‘സ്വിസ് അക്കൗണ്ടിൽ ഗോൾ നിറച്ച് പോർച്ചുഗൽ’ : റൊണാൾഡോക്ക് പകരമെത്തി ഹാട്രിക്കുമായി റാമോസ് |Qatar 2022

ലോകകപ്പ് അവസാന-16 മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെതിരെ 6-1 ന്റെ തകർപ്പൻ ജയവുമായി ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് പോർച്ചുഗൽ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായി ഇറങ്ങിയ ഗോൺകാലോ റാമോസിന്റെ ഹാട്രിക്കിന്റെ ബലത്തിൽ ആയിരുന്നു പോർച്ചുഗലിന്റെ ജയം.2006ന് ശേഷം ആദ്യമായാണ് പോർച്ചുഗൽ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലാക്കാൻ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് ധീരമായ തീരുമാനമെടുത്തു, എന്നാൽ ആ തീരുമാനം ശെരിയാണെന്ന് തെളിയിക്കുന്ന ഫലമാണ് കിട്ടിയത്.മത്സരത്തിന്റെ 17ആം മിനുട്ടിൽ ആണ് സ്വിസ് നിരയെ ഞെട്ടിച്ച സ്ട്രൈക്കിലൂടെ റാമോസ് ഗോൾ നേടിയത്. ജാവോ ഫെലിക്സിൽ നിന്ന് പാസ് സ്വീകരിച്ച ഗോൺസാലോ റാമോസ് ആർക്കും ഗോൾ കണ്ടെത്താൻ ആകില്ല എന്ന തോന്നിച്ച ആങ്കിളിൽ നിന്നാണ് ഇടം കാലൻ സ്ട്രൈക്കിലൂടെ ഗോൾ നേടിയത്.
ഇതിനു ശേഷവും പോർച്ചുഗലിൽ നിന്ന് നല്ല നീക്കങ്ങൾ വന്നു. 21ആം മിനുട്ടിൽ ഒറ്റാവിയോയുടെ ഷോട്ടും 22ആം മിനുട്ടിൽ റാമോസിന്റെ ഷോട്ടും യാൻ സോമർ തടഞ്ഞു.

32-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ വീണ്ടും ഗോൾ നേടി, പെപ്പെയാണ് പോര്‍ച്ചുഗീസ് പടയ്ക്ക് വേണ്ടി വലകുലുക്കിയത്. കോര്‍ണര്‍ കിക്കിൽ നിന്നും മികച്ചൊരു ഹെഡ്ഡറിലൂടെയാണ് താരം ഗോൾ നേടിയത്.ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോഡ് പെപ്പെ സ്വന്തമാക്കി. 39 വയസ്സും 283 ദിവസവുമാണ് പെപ്പെയുടെ പ്രായം.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പോര്‍ച്ചുഗല്‍ വീണ്ടും ഗോളടിച്ചു. ഇത്തവണയും യുവതാരം ഗോണ്‍സാലോ റാമോസാണ് ലക്ഷ്യം കണ്ടത്. 51-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ഡീഗോ ഡാലോ നല്‍കിയ ക്രോസ് സ്വീകരിച്ച റാമോസ് ഗോള്‍കീപ്പര്‍ യാന്‍ സോമറിന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലെത്തിച്ചു.

നാലു മിനുട്ടുകൾക്ക് ശേഷം ഗുറേറോയിലൂടെ പോർച്ചുഗലിന്റെ നാലാം ഗോളും വന്നു. റാമോസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. 4-0. 58 ആം മിനുട്ടിൽ അകാഞ്ജി സ്വിറ്റ്സർലാന്റിന് വേണ്ടി ഒരു ഗോൾ മടക്കി.67ആം മിനുട്ടിൽ ആണ് റാമോസിന്റെ ഹാട്രിക്ക് വന്നത്. ജാവോ ഫെലിക്സിന്റെ പാസ് സ്വീകരിച്ച റാമോസ് ഒരു ചിപിലൂടെ യാൻ സോമ്മറിനെ കീഴ്പ്പെടുത്തി തന്റെ ഹാട്രിക്ക് തികച്ചു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് ആയി ഇത്.

74-ാം മിനിറ്റിൽ ജോ ഫെലിക്സിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തി. 84-ാം മിനിറ്റിൽ റൊണാൾഡോ വല ചലിപ്പിച്ചെങ്കിലും ഓഫ്സൈഡ് ഫ്ലാ​ഗ് അതിനകം തന്നെ ഉയർന്നിരുന്നു. ഇഞ്ചുറി ടൈമിൽ റാഫേൽ ലിയോയിലൂടെ ഒരു ​ഗോൾ കൂടെ നേടി പോർച്ചു​ഗൽ ആഘോഷം പൂർത്തിയാക്കി. ഡിസംബർ 10 നു നടക്കുന്ന ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ മൊറോക്കയെ നേരിടും .

Rate this post