എംബാപ്പയുടെ ഇരട്ട ഗോളിൽ ഡെന്മാർക്കിനെ കീഴടക്കി പ്രീ ക്വാർട്ടറിൽ ഇടം പിടിച്ച് ഫ്രാൻസ് |Qatar 2022

ഡെന്മാർക്കിനെ ആവേശ പോരാട്ടത്തിൽ കീഴടക്കി അവസാന പതിനാറിൽ സ്ഥാനം പിടിച്ച് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം. സൂപ്പർ താരം എംബാപ്പയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് ഫ്രാൻസ് വിജയം നേടിയെടുത്തത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ഡെന്മാര്‍ക്കിന്റെ ആധിപത്യമാണ് കണ്ടത്. പന്ത് കൈവശം വെച്ച് കളിച്ച ഡെന്മാര്‍ക്ക് മുന്നേറ്റങ്ങളും നടത്തി. കിട്ടിയ അവസരങ്ങളില്‍ ഫ്രാന്‍സും മുന്നേറിക്കൊണ്ടിരുന്നു. 21-ാം മിനിറ്റില്‍ മുന്നിലെത്താന്‍ ഫ്രാന്‍സിന് അവസരം കിട്ടിയെങ്കിലും ഡെന്മാര്‍ക്ക് ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കേല്‍ സേവുമായി മികച്ചുനിന്നു. സൂപ്പര്‍താരം ഡെമ്പലയുടെ ക്രോസ്സില്‍ നിന്നുള്ള അഡ്രിയാന്‍ റാബിയോട്ടിന്റെ ഉഗ്രന്‍ ഹെഡ്ഡര്‍ ഡെന്മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കേല്‍ തട്ടിയകറ്റി.

33-ാം മിനിറ്റില്‍ വിഷമകരമായ ആംഗിളില്‍ നിന്നുള്ള ഗ്രീസ്മാന്‍റെ ഷോട്ട് ഫ്രഞ്ച് ക്ലബ്ബ് നൈസിന്‍റെ താരമായ ഷ്മൈക്കല്‍ കാല് കൊണ്ട് രക്ഷിച്ചു. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫ്രാന്‍സ് മുന്നേറ്റങ്ങള്‍ക്ക് ഡെന്മാര്‍ക്ക് പ്രതിരോധം ഭേധിക്കാനായില്ല. 40-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് സൂപ്പര്‍ താരം എംബാപ്പേയ്ക്ക് കിട്ടിയ അവസരം മുതലാക്കാനായില്ല. ആദ്യ പകുതിയില്‍ ഫ്രാന്‍സ് തന്നെയായിരുന്നു കളത്തില്‍ നിറഞ്ഞുനിന്നത്. പലപ്പോഴും ഗോള്‍ പിറക്കാതിരുന്നത് ഡെന്‍മാര്‍ക്കിന്‍റെ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.

രണ്ടാം പകുതിയിൽ ആക്രമണത്തിന് ശക്തി കൂട്ടിനായി ഡെന്മാർക്ക് ആന്‍ഡ്രിയാസ് കൊര്‍ണേലിയസിന് പകരം മാര്‍ട്ടിന്‍ ബ്രൈത്ത്‌വെയ്റ്റിനെ കളത്തിലിറക്കി. 56 ആം മിനുട്ടിൽ എംബാപ്പേയുടെ കിടിലന്‍ ഷോട്ട് കാസ്പര്‍ ഷ്‌മൈക്കേല്‍ തട്ടിയകറ്റി. 59 ആം മിനുട്ടിൽ ഗ്രീസ്മാനും മികച്ചൊരു ഗോൾ അവസരം പാഴാക്കി.60 ആം മിനുട്ടിൽ എംബാപ്പയിലൂടെ ഫ്രാൻസ് മുന്നിലെത്തി, ഹെർണാണ്ടസിന്റെ പാസിൽ നിന്നാണ് ഫ്രഞ്ച് ഫോർവേഡ് ഗോൾ നേടിയത്.

എന്നാൽ 68 ആം മിനുട്ടിൽ ക്രിസ്റ്റിന്‍സണിലൂടെ ഡെന്മാര്‍ക്ക് തിരിച്ചടിച്ചു. കോർണറിൽ നിന്നും ഹെഡ്ഡറിലൂടെയാണ് ബാഴ്സലോണ ഡിഫൻഡർ ഗോൾ കണ്ടെത്തിയത്. 72 ആം മിനുട്ടിൽ മികച്ച സേവുമായി ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് ഡെന്മാർക്കിലെ ഗോൾ ശ്രമം തടുത്തു.വിജയ ഗോൾ കണ്ടെത്തുന്നതിനായി ഫ്രാൻസ് ആക്രണമണം തുടർന്ന് കൊണ്ടേയിരുന്നു. 85 ആം മിനുട്ടിൽ എംബാപ്പയിലൂടെ ഫ്രാൻസ് മുന്നിലെത്തി.അന്റോയ്‌ൻ ഗ്രീസ്‌മാൻ ക്പടുത്ത ക്രോസിൽ നിന്ന് പിഎസ്ജി താരം ഗോൾ നേടിയത്.

Rate this post