“മിസ്റ്റർ യൂട്ടിലിറ്റി അശ്വിൻ “- ബാറ്റുകൊണ്ട് രാജസ്ഥാനെ പ്ലേ ഓഫിലെത്തിച്ച സ്പിൻ മാന്ത്രികൻ | R Ashwin

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസ്‌ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ 5 വിക്കറ്റിന് തോൽപ്പിച്ചു. ഓൾറൗണ്ട് മികവിലൂടെ റോയൽസിനെ ജയത്തിലേക്ക് നയിച്ചത്  വെറ്റെറൻ ഓൾറൗണ്ടർ ആർ അശ്വിനാണ്. ബോളുകൊണ്ടും ബാറ്റ് കൊണ്ടും ഗംഭീര പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ വെറ്റെറൻ ഓൾറൗണ്ടർ തന്നെയാണ് കളിയിലെ താരവും.

നേരത്തെ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിംഗ്സിന്, ആദ്യ ഓവറിൽ തന്നെ ഓപ്പൺ ഋതുരാജ് ഗെയ്ക്വാദിനെ (2) നഷ്ടമായത് വലിയ തിരിച്ചടിയായിരുന്നു. എന്നിരുന്നാലും, ന്യൂസിലാൻഡ് ഓപ്പണർ ഡെവോൺ കോൺവെയും (16), ഇംഗ്ലീഷ് ഓൾറൗണ്ടർ മൊയീൻ അലിയും (93) ചേർന്ന് രണ്ടാം വിക്കറ്റിൽ 83 റൺസ് കൂട്ടിച്ചേർത്തത് സിഎസ്കെക്ക് വലിയ ആശ്വാവസമായി. ഒടുവിൽ, ഡെവോൺ കോൺവയെ വിക്കറ്റിന് മുന്നിൽ കുടുക്കി, ആ കൂട്ടുകെട്ട് തകർത്ത് രാജസ്ഥാൻ റോയൽസിന് ബ്രേക്ക് സമ്മാനിച്ചത് അശ്വിനാണ്.

4 ഓവറിൽ 28 റൺസ് വഴങ്ങിയ അശ്വിൻ ഒരു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസ് നിരയിൽ, ഓപ്പണർ യശാവി ജയിസ്വാൾ (59) ഒഴികെ മറ്റു ടോപ് ഓർഡർ ബാറ്റർമാരെല്ലാം റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ, അഞ്ചാമനായി ക്രീസിലെത്തിയ അശ്വിനാണ് അവസരോചിതമായി ബാറ്റ് വീശി ടീമിനെ ജയത്തിലേക്ക് നയിച്ചത്.

23 പന്തിൽ 2 ഫോറും 3 സിക്സും സഹിതം 173.91 സ്ട്രൈക്ക് റേറ്റോടെ 40 റൺസ് അശ്വിൻ പുറത്താകാതെ നിന്നപ്പോൾ, ഇന്നിംഗ്സിൽ 2 പന്ത് ശേഷിക്കേ റോയൽസ് വിജയലക്ഷ്യം മറികടന്നു. അവസാന ഓവറിൽ റോയൽസിന് ജയിക്കാൻ 7 റൺസ് വേണമെന്നിരിക്കെ, ഓവറിലെ രണ്ടാം ബോളിൽ പതിരനക്കെതിരെ ബൗണ്ടറി കണ്ടെത്തിയ ശേഷം അശ്വിൻ നടത്തിയ ആഘോഷ പ്രകടനവും, അത് കണ്ട് കൂളായി അശ്വിനിൽ പൂർണ്ണ കോൺഫിഡൻസുമായി സ്റ്റാൻഡിൽ ഇരുന്നിരുന്ന ക്യാപ്റ്റൻ സഞ്ജുവിന്റെ ദൃശ്യങ്ങളും ക്രിക്കറ്റ്‌ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

‘മിസ്റ്റർ യൂട്ടിലിറ്റി’ എന്നാണ് ഇയൻ ബിഷപ്പ് അശ്വിനെ വിശേഷിപ്പിച്ചത്. താൻ മൂലം ടീമിന് ഉപകാരമുണ്ടാവണം എന്ന പിടിവാശിയുള്ള ക്രിക്കറ്റർ.തനിക്ക് സ്വാഭാവികമായി വഴങ്ങുന്ന കല ബാറ്റിങ്ങാണെന്നും, ബോളിങ്ങ് ആർജ്ജിച്ചെടുത്ത സിദ്ധിയാണെന്നും അശ്വിൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഒരു നാച്ചുറൽ ബോളർ അല്ലാത്ത അശ്വിൻ പന്തുകൊണ്ട് മായാജാലം സൃഷ്ടിച്ചത് അവിശ്വസനീയമാണ്.

ചഹലും കുൽദീപും വന്നപ്പോൾ ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ടീമിലെ സ്ഥാനം കൈമോശം വന്നയാളാണ് അശ്വിൻ. ഫിംഗർസ്പിൻ കാലാഹരണപ്പെട്ട കലയാണ് എന്ന് വിശ്വസിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു. അങ്ങനെയുള്ളപ്പോൾ കരിയറിൻ്റെ സായാഹ്‌ന ഘട്ടത്തിൽ നിൽക്കുന്ന അശ്വിനെ രാജസ്ഥാൻ ലേലം വിളിച്ചെടുത്തപ്പോൾ ആരും കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല.ഇപ്പോൾ പന്തുകൊണ്ടും ബാറ്റുകൊണ്ടും അശ്വിൻ രാജസ്ഥാന് കരുത്താകുന്നു!അശ്വിന് പവർഹിറ്റിങ്ങ് അത്ര വഴങ്ങുമായിരുന്നില്ല. ഇപ്പോൾ അതും വികസിപ്പിച്ചെടുത്തിരിക്കുന്നു.നിരന്തരം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന,പരിശ്രമിയും ബുദ്ധിശാലിയുമായ ഒരു ക്രിക്കറ്റർ.

സഞ്ജു സാംസൺ ഫോമിലല്ലാത്തതും ജോസ് ബട്ട്‌ലർ തന്റെ ആക്രമണാത്മക റോളിനെ തടഞ്ഞുനിർത്തിയതും, ഒരു ബാറ്ററായി രവിചന്ദ്രൻ അശ്വിന്റെ റോൾ ഈ RR സജ്ജീകരണത്തിൽ നിർണായകമായി. മധ്യ ഓവറുകളിൽ ഡ്രോപ്പ്-ഇൻ ആങ്കറായിരുന്നു അദ്ദേഹം, പിന്നീട് ആവശ്യമെങ്കിൽ പലപ്പോഴും ആക്രമണാത്മക റോൾ ഏറ്റെടുത്തു.സ്റ്റോപ്പ്-ഗ്യാപ്പ് നമ്പർ.3 ആയും ഫ്ലോട്ടറായും അശ്വിൻ ഈ സീസണിൽ ബാറ്റ് ഉപയോഗിച്ച് ഡെലിവർ ചെയ്തു.

വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, കെയ്ൻ വില്യംസൺ, റുതുരാജ് ഗെയ്ക്‌വാദ്, മൊയിൻ അലി, ദേവദത്ത് പടിക്കൽ, കെയ്ൻ വില്യംസൺ, മായങ്ക് അഗർവാൾ, വെങ്കിടേഷ് അയ്യർ എന്നിവരെക്കാൾ മികച്ചതാണ് അദ്ദേഹത്തിന്റെ ശരാശരിയും സ്‌ട്രൈക്ക് റേറ്റും.ഇതാദ്യമായാണ് അശ്വിൻ ഒരു ഐപിഎൽ സീസണിൽ 100ൽ അധികം പന്തുകൾ ബാറ്റ് ചെയ്യുന്നത്. 30-ലധികം ശരാശരിയുള്ള അദ്ദേഹം സീസണിൽ ബാറ്റ് ഉപയോഗിച്ച് 146.4 എന്ന നിരക്കിൽ സ്‌ട്രൈക്ക് ചെയ്യുന്നു. നഥാൻ കൗൾട്ടർ-നൈലിന്റെ പരിക്കിന് ശേഷം ഒരു പ്രധാന ഓൾറൗണ്ടറെ കാണാതായതോടെ ടീമിന്റെ സന്തുലിതാവസ്ഥയിൽ വലിയ വിടവ് നികത്താൻ ഇതെല്ലാം രാജസ്ഥാനെ അനുവദിച്ചു.