുടെ സ്ഥാനം. ഈ ചെറിയ പ്രായത്തിൽ തന്നെ ക്ലബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും നിരവധി ഗോൾ റെക്കോർഡുകളാണ് ഈ പിഎസ്ജി സ്‌ട്രൈക്കർ സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. ഇന്നലെ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ പുതിയൊരു റെക്കോർഡ് കൂടി താരം സ്വന്തം പേരിൽ ചേർത്തിരിക്കുകയാണ്. ഇന്നലെ കസാക്കിസ്ഥാനെതിരെ എംബാപ്പയുടെ നാല് ഗോളുകളുടെ മികവിൽ 8 ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ വിജയിച്ചത്. ജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിക്കാനും അവർക്കായി.

കസാകിസ്താനെതിരെയുള്ള നാല് ഗോളോട് കൂടി 63 വർഷ‌ങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫ്രാൻസ് താരമായും എംബപ്പേ മാറിയിരിക്കുകയാണ്.1958-ൽ വെസ്റ്റ് ജർമ്മനിക്കെതിരെ ഗോൾ നേടിയ ജസ്റ്റ് ഫോണ്ടെയ്ൻ ആയിരുന്നു ലെസ് ബ്ലൂസിനായി നാലോ അതിലധികമോ സ്കോർ ചെയ്ത അവസാന താരം. 1985-ൽ ലക്സംബർഗിനെതിരെ മൂന്ന് ഗോളുകൾ നേടിയ ഡൊമിനിക് റോച്ചെറ്റോ ആയിരുന്നു ഒരു കോംപ്റ്റിറ്റിവ് മത്സരത്തിൽ മൂന്നോ അതിലധികമോ സ്കോർ ചെയ്ത ഏറ്റവും പുതിയ ഫ്രാൻസ് താരം.

2017 ൽ ലക്സംബർഗിനെതിരെയാണ് എംബപ്പേ ആദ്യായി ഫ്രഞ്ച് ജേഴ്സി അണിയുന്നത്. 2018 FIFA വേൾഡ് കപ്പ് യോഗ്യതാ എവേ വിജയത്തിന്റെ 78-ാം മിനിറ്റിൽ ദിമിത്രി പയറ്റിനു പകരമായാണ് എംബപ്പേ ഇറങ്ങിയത്. 18 വയസ്സും മൂന്ന് മാസവും അഞ്ച് ദിവസവും പ്രായമുള്ളപ്പോൾ ഫ്രാൻസിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനായി എംബപ്പേ മാറി.2017 ഓഗസ്റ്റ് 31-ന്, നെതർലാൻഡ്സിനെതിരായ 2018 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എംബാപ്പെ തന്റെ ആദ്യ സീനിയർ അന്താരാഷ്ട്ര ഗോൾ നേടി.2018 മാർച്ചിൽ നടന്ന സൗഹൃദ മത്സരത്തിൽ റഷ്യയ്‌ക്കെതിരെ അദ്ദേഹം രണ്ട് ഗോളുകൾ നേടി.

റഷ്യയിൽ നടക്കുന്ന 2018 ലോകകപ്പിനുള്ള ഫ്രാൻസ് ടീമിലേക്ക് എംബാപ്പെ തെരഞ്ഞെടുക്കപ്പെട്ടു. 2018 ജൂൺ 21-ന്, പെറുവിനെതിരെ ഫ്രാൻസിന്റെ 1-0 ഗ്രൂപ്പ് സി വിജയത്തിൽ അദ്ദേഹം തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടി. 19-ാം വയസ്സിൽ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് ഗോൾ സ്‌കോററായി അദ്ദേഹം മാറി.അർജന്റീനയ്‌ക്കെതിരായ 4-3 വിജയത്തിൽ, രണ്ട് തവണ സ്‌കോർ ചെയ്യുകയും ചെയ്തു.1958 ലെ പെലെയ്ക്ക് ശേഷം ലോകകപ്പ് മത്സരത്തിൽ രണ്ട് ഗോളുകൾ നേടുന്ന രണ്ടാമത്തെ കൗമാരക്കാരനായിരുന്നു എംബാപ്പെ.

ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യക്കെതിരെ 25-യാർഡ് സ്‌ട്രൈക്കിലൂടെ എംബാപ്പെ സ്കോർ ചെയ്തു,ടൂർണമെന്റിൽ നാല് ഗോളുകൾ നേടിയതോടെ ഫിഫ വേൾഡ് കപ്പിലെ മികച്ച യുവതാരത്തിനുള്ള അവാർഡ് ലഭിച്ചു. ഈ വര്ഷം നേഷൻസ് ലീഗ് കിരീടം നേടുന്നതിലും താരം മുഖ്യ പങ്കു വഹിച്ചിരുന്നു. നേഷൻസ് ലീഗ് ഫൈനലിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ എംബാപ്പെക്ക് “അലിപേ ടോപ്പ് സ്കോറർ ട്രോഫി” ലഭിച്ചു. ഫ്രഞ്ച് ദേശീയ ടീമിനൊപ്പം 52 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടിയിട്ടുണ്ട്.

കസാക്കിസ്ഥാനെതിരായ മത്സരത്തിൽ 6′, 12′, 32′, 87′ മിനുട്ടുകയിൽ ആയിരുന്നു എംബപ്പേ ഗോൾ നേടിയത്. പിഎസ്ജി താരത്തിന് പുറമെ കരിം ബെൻസിമ ഇരട്ട ഗോളുകൾ നേടി.അഡ്രിയാൻ റാബിയറ്റ്, അന്റോയിൻ ഗ്രീസ്മാൻ എന്നിവരും ഫ്രാൻസിനായി വല കുലുക്കി.ഗ്രൂപ്പ് ഡിയിൽ നാല് വിജയവും മൂന്ന് സമനിലയുമായി ഫ്രാൻസിന് 15 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഫിൻലാൻഡിന്റെ സമ്പാദ്യം 11 പോയിന്റാണ്.