ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , ആവേശ പോരാട്ടത്തിൽ ഘാനയെ കീഴടക്കി പോർച്ചുഗൽ |Qatar 2022

ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി പോർച്ചുഗൽ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ സ്കോറിങ്ങിന് തുടക്കമിട്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പോർച്ചുഗൽ ഘാനയെ കീഴടക്കിയത്.രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഗോളുകൾ പിറന്നത്. ഇന്നത്തെ മത്സരത്തിൽ ഗോൾ നേടിയതോടെ അഞ്ചു വേൾഡ് കപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ മാറി.

പോർച്ചുഗലിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്.11-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം സൂപ്പര്‍ താരം റൊണാള്‍ഡോ നഷ്ടപ്പെടുത്തി. ബോക്‌സിലേക്ക് വന്ന ത്രൂബോള്‍ സ്വീകരിച്ച റൊണാള്‍ഡോയ്ക്ക് ഘാന ഗോള്‍കീപ്പറെ മറികടക്കാൻ സാധിച്ചില്ല.13-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡ്ഡര്‍ ശ്രമവും പരാജയപ്പെട്ടു.

28-ാം മിനിറ്റില്‍ ജാവോ ഫിലിക്‌സിന്റെ ഷോട്ട് ലക്ഷ്യത്തില്‍ നിന്നകന്നുപോയി. 31-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഗോള്‍ നേടിയെങ്കിലും റഫറി ഫൗള്‍ വിളിച്ചിരുന്നു.ഘാന പ്രതിരോധതാരത്തെ റൊണാള്‍ഡോ വീഴ്ത്തിയതിനാണ് റഫറി ഫൗള്‍ വിളിച്ചത്. ശക്തമായ ആക്രമണ നിരയുള്ള പോർച്ചുഗലിന്റെ ഘാന പ്രതിയുദ്ധം ഫലപ്രദമായി തടയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഘാനയുടെ ​കുഡൂസിന്റെ ലോങ് റേഞ്ചർ പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 62 ആം മിനുട്ടിൽ പോർച്ചുഗലിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബോക്സിൽ ഘാന താരം സലിസു ഫൗൾ ചെയ്തതിനാണ് പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത റൊണാൾഡോ മനോഹരമായി വലയിലാക്കി പോർച്ചുഗലിന്റെ മുന്നിലെത്തിച്ചു. റൊണാൾഡോയുടെ വേൾഡ് കപ്പിലെ എട്ടാമത്തെ ഗോൾ ആയിരുന്നു ഇത്.ഇതോടെ അഞ്ചു വേൾഡ് കപ്പിൽ ഗോൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ മാറിയിരിക്കുകയാണ്.ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന റെക്കോഡ് റൊണാള്‍ഡോ സ്വന്തമാക്കി.

73 ആം മിനുട്ടിൽ ഘാന സമനില ഗോൾ നേടി. ഇടതു വിങ്ങിൽ നിന്നും ബോക്സിലേക്ക് ലഭിച്ച പാസ് മനോഹരമായി ആന്ദ്രെ അയേവ് വലയിലാക്കി. എന്നാൽ 78 ആം മിനുട്ടിൽ പോർച്ചുഗൽ വീണ്ടും ലീഡ് നേടി. ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്നും ജാവോ ഫെലിക്സ് ആണ് ഗോൾ നേടിയത്. 80 ആം മിനുട്ടിൽ പോർച്ചുഗൽ വീണ്ടും ഗോൾ നേടി. ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്നും പകരക്കാരനായി ഇറങ്ങിയ മിലാൻ സ്‌ട്രൈക്കർ റാഫേൽ ലിയാവോ ആണ് ഗോൾ നേടിയത്.89 ആം മിനുട്ടിൽ ഒസ്മാൻ ബുകാരിയിലൂടെ രണ്ടാം ഗോൾ നേടി ഘാന സ്കോർ 2 -3 ആക്കി.

Rate this post